'ഉമിത്' എന്ന പെൺകടുവയെ വനത്തിലെക്ക് തുറന്നുവിട്ടപ്പോൾ
1948-ൽ ഇലി നദിക്കും ബാല്ഖാഷ് തടാകത്തിനും സമീപമാണ് കസാഖിസ്താനിൽ അവസാനമായി ഒരു കടുവയെ രേഖപ്പെടുത്തിയത്. ഒരുകാലത്ത് തദ്ദേശീയമായ കാസ്പിയൻ അഥവാ തുറാൻ കടുവകളുടെ പ്രധാന ആവാസകേന്ദ്രമായിരുന്നു കസാഖിസ്താൻ. എന്നാൽ മനുഷ്യന്റെ വേട്ടയാടലും ഇരകളുടെ കുറവും മൂലം ഇവക്ക് സ്വന്തം ആവാസഭൂമിയിൽ നിന്ന് വംശനാശം സംഭവിച്ചു.
അങ്ങനെ ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം കസാഖിസ്താനിൽ നിന്ന് പൂർണമായും അപ്രത്യക്ഷമായ കടുവ വർഗം വീണ്ടും രാജ്യത്തിന്റെ വനങ്ങളിലേക്ക് തിരിച്ചെത്തുന്നു. ദീർഘകാല ശാസ്ത്രീയ പഠനങ്ങൾക്കും അന്താരാഷ്ട്ര സഹകരണത്തിനും ശേഷമാണ് അമൂർ വർഗത്തിൽപ്പെട്ട 'ഉമിത്' എന്ന പെൺകടുവയെ ഐൽ-ബാൽഖാഷ് വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ടത്.
ഒരുകാലത്ത് മധ്യേഷ്യയിലുടനീളം വ്യാപിച്ചുകിടന്നിരുന്ന കാസ്പിയൻ കടുവ 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പൂർണമായും ഇല്ലാതായി. സൈനികരുടെ വ്യാപകമായ വേട്ട, കൃഷിക്കായി വനനശീകരണം, കടുവകളുടെ പ്രധാന ഇരകളായ കാട്ടുപന്നി, മാൻ തുടങ്ങിയ ജീവികളുടെ എണ്ണക്കുറവ്, ആവാസ വ്യവസ്ഥ നശിപ്പിക്കപ്പെട്ടത് എന്നിവയാണ് വംശനാശത്തിന് പ്രധാന കാരണങ്ങളായി കണക്കാക്കപ്പെടുന്നത്.
കാസ്പിയൻ കടുവ
1960-കളുടെ മധ്യത്തോടെ കടുവയെ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റിലും ഉൾപ്പെടുത്തി. 2009 ൽ അന്താരാഷ്ട്ര ശാസ്ത്രജ്ഞർ നടത്തിയ ജനിതക പഠനം നിർണായകമായ ഒരു കണ്ടെത്തലിലേക്ക് നയിച്ചു. മ്യൂസിയങ്ങളിൽ സൂക്ഷിച്ചിരുന്ന കാസ്പിയൻ കടുവകളുടെ ഡി.എൻ.എ സാമ്പിളുകൾ റഷ്യയിലെ അമൂർ കടുവകളുമായി താരതമ്യം ചെയ്തപ്പോൾ, രണ്ടും ജനിതകപരമായി ഒരേ ഇനമാണെന്ന് കണ്ടെത്തി. അതോടെ കസാഖിസ്താനിൽ കാസ്പിയൻ കടുവയെ പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായി 'അമൂർ കടുവ പുനരുജ്ജീവന പദ്ധതി'ലെക്ക് രാജ്യം എത്തി.
കടുവകളെ വെറുതെ വനത്തിലേക്ക് വിടാനാകില്ലെന്നതിനാൽ, അനുയോജ്യമായ ആവാസവ്യവസ്ഥ, ഇരമൃഗങ്ങളുടെ ലഭ്യത, കാലാവസ്ഥ, മനുഷ്യവാസ കേന്ദ്രങ്ങളുമായുള്ള അകലം, വനത്തിന്റെ വലിപ്പം എന്നിവയെക്കുറിച്ച് വർഷങ്ങളോളം പഠനം നടത്തി. ഈ പഠനങ്ങളുടെ അടിസ്ഥാനത്തിൽ കടുവ പുനരവതരണ പദ്ധതി തയ്യാറാക്കി.
ഉമിത്തിനൊപ്പം കസാഖിസ്താനിലെത്തിച്ച മറ്റൊരു പ്രായപൂർത്തിയായ ആൺകടുവയായ 'അമൂർ' ഇപ്പോഴും പ്രത്യേക സംരക്ഷണ കേന്ദ്രത്തിലാണ്. സ്വാഭാവികമായ വേട്ടയാടൽ കഴിവും മനുഷ്യരിൽ നിന്ന് അകലം പാലിക്കുന്ന സ്വഭാവവും പൂർണമായി തെളിയിച്ച ശേഷമേ അതിനെയും വനത്തിലേക്ക് വിടൂ. അതേസമയം 'തുറാൻ', 'ഉസ്സൂരി' എന്നീ രണ്ട് കുഞ്ഞുകടുവകൾക്ക് കുറഞ്ഞത് 18 മാസം പ്രായമാകുന്നതുവരെ പ്രത്യേക വളർത്തൽ കേന്ദ്രത്തിൽ തുടരും.
കടുവകളെ തിരികെ കൊണ്ടുവരുന്നതിലെ ഏറ്റവും വലിയ വെല്ലുവിളി മനുഷ്യരുമായി സംഘർഷം ഒഴിവാക്കുകയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതിനാൽ കസാഖിസ്താൻ ഇതിനായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. വനത്തിലേക്ക് വിടുന്ന ഓരോ കടുവക്കും സാറ്റലൈറ്റ്, റേഡിയോ കോളറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ അവയുടെ സ്ഥാനം 24 മണിക്കൂറും നിരീക്ഷിക്കും.
ഒരു കടുവ ജനവാസ മേഖലയിലേക്ക് നീങ്ങിയാൽ ഉടൻ ഇടപെടാൻ പ്രത്യേക ആന്റി-കോൺഫ്ലിക്റ്റ് ടീം സജ്ജമാണ്. കടുവ ഗ്രാമത്തിന്റെയോ വീടിന്റെയോ അഞ്ച് കിലോമീറ്റർ പരിധിക്കുള്ളിൽ എത്തിയാൽ പ്രദേശവാസികൾക്ക് ഉടൻ മുന്നറിയിപ്പ് സന്ദേശം ലഭിക്കും. കടുവകൾ വളർത്തുമൃഗങ്ങളെ ആക്രമിച്ചാൽ കർഷകർക്ക് സാമ്പത്തിക നഷ്ടം സംഭവിക്കാതിരിക്കാനായി പ്രത്യേക നഷ്ടപരിഹാര പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.
കസാഖിസ്താനെ സംബന്ധിച്ചിടത്തോളം ഇത് ഒരു കടുവയുടെ തിരിച്ചുവരവ് മാത്രമല്ല. എഴുപത് വർഷങ്ങൾക്ക് മുമ്പ് നഷ്ടമായ പ്രകൃതിയുടെ സന്തുലിതാവസ്ഥയും വനത്തിന്റെ പരമോന്നത വേട്ടക്കാരനെയും തിരികെ കൊണ്ടുവരാനുള്ള വലിയൊരു പരിസ്ഥിതി ദൗത്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.