അസം പ്രളയം: മരണസംഖ്യ 82 ആയി; 1.78 ലക്ഷം പേർ ദുരിതത്തിൽ

ഗുവാഹത്തി: അസം സംസ്ഥാനത്ത് കനത്ത മഴയെ തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും സൃഷ്ടിച്ച ദുരന്തത്തിൽ മരണസംഖ്യ 82 ആയി ഉയർന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ  ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏഴ് ജില്ലകളിലായി ഏകദേശം 1.78 ലക്ഷം പേർ ഇപ്പോഴും പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കുകയാണ്. ചില മേഖലകളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും നിരവധി ഗ്രാമങ്ങൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്.

പ്രളയബാധിതർക്കായി സംസ്ഥാന സർക്കാർ വിവിധ ജില്ലകളിൽ ദുരിതാശ്വാസ ക്യാമ്പുകളും രക്ഷാകേന്ദ്രങ്ങളും പ്രവർത്തിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഭക്ഷണം, കുടിവെള്ളം, മരുന്ന്, ശുചിത്വ സാമഗ്രികൾ എന്നിവ ക്യാമ്പുകളിൽ എത്തിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. സംസ്ഥാന ദുരന്തനിവാരണ സേന, ദേശീയ ദുരന്തനിവാരണ സേന, സൈന്യം, വ്യോമസേന, പ്രാദേശിക ഭരണകൂടം എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട നിരവധി ഗ്രാമങ്ങളിൽ ബോട്ടുകളും മറ്റും  ഉപയോഗിച്ച് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന പ്രവർത്തനം തുടരുകയാണ്. പ്രളയത്തിൽ വീടുകൾ, റോഡുകൾ, പാലങ്ങൾ, വൈദ്യുതി-ജലവിതരണ സംവിധാനങ്ങൾ എന്നിവക്ക് വ്യാപക നാശനഷ്ടമുണ്ടായി. ആയിരക്കണക്കിന് ഹെക്ടർ കൃഷിയിടങ്ങൾ വെള്ളത്തിനടിയിലായതോടെ കാർഷിക മേഖലക്കും വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കന്നുകാലി നഷ്ടവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസത്തിനുമായി 379 കോടി രൂപയുടെ കേന്ദ്രസഹായം അനുവദിച്ചിട്ടുണ്ട്. പ്രളയത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ കുറക്കുന്നതിനായി ബ്രഹ്മപുത്ര നദിയിലെ മണ്ണാെലിപ്പ്, വെള്ളപ്പൊക്കം എന്നിവ ശാസ്ത്രീയമായി പഠിക്കാൻ ഐ.ഐ.ടി ഗുവാഹത്തിയുമായി സഹകരിച്ച് പദ്ധതികൾ നടപ്പാക്കുമെന്ന് അസം സർക്കാർ അറിയിച്ചു. 

അതേസമയം, കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ വിതരണവും യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണ്.

Tags:    
News Summary - അസമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 82 ആയി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.