പുനെ: പാറ്റയെ കണ്ടാൽ വെപ്രാളപ്പെട്ട് ഓടിയൊളിക്കുന്ന ആളാണോ..! പേടിത്തൊണ്ടന്മാരായ നിങ്ങളോട് സങ്കടകരമായ ഒരു കാര്യം പറയാനുണ്ട്. ഇന്ത്യയിലെ ചില ശാസ്ത്രജ്ഞർ പുതിയൊരിനം പാറ്റയെക്കൂടി തേടി കണ്ടെത്തിയിരിക്കുന്നു..! പുനെയിലെ നതാച്ചിവടിയിലെ കൃഷിയിടങ്ങളിലെ കരിയിലക്കൂട്ടങ്ങൾക്കിടയിൽനിന്നും ഈന്തപ്പനച്ചെടികൾക്കിടയിൽനിന്നുമാണ് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ഈ വിരുതനെ പൊക്കിയത്. ഉടനെ ശാസ്ത്രലോകം ‘നിയോലോബോപ്റ്റീരിയ പെനിൻസുലാരിസ്’ എന്ന കിടിലൻ പേരും നൽകി. പേരുകേട്ട് ഞെട്ടേണ്ട, രൂപത്തിൽ അടുക്കളയിലെ സ്ഥിരം സന്ദർശകരെപ്പോലെ തന്നെയാണെങ്കിലും ഉപദ്വീപീയ ഇന്ത്യയിൽനിന്ന് കണ്ടെത്തിയ ഈ വിരുതന് ജനിതകമായി ഒട്ടേറെ സവിശേഷതകളുമുണ്ട്.
മറ്റുള്ളവയെ പോലെ കണ്ടെത്തൽ അത്ര എളുപ്പമായിരുന്നില്ലെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. കരിയിലകൾക്കിടയിലൂടെ മിന്നൽ വേഗത്തിൽ പായുന്ന ഇവനെ ഗവേഷകർ കഷ്ടപ്പെട്ട് കൈയിലാക്കിയത്. തുടർന്ന് 70 ശതമാനം എഥനോളിൽ സൂക്ഷിച്ചാണ് പുണെയിലെ ഗവേഷണ കേന്ദ്രത്തിലേക്ക് പരീക്ഷണത്തിനായി കൊണ്ടുപോയത്.
ശാസ്ത്രജ്ഞന്മാർ ഇത് പുറത്തുവിട്ടതിനു പിന്നാലെയാണ് ബഹുരസം..ഇന്ത്യയിലെ ഒട്ടുമിക്ക ആളുകളും പാറ്റപ്പേടി ഉള്ളവന്മാർ തന്നെ. സമൂഹമാധ്യമങ്ങളിൽ ഒരേ സമയം രസകരവും പേടി പ്രകടിപ്പിക്കുന്നതുമായ പ്രതികരണങ്ങളാണ് വന്നത്. അതിലെ രസകരമായ ചില കമന്റുകളാണ് ഇവ;
ന്യൂ ഫിയർ അൺലോക്ക്ഡ് എന്നാണ് ഒരാൾ പങ്കുവെച്ചിരിക്കുന്നത്. ഞങ്ങളെ പേടിപ്പിക്കാൻ ദൈവം ഒരു പുതിയ സാധനത്തെക്കൂടി ഭൂമിയിലേക്ക് ഇറക്കി വിട്ടിട്ടുണ്ട്, ‘ഇത് 'സ്പെഷൽ ഗ്രേഡ് ശാപം’, ‘ഫ്രിഡ്ജിന്റെ അടിയിൽ പണ്ടുമുതലേ കിടക്കുന്ന പാറ്റയെ കണ്ടുപിടിക്കാൻ ഇപ്പോൾ ഡി.എൻ.എ ടെസ്റ്റ് വരെ വേണമല്ലേ? ഇതാ യഥാർഥ ഇന്നോവേഷൻ!’ എന്നൊക്കെയാണ് രസകരമായ മറ്റു പ്രതികരണങ്ങൾ. ‘പുനെയിൽ നിന്നല്ലേ കിട്ടിയത്, ഇതിന് മറാത്തിയും സംസാരിക്കാൻ അറിയുമായിരിക്കും’ എന്ന് മറ്റൊരാൾ പങ്കുവെച്ചു.
ഇന്ത്യൻ ശാസ്ത്രചരിത്രത്തിൽ ആദ്യമായി പാരമ്പര്യ ശരീരശാസ്ത്ര പഠനത്തിനൊപ്പം ആധുനിക ഡി.എൻ.എ ബാർകോഡിങ് വിദ്യകൂടി ഉപയോഗിച്ചാണ് ഇതൊരു പുതിയ വർഗമാണെന്ന് ഉറപ്പിച്ചത്. സാധാരണ കണ്ണുകൾക്ക് പിടികിട്ടാത്ത ജനിതക മാറ്റങ്ങളാണ് ഈ സാങ്കേതികവിദ്യയിലൂടെ കണ്ടെത്തിയത്.
ലോകത്താകെ ഈ വിഭാഗത്തിൽ വെറും ആറ് പാറ്റകളേയുള്ളൂ. ഇന്ത്യയിലാണെങ്കിൽ 1995ന് ശേഷം ആദ്യമായാണ് ഈ വിഭാഗത്തിൽ ഒരു പാറ്റയെ മാത്രമാണ് കണ്ടെത്തുന്നത്. എന്തായാലും കരിയിലകളെ ദ്രവിപ്പിച്ച് മണ്ണിന് വളമാക്കുന്ന പണിയാണ് കക്ഷിക്ക്. അതുകൊണ്ട് വീട്ടിലെ ഫ്രിഡ്ജിന്റെ അടിയിൽ കാണുന്നവരെപ്പോലെ ഇവൻ അത്ര ഉപദ്രവകാരിയല്ലെന്നാണ് ഗവേഷകർ നൽകുന്ന ആശ്വാസം..
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.