ഖനന തേനീച്ച

ന്യൂയോർക്കിലെ സെമിത്തേരിക്ക് താഴെ 55 ലക്ഷം തേനീച്ചകൾ; ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലിയ കോളനിയെന്ന് ഗവേഷകർ

ന്യൂയോർക്ക്: ഭൂമിയിൽ വസിക്കുന്ന തേനീച്ചകളുടെ ഏറ്റവും വലിയ കൂട്ടങ്ങളിലൊന്ന് ന്ന് ന്യൂയോർക്കിലെ ഒരു സെമിത്തേരിയിൽ നിന്ന് കണ്ടെത്തി. ഏകദേശം 55 ലക്ഷത്തോളം തേനീച്ചകൾ വസിക്കുന്ന ഈ കൂറ്റൻ കോളനിയെ കുറിച്ചുള്ള വാർത്ത ശാസ്ത്രലോകത്തെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്. ഇത്താക്ക എന്ന സ്ഥലത്തെ ഈസ്റ്റ് ലോൺ സെമിത്തേരിയിലാണ് ഈ അപൂർവ്വ പ്രതിഭാസം ഗവേഷകർ കണ്ടെത്തിയത്.

'ആൻഡ്രീന റെഗുലാരിസ്' (Andrena regularis) എന്ന് ശാസ്ത്രീയമായി അറിയപ്പെടുന്ന ഒരുതരം ഖനന തേനീച്ചകളാണ് ഇവിടെയുള്ളത്. മണ്ണിൽ മാളങ്ങളുണ്ടാക്കി വസിക്കുന്ന ഇവ തനിച്ചു ജീവിക്കാൻ ഇഷ്ടപ്പെടുന്നവയാണ്. എങ്കിലും, പ്രജനനത്തിനും മറ്റുമായി ഇവ കൂട്ടമായി ഒരിടത്ത് ഒത്തുകൂടാറുണ്ട്. വിളകളുടെയും കാട്ടുചെടികളുടെയും പരാഗണത്തിൽ നിർണ്ണായക പങ്കുവഹിക്കുന്ന ഈ തേനീച്ചകൾ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ വലിയൊരു പങ്കാണ് വഹിക്കുന്നത്.

വസന്തകാലത്ത് കോർണൽ സർവ്വകലാശാലയിലെ എന്‍റമോളജി ലാബിൽ ജോലി ചെയ്തിരുന്ന റേച്ചൽ ഫോർഡൈസ് എന്ന യുവതിയാണ് യാദൃച്ഛികമായി സെമിത്തേരിയിലൂടെ നടക്കുമ്പോൾ വലിയൊരു തേനീച്ചക്കൂട്ടത്തെ ശ്രദ്ധിച്ചത്. ഉടൻ തന്നെ അവർ ചില തേനീച്ചകളെ സാമ്പിളുകളായി ശേഖരിച്ച് സർവ്വകലാശാലയിലെ പ്രൊഫസറായ ബ്രയാൻ ഡാൻഫോർത്തിനെ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പഠനങ്ങളിലാണ് ഇതൊരു വലിയ കോളനിയാണെന്ന് സ്ഥിരീകരിച്ചത്.

ഗവേഷകരുടെ കണക്കുകൂട്ടൽ പ്രകാരം, 1.5 ഏക്കറിലധികം പരന്നുകിടക്കുന്ന സെമിത്തേരിയിലാണ് ഈ കോളനി സ്ഥിതി ചെയ്യുന്നത്. ഏകദേശം നൂറിലധികം വർഷങ്ങളായി ഈ കോളനി ഇവിടെ നിലനിൽക്കുന്നുണ്ടെന്നാണ് നിഗമനം. ഇവിടുത്തെ തേനീച്ചകളുടെ എണ്ണം ഏകദേശം 30 ലക്ഷം മുതൽ 80 ലക്ഷം വരെ വരാം. ശരാശരി കണക്കാക്കിയാൽ അത് 55 ലക്ഷത്തോളമാണ്.

200 തേനീച്ചക്കൂടുകളിൽ ഉള്ളതിനേക്കാൾ കൂടുതൽ തേനീച്ചകൾ ഇവിടെയുണ്ട്. മാൻഹട്ടനിലെ മനുഷ്യ ജനസംഖ്യയേക്കാൾ മൂന്നിരട്ടിയിലധികമാണ് ഇവിടെയുള്ള തേനീച്ചകളുടെ എണ്ണം. തേനീച്ചകളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താൻ 'എമർജൻസ് ട്രാപ്പുകൾ' എന്ന സാങ്കേതികവിദ്യയാണ് ഗവേഷകർ ഉപയോഗിച്ചത്. ചെറിയ വലകൾ കൊണ്ട് നിർമിച്ച കൂടാരങ്ങൾ പോലെ പ്രവർത്തിക്കുന്ന ഇവ മണ്ണിലെ ചെറിയൊരു ഭാഗത്ത് സ്ഥാപിച്ച്, പുറത്തുവരുന്ന തേനീച്ചകളെ ശേഖരിക്കുന്നു. പഠനത്തിൽ മറ്റ് കീടങ്ങളെക്കൂടാതെ ആയിരക്കണക്കിന് ആൻഡ്രീന റെഗുലാരിസ് തേനീച്ചകളെ ഗവേഷകർക്ക് ലഭിച്ചു.

'അപിഡോളജി' എന്ന ശാസ്ത്ര ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ഇത്തരത്തിലുള്ള വലിയ കോളനികൾ ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, രേഖപ്പെടുത്തപ്പെട്ടവയിൽ വെച്ച് ഏറ്റവും വലിയ കോളനികളിൽ ഒന്നാണിതെന്ന് മുഖ്യ ഗവേഷകനായ സ്റ്റീവ് ഹോജ് അഭിപ്രായപ്പെട്ടു.

Tags:    
News Summary - How a walk through a New York cemetery led to the discovery of 5.5 million bees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.