മനാമ: ആൻഡ്രൂ പ്രൊഡക്ഷൻസിന്റെയും സമത് ക്രിയേഷൻസിന്റെയും ബാനറിൽ ജിൻസി പണിക്കരും സാം കെ. മാത്യുവും ചേർന്ന് നിർമിച്ചു വിഷ്ണു ശങ്കർ സംവിധാനം ചെയ്ത ‘പിതാവിന്റെ നാമത്തിൽ’ എന്ന ചെറിയ സിനിമ പ്രേക്ഷക പിന്തുണ നേടി മുന്നേറുകാണ്. ഒക്ടോബര് അവസാന വാരം യൂട്യൂബിൽ റിലീസ് ചെയ്ത ഈ സിനിമ ഇതിനകം രണ്ട് ലക്ഷം പ്രേക്ഷകർ കണ്ടുകഴിഞ്ഞു. അനീഷ് ജേക്കബ് ആണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
ആനകുത്തിമേട് എന്ന ചെറിയ ഗ്രാമത്തിലെ രണ്ട് പ്രബല കുടുംബങ്ങളായ ചാമക്കാട്ടിൽ കുടുംബവും പുത്തൻവീട്ടിൽ കുടുംബവും പതിറ്റാണ്ടുകളോളം വൈരിയിലാണ് ജീവിച്ചിരുന്നത്. ചാമക്കാട്ടിൽ കുടുംബത്തിലെ കോശിയും പുത്തൻവീട്ടിൽ കുടുംബത്തിലെ തമ്പിയും അവരുടെ പുതിയ പള്ളിയിലെ ആദ്യ കല്ലറ നേടാൻ പരസ്പരം കച്ചകെട്ടി ഇറങ്ങുന്നിടത്താണ് സിനിമ തുടങ്ങുന്നത്. കോശി അത് തന്റെ പിതാവായ ഇട്ടിക്കു വേണ്ടിയും തമ്പി തന്റെ അമ്മക്ക് വേണ്ടിയും നേടിയെടുക്കാൻ തുടങ്ങുന്നിടത്ത് ഈ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പക കൂടുതൽ മത്സരത്തിലേക്കും വാശിയിലേക്കും വഴിമാറുന്നു. ഇതിനിടയിൽ ആദ്യത്തെ കല്ലറ നേടിയെടുക്കാൻ ആ ഗ്രാമം മുഴുവൻ കൊതിക്കുന്നതും അത് ആർക്കു കിട്ടും എന്നതിലൂടെ ഉയരുന്ന സംഘർഷ ഭരിതമായ മുഹൂർത്തങ്ങൾക്കു സാക്ഷിയായി കഥ അതിന്റെ അതിശയകരമായ പരിണാമത്തിലേക്കു കടക്കുന്നു.
എഴുത്തുകാരന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ ആനകുത്തി മേട് എന്ന ചെറിയ ഗ്രാമത്തിന്റെ മുഴുവൻ സൗന്ദര്യവും ഒപ്പിയെടുക്കാൻ അഖിൽ കൃഷ്ണയുടെ കാമറക്ക് കഴിഞ്ഞിട്ടുണ്ട്. ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് വിഷ്ണു ശങ്കറും, പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് വിഷ്ണു ശേഖരനും ആണ്. പ്രധാന കഥാപാത്രങ്ങളായ ചാമക്കാട്ടിൽ കോശിയായി വേഷമിട്ടിരിക്കുന്നത് സാം കെ. മാത്യുവും പുത്തൻവീട്ടിൽ തമ്പിയായി വേഷമിട്ടിരിക്കുന്നത് ബഹ്റൈൻ മുൻ പ്രവാസിയായ ജയശങ്കർ മുണ്ടഞ്ചേരിയും ആണ്. കോശിയുടെ അപ്പൻ ഇട്ടിയായി സേവിയർ മണക്കത്തറയിലും ഇടവക വികാരിയായി ജോ അലെക്സും വേഷമിട്ടിരിക്കുന്നു.ഇവരോടൊപ്പം ബഹ്റൈൻ പ്രവാസിയായിരുന്ന ശിവകുമാർ കുളത്തൂപ്പുഴയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രം ആൻഡ്രൂ പ്രൊഡക്ഷൻസ് എന്ന യൂട്യൂബ് ചാനലിലൂടെ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.