ഗൂഗ്ൾ-അദാനി കൈക്കോർക്കുന്നു:15 ബില്യൺ ഡോളറിന്‍റെ ഡാറ്റാ സെന്റർ പദ്ധതി; ജലക്ഷാമവും വന്യജീവി സംരക്ഷണവും ആശങ്കയി‍ൽ

വിശാഖപട്ടണം:  ഇന്ത്യയിൽ ഗൂഗ്ൾ നടപ്പാക്കുന്ന ഏറ്റവും വലിയ നിക്ഷേപ പദ്ധതികളിലൊന്നായ 15 ബില്യൺ ഡോളർ (ഏകദേശം 1.3 ലക്ഷം കോടി) ചെലവിലുള്ള ഡാറ്റാ സെന്റർ വികസന പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവർത്തകരുടെയും പ്രദേശവാസികളുടെയും പ്രതിഷേധം ശക്തമാകുന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് അദാനി ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ ജലലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നും സമീപത്തെ വന്യജീവി സങ്കേതത്തിന് ഭീഷണിയാകുമെന്നും ചൂണ്ടിക്കാട്ടി പ്രതിഷേധങ്ങളും നിയമനടപടികളും പുരോഗമിക്കുകയാണ്.

 മലഞ്ചെരിവ് നിരപ്പാക്കി പദ്ധതി നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഖ്യകക്ഷി ഭരിക്കുന്ന ആന്ധ്രാപ്രദേശ് സർക്കാർ ഈ പദ്ധതിയെ സംസ്ഥാനത്തിന്റെ വികസനത്തിന് നിർണായകവും ചരിത്രപരവുമായ നിക്ഷേപമായാണ് വിശേഷിപ്പിക്കുന്നത്.

എന്നാൽ, വിശാഖപട്ടണം ഇതിനകം തന്നെ ഗുരുതരമായ ജലക്ഷാമം നേരിടുന്ന നഗരമാണ്. നഗരത്തിൽ പ്രതിദിനം ഏകദേശം 70 ദശലക്ഷം ലിറ്റർ കുടിവെള്ളത്തിന്റെ കുറവുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. ഡാറ്റാ സെന്ററുകൾ പ്രവർത്തിപ്പിക്കുന്നതിനായി സെർവറുകൾ തണുപ്പിക്കാൻ വലിയ അളവിൽ വെള്ളം ആവശ്യമായി വരും. അതിനാൽ, പദ്ധതി നിലവിലുള്ള ജലപ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ മുന്നറിയിപ്പ്.

പദ്ധതി പ്രദേശം കംബാലകൊണ്ട വന്യജീവി സങ്കേതത്തിൽ നിന്ന് ഏകദേശം 860 മീറ്റർ മാത്രം അകലെയാണ്.  നിരവധി വന്യജീവികളുടെയും പക്ഷികളുടെയും  ആവാസ കേന്ദ്രമാണ്. നിർമാണ പ്രവർത്തനങ്ങളും പിന്നീട് ഡാറ്റാ സെന്ററിന്റെ പ്രവർത്തനങ്ങളും മൂലമുണ്ടാകുന്ന ശബ്ദം, വെളിച്ചം, വാഹനഗതാഗതം എന്നിവ വന്യജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിശാഖപട്ടണത്തിൽ വിദ്യാർത്ഥികളും സാമൂഹിക പ്രവർത്തകരും ഉൾപ്പെടെയുള്ളവർ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നു. "We Cannot Drink DATA" (ഡാറ്റ കുടിച്ച് ജീവിക്കാനാവില്ല) എന്നെഴുതിയ ബാനറുകളുമായും ഗൂഗ്ൾ ലോഗോയിൽ കൈവിലങ്ങ് വരച്ച പോസ്റ്ററുകളുമായും  പ്രതിഷേധിച്ചു. പ്രാദേശിക പരിസ്ഥിതി സംഘടനയായ ഗ്രീൻ വിശാഖയുടെ നേതൃത്വത്തിൽ നടന്ന പൊതുയോഗത്തിൽ വീടുതോറും ബോധവത്കരണ ക്യാമ്പയിനുകളും കടൽത്തീര പ്രതിഷേധങ്ങളും സംഘടിപ്പിക്കാനും തീരുമാനമായി.

അതേസമയം, എല്ലാ നിയമനടപടികളും പാലിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് ആന്ധ്രാപ്രദേശ് സർക്കാർ. പ്രതിഷേധക്കാരുടെ ആരോപണങ്ങൾ തെറ്റായതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് സർക്കാർ  വ്യക്തമാക്കുന്നത്. എന്നിരുന്നാലും ജനങ്ങളുടെ അഭിപ്രായങ്ങൾ കേൾക്കാനും യഥാർത്ഥ ആശങ്കകൾ ഉണ്ടെങ്കിൽ അവ പരിഹരിക്കാനും സർക്കാർ തയ്യാറാണെന്നും അറിയിച്ചു. പദ്ധതിയിലൂടെ ഏകദേശം 1.88 ലക്ഷം തൊഴിലവസരങ്ങൾ നേരിട്ടും പരോക്ഷമായും സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്.

ഗൂഗ്ളും പരിസ്ഥിതി ആഘാതം പരമാവധി കുറക്കാൻ ശ്രമിക്കുകയാണെന്ന് പ്രതികരിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ജല ഉപഭോഗം കുറക്കുന്ന ആധുനിക കൂളിങ് സാങ്കേതികവിദ്യകൾ, ഊർജക്ഷമമായ സംവിധാനങ്ങൾ, ശബ്ദ മലിനീകരണം നിയന്ത്രിക്കുന്ന സാങ്കേതികവിദ്യകൾ എന്നിവ ഉപയോഗിക്കുമെന്ന് കമ്പനി അറിയിച്ചു.

 ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ നിന്ന് വെള്ളം ഉപയോഗിക്കുന്നതിന്റെ പ്രത്യാഘാതം പഠിക്കാതെയാണ് സർക്കാർ അനുമതി നൽകിയതെന്ന് ആരോപിച്ച് ഹ്യൂമൻ റൈറ്റ്സ് ഫോറം ദേശീയ ഹരിത ട്രൈബ്യൂണലിൽ ഹരജി നൽകിയിട്ടുണ്ട്.

'ജൽ ബിരാദരി'എന്ന സംഘടന പദ്ധതി സമീപ ജലസംഭരണികളെ അമിത സമ്മർദ്ദത്തിലാക്കുമെന്ന് ആരോപിച്ച് പൊതുതാൽപര്യ ഹരജി സമർപ്പിച്ചിട്ടുണ്ട്. ഇതിൽ  ഹൈകോടതി സർക്കാരിനോട് വിശദീകരണവും തേടിയിട്ടുണ്ട്.  ഓഗസ്റ്റ് 24-ന് വീണ്ടും പരിഗണിക്കും. അതുവരെ പ്രതിഷേധവും ബോധവത്കരണ പരിപാടികളും തുടരുമെന്ന് പരിസ്ഥിതി സംഘടനകൾ അറിയിച്ചിട്ടുണ്ട്. 

Tags:    
News Summary - ഇന്ത്യയിൽ ഗൂഗ്ളിന്‍റെ 15 ബില്യൺ ഡോളറിന്‍റെ ഡാറ്റാ സെന്റർ പദ്ധതി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.