ഗ്ലോ തടാകത്തിന് റാംസർ അംഗീകാരം

ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ കാംലാങ് ടൈഗർ റിസർവിന്റെയും വന്യജീവി സങ്കേതത്തിന്റെയും ഹൃദയഭാഗത്തുള്ള ഗ്ലോ  തടാകം രാജ്യത്തെ 101-ാമത്തെ റാംസർ സൈറ്റായി പ്രഖ്യാപിച്ചു. ഇതോടെ റാംസർ സൈറ്റ് പദവി നേടുന്ന അരുണാചൽ പ്രദേശിലെ ആദ്യ ശുദ്ധജല തടാകമെന്ന നേട്ടം ഗ്ലോ തടാകം സ്വന്തമാക്കി. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവാണ് ഈ പ്രഖ്യാപനം നടത്തിയത്.

കിഴക്കൻ ഹിമാലയ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗ്ലോ തടാകം സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,168 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ജൈവവൈവിധ്യത്താ‍ൽ സമ്പന്നമായ ഈ പ്രദേശം അപൂർവ സസ്യജാലങ്ങൾ, ദേശാടന-പ്രാദേശിക പക്ഷികൾ, വിവിധ ജലജീവികൾ എന്നിവയുടെ ആവാസകേന്ദ്രമാണ് ഈ തടാകം.

അപൂർവമായ പർവത തണ്ണീർത്തട പരിസ്ഥിതിയുടെ ഭാഗമാണ് ഗ്ലോ തടാകത്തിനും അതിന്റെ പരിസര പ്രദേശങ്ങളിലുമായി 150-ലധികം സസ്യവർഗങ്ങളും 49 ഓർക്കിഡ് ഇനങ്ങളും കണ്ടെത്തിയിട്ടുണ്ട്.  കൂടാതെ പ്രദേശത്തെ ജലസ്രോതസുകളുടെ സംരക്ഷണത്തിനും കാലാവസ്ഥാ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഈ തണ്ണീർത്തടം നിർണായക പങ്ക് വഹിക്കുന്നുണ്ട്.

റാംസർ പദവി ലഭിച്ചതോടെ ഗ്ലോ തടാകത്തിന്റെ പരിസ്ഥിതി പ്രാധാന്യം ആഗോളതലത്തിലും അംഗീകരിക്കപ്പെട്ടു. ഈ അംഗീകാരം ജൈവവൈവിധ്യ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും ജലസുരക്ഷയും കാലാവസ്ഥാ സുരക്ഷയും ഉറപ്പാക്കുന്നതിനും പ്രദേശവാസികളുടെ സുസ്ഥിര ഉപജീവനമാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സഹായകരമാകുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

1971-ൽ ഇറാനിലെ റാംസർ നഗരത്തിൽ രൂപംകൊണ്ട റാംസർ കൺവെൻഷൻ പ്രകാരം അന്താരാഷ്ട്ര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങൾക്കാണ് റാംസർ പദവി നൽകുന്നത്. ഇത്തരം പ്രദേശങ്ങളുടെ സംരക്ഷണത്തിനും ശാസ്ത്രീയ പരിപാലനത്തിനും സുസ്ഥിര ഉപയോഗത്തിനുമുള്ള ആഗോള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ അംഗീകാരം. ഗ്ലോ തടാകം കൂടി പട്ടികയിൽ ഉൾപ്പെട്ടതോടെ  ഇന്ത്യയിലെ റാംസർ സൈറ്റുകളുടെ എണ്ണം 101 ആയി. 

Tags:    
News Summary - ഗ്ലോ തടാകത്തിന് റാംസർ അംഗീകാരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.