മാധവ് ഗാഡ്ഗില്
“പശ്ചിമഘട്ടം തകർക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടി എടുത്തില്ലെങ്കിൽ കേരളത്തെ കാത്തിരിക്കുന്നത് വലിയദുരന്തമാണ്. അതിന് നിങ്ങൾ വിചാരിക്കുന്നതുപോലെ യുഗങ്ങളൊന്നും ആവശ്യമില്ല, നാലോ അഞ്ചോ വർഷം മതി. അന്ന് ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങൾക്കുതന്നെ മനസ്സിലാകും” മാധവ് ഗാഡ്‍ഗില്‍ പത്തുവര്‍ഷം മുമ്പ് പറഞ്ഞ വാചകങ്ങളാണിത്. പശ്ചിമഘട്ടത്തെയും അതിന്റെ കാവലാളായ ഡോ. മാധവ് ഗാഡ്ഗിലിനെയും വേർതിരിച്ചു കാണാൻ കഴിയില്ല. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണം എന്നതിന് ലോകത്തിന് മുന്നിൽ ഗാഡ്ഗിൽ വെച്ച ഏറ്റവും വലിയ പാഠമാണ് 'ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട്'.
ഭൂമിയിലെ ഏറ്റവും അപൂർവ്വമായ ജൈവവൈവിധ്യ മേഖലകളിൽ ഒന്നാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടം ഡെക്കാൻ പീഠഭൂമിയുടെ പടിഞ്ഞാറേ അരികിലൂടെ അറബിക്കടലിനോട് ചേർന്ന് നീണ്ടു കിടക്കുന്ന, ഇന്ത്യയിലെ പ്രധാനപ്പെട്ടതും ജൈവവൈവിധ്യ സമ്പന്നവുമായ ഒരു പർവതനിരയാണ് പശ്ചിമഘട്ടം. ലോകത്തിലെ എട്ട് 'ഹോട്ട് സ്‌പോട്ടുകളിൽ' ഒന്നാണിത്. ഏകദേശം 1,60,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടം, ഹിമാലയത്തേക്കാൾ പഴക്കമുള്ള മലനിരകളാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കർണാടക, തമിഴ്നാട്, കേരളം എന്നീ ആറ് സംസ്ഥാനങ്ങളിലൂടെയാണ് ഇത് കടന്നുപോകുന്നത്.
അയ്യായിരത്തിലധികം സസ്യവർഗ്ഗങ്ങളും നൂറുകണക്കിന് പക്ഷികളും മൃഗങ്ങളും ഇവിടെ വസിക്കുന്നുണ്ട്. ദക്ഷിണേന്ത്യയിലെ പ്രധാന നദികളായ കാവേരി, കൃഷ്ണ, ഗോദാവരി എന്നിവയുടെ ഉത്ഭവസ്ഥാനം ഇവിടെയാണ്. പശ്ചിമഘട്ടത്തിന്റെ തകർച്ച പഠിക്കാൻ ദേശീയ ഹരിത ട്രിബൂണലിന്റെ നിർദേശപ്രകാരം കേന്ദ്ര സർക്കാർ പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാൻ 2010ൽ പ്രഫസർ മാധവ് ഗാഡ്ഗിൽ ചെയർമാനായി പതിനാലംഗ സമിതി രൂപീകരിച്ചു.
പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം പരിസ്ഥിതി ലോലപ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അതിരുകൾ അടയാളപ്പെടുത്താനും പശ്ചിമഘട്ടം സംരക്ഷിക്കാനും പരിപാലിക്കാനും പുനരുജ്ജീവിപ്പിക്കാനും വേണ്ട മാർഗങ്ങള്‍ അറിയിക്കാനുമായിരുന്നു സമിതിക്കുള്ള നിര്‍ദേശം. ആ ചുമതല നിറവേറ്റി ഗാഡ്ഗില്‍ സമിതി 2011 സെപ്റ്റംബറിൽ റിപ്പോർട്ട് നല്‍കി. പശ്ചിമഘട്ടത്തെ പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കുന്നതായിരുന്നു ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ പ്രധാന ആവശ്യം. ഈ മേഖലയിലെ 142 താലൂക്കുകളെ മൂന്നുതരം പരിസ്ഥിതലോല സോണുകളായി നിശ്ചയിച്ചു.
പൊതുസ്ഥലം സ്വകാര്യ സ്ഥലമായി മാറ്റരുതെന്നും വനഭൂമി വനേതര ഭൂമിയാക്കി മാറ്റാനോ കൃഷിഭൂമി കാര്‍ഷികേതര ആവശ്യത്തിനായി ഉപയോഗിക്കാനോ പാടില്ലെന്നും ഗാഡ്ഗിൽ ശിപാർശ ചെയ്തു. അടിസ്ഥാനസൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തും മുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്നും പരിസ്ഥിതി സൗഹൃദമായി കെട്ടിടങ്ങള്‍ നിർമിക്കണമെന്നും പ്രകൃതിവിഭവങ്ങള്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍ പുതിയ കെട്ടിട നിർമാണരീതിയും ചട്ടവും വികസിപ്പിക്കണമെന്നും ശിപാർശകളിലുണ്ടായിരുന്നു.
ഖനനം, പുതിയ ഡാമുകള്‍, പുതിയ ജലവൈദ്യുത പദ്ധതികള്‍, പവര്‍ പ്ലാന്റുകള്‍ തുടങ്ങിയവയൊന്നും ഈ മേഖലകളില്‍ അനുവദിക്കരുതെന്നും ശിപാര്‍ശ ചെയ്തു. പരിസ്ഥിതി മന്ത്രാലയത്തിന് കീഴില്‍ പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കാനും കമ്മിറ്റി നിര്‍ദേശിച്ചു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ അപ്രായോഗികവും യാഥാര്‍ഥ്യബോധം ഇല്ലാത്തതുമാണെന്ന് ഭരണകൂടങ്ങള്‍ അടക്കം വാദിച്ചു.
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കിയാൽ വികസനം തടസ്സപ്പെടുമെന്നും ജനങ്ങളെ കുടിയൊഴിപ്പിക്കുമെന്നുമുള്ള തെറ്റായ പ്രചാരണങ്ങൾ അന്ന് ഉയർന്നിരുന്നു. ഇതിനെത്തുടർന്ന് റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാർ തയാറായില്ല. എന്നാൽ, സമീപകാലത്തുണ്ടായ അതിശക്തമായ പ്രളയങ്ങളും ഉരുൾപൊട്ടലുകളും ഗാഡ്ഗിൽ നൽകിയ മുന്നറിയിപ്പുകൾ ശരിവെക്കുന്നതായിരുന്നു. പ്രകൃതിയെ സംരക്ഷിച്ചില്ലെങ്കിൽ പ്രകൃതി നമുക്ക് തിരിച്ചടി നൽകും എന്ന അദ്ദേഹത്തിന്റെ വാക്കുകൾ ഇന്ന് നാം നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്നു.
അന്ന് ആ നിർദ്ദേശങ്ങൾ നാം അവഗണിച്ചു. പക്ഷേ സമീപകാലത്തുണ്ടായ വലിയ പ്രളയങ്ങളും വയനാട്ടിലുണ്ടായതുപോലുള്ള വൻ ഉരുൾപൊട്ടലുകളും ഗാഡ്ഗിൽ പറഞ്ഞ കാര്യങ്ങൾ എത്രത്തോളം ശരിയായിരുന്നുവെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രകൃതിയെ ചൂഷണം ചെയ്ത് നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കാലം തെളിയിച്ചു കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.