ആരവല്ലി കുന്നുകൾ

'ശാസ്ത്രീയ അടിത്തറയില്ലാത്ത നയങ്ങൾ മാറ്റണം'; രാജസ്ഥാൻ ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ ആരവല്ലി ഹിൽ പോളിസി വീണ്ടും ചർച്ചയിൽ

ജയ്പൂർ: രാജസ്ഥാനിലെ വിഖ്യാതമായ ആരവല്ലി കുന്നുകളുടെ സംരക്ഷണവും സർക്കാരിന്റെ നയങ്ങളും വീണ്ടും നിയമപോരാട്ടങ്ങളിലേക്ക്. ഉദയ്പൂരിലെ കുന്നുകൾ വ്യാപകമായ കൈയേറ്റത്തിനും നിർമ്മാണങ്ങൾക്കും ഇരയായി നാശത്തിന്റെ വക്കിലാണെന്ന് നിരീക്ഷിച്ച രാജസ്ഥാൻ ഹൈക്കോടതി, സംസ്ഥാന സർക്കാരിന്റെ 'ഹിൽ പോളിസി'ക്കെതിരെ (Hill Policy) രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഹോട്ടൽ നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ വാണിജ്യ താൽപ്പര്യങ്ങൾക്കായി പരിസ്ഥിതിലോല മേഖലകൾ അടിയറ വെക്കുന്നുവെന്ന വലിയ ചർച്ചയാണ് സംസ്ഥാനത്ത് വീണ്ടും സജീവമായിരിക്കുന്നത്.

ഉദയ്പൂരിലെ തടാകങ്ങളും കുന്നുകളും വന്യജീവി സങ്കേതങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് 2018-ൽ രാജസ്ഥാൻ സർക്കാർ ആദ്യമായി ഹിൽ പോളിസി കൊണ്ടുവരുന്നത്. ടൂറിസത്തിന്റെ വളർച്ചയ്ക്കൊപ്പം ഹോട്ടലുകളും റിസോർട്ടുകളും വ്യാപകമായതോടെ, സുസ്ഥിര വികസനം മുൻനിർത്തി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാൽ ഈ നയം പരിസ്ഥിതിലോല മേഖലകളിൽ വലിയ തോതിൽ നിർമ്മാണങ്ങൾക്ക് അനുമതി നൽകുകയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ആദ്യമേ ചൂണ്ടിക്കാണിച്ചിരുന്നു. പരിസ്ഥിതി, വന്യജീവി, മലിനീകരണ നിയന്ത്രണ ബോർഡ് തുടങ്ങിയ വിദഗ്ദ്ധ സമിതികളെയൊന്നും കൂടിയാലോചിക്കാതെ, ചില സ്വകാര്യ ഏജൻസികളാണ് 2018-ലെ നയം തയ്യാറാക്കിയതെന്ന ഹൈക്കോടതിയുടെ കണ്ടെത്തൽ ഇപ്പോൾ വലിയ വിവാദത്തിന് തിരികൊളുത്തിയിട്ടുണ്ട്.

2024-ലെ ഭേദഗതികളും ആശങ്കകളും

വർഷങ്ങളായി തുടരുന്ന നിയമപോരാട്ടങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ 2024-ൽ സർക്കാർ പുതിയ ഹിൽ പോളിസി കൊണ്ടുവന്നുവെങ്കിലും കാര്യങ്ങൾ അനുകൂലമായില്ല. 2018-ലെ ചട്ടപ്രകാരം അനുമതി വാങ്ങി നിർമ്മാണം തുടങ്ങിയ ഹോട്ടൽ ഉടമകൾ പുതിയ നയം മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതോടെയാണ് പുതിയ നിയമപ്രശ്നങ്ങൾ ഉടലെടുത്തത്.

മറുവശത്ത്, 'ജീൽ സംരക്ഷൺ സമിതി' പോലുള്ള പരിസ്ഥിതി സംഘടനകൾ 2024-ലെ പുതിയ നയത്തെയും എതിർത്ത് രംഗത്തുണ്ട്. നഗരപരിധിക്കുള്ളിലെ കുന്നുകളിൽ മാത്രം ഒതുങ്ങുന്നതാണ് ഈ നയമെന്നും, ഗ്രാമീണ മേഖലകളിലെ ആവാസവ്യവസ്ഥകൾ ഇതിന്റെ പരിധിയിൽ വരുന്നില്ലെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ശാസ്ത്രീയ അടിത്തറയില്ലാത്ത ഇത്തരം നയങ്ങൾ മാറ്റണമെന്നും സംസ്ഥാനതലത്തിൽ ഹിൽ കൺസർവേഷൻ അതോറിറ്റി രൂപീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

കുന്നുകൾ ഇടിച്ചുനിരത്തി കൂറ്റൻ ഹോട്ടലുകളും റിസോർട്ടുകളും നിർമ്മിക്കുന്നത് ഉദയ്പൂരിന്റെ പ്രകൃതിദത്ത ജലസ്രോതസ്സുകളെ സാരമായി ബാധിക്കുന്നുണ്ട്. ഇത് തടാകങ്ങളിലേക്കുള്ള നീരൊഴുക്ക് തടസ്സപ്പെടുത്തുകയും ഭൂഗർഭജലനിരപ്പ് കുറയാൻ ഇടയാക്കുകയും ചെയ്യും. പുള്ളിപ്പുലികൾ ഉൾപ്പെടെയുള്ള വന്യജീവികളുടെ ആവാസവ്യവസ്ഥ തകരുന്നതിനും കാട്ടുചോലകളുടെ നാശത്തിനും ഇത് കാരണമാകുന്നുവെന്നും ആക്ഷേപമുണ്ട്.

പരിസ്ഥിതി സംരക്ഷണവും വികസനവും തമ്മിലുള്ള സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിൽ സർക്കാരുകൾ പരാജയപ്പെടുന്നുവെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഇരു നയങ്ങളുടെയും പൂർണ്ണ രേഖകളും അവ തയ്യാറാക്കിയവരുടെ വിവരങ്ങളും ഹാജരാക്കാൻ ഉത്തരവിട്ടു. ഉദയ്പൂരിന്റെ പാരിസ്ഥിതിക നിലനിൽപ്പ് മുൻനിർത്തി കോടതി സ്വമേധയാ പൊതുതാൽപ്പര്യ ഹരജി പരിഗണിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് സൂചന. സംസ്ഥാനത്തെ ആരവല്ലി നിരകളുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമായി മാറുന്നതാണ് കോടതിയുടെ പുതിയ ഇടപെടൽ.

Tags:    
News Summary - 'ശാസ്ത്രീയ അടിത്തറയില്ലാത്ത നയങ്ങൾ മാറ്റണം'; രാജസ്ഥാൻ ഹൈക്കോടതിയുടെ വിമർശനത്തിന് പിന്നാലെ ആരവല്ലി ഹിൽ പോളിസി വീണ്ടും ചർച്ചയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.