'ഒന്നും അറിയിച്ചില്ല, വലിയ വിഷമമുണ്ട്'; സർക്കാർ നടപടിയിൽ അതൃപ്തി പരസ്യമാക്കി പ്രേംകുമാർ

തിരുവനനന്തപുരം: കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തു നിന്ന് ഒന്നും അറിയിക്കാതെ മാറ്റിയതില്‍ അതൃപ്തി പരസ്യമാക്കി നടൻ ​പ്രേംകുമാർ. ആശാ സമരത്തെ പിന്തുണച്ചതും നിലമ്പൂർ ഉപ​തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താത്തതും സി.പി.എം അതൃപ്തിക്കും മാറ്റത്തിനും കാരണമെന്ന ആരോപണം നിലനിൽക്കെയാണ്​ പ്രേംകുമാറിന്‍റെ പരസ്യപ്രതികരണം.

‘പുതിയ ചെയർമാനായി റസൂൽ പൂക്കുട്ടി ചുമതലയേൽക്കുന്ന ചടങ്ങിൽ ക്ഷണമില്ലാത്തത്​ കൊണ്ടാണ്​ പ​ങ്കെടുക്കാതിരുന്ന​തെന്നും അതിൽ തനിക്ക്​ വലിയ വിഷമമുണ്ടെന്നും പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ഒന്നും അറിയിച്ചില്ല. ചടങ്ങിൽ തന്റെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

തനിക്ക് ശേഷം ആ ചുമതലയിൽ വന്നത് ഒരു മഹാപ്രതിഭയാണ് . അക്കാദമിയിൽ പുന:സംഘടന വരുന്നത്​ മാധ്യമങ്ങളിലൂടെ അറിഞ്ഞു. എല്ലാം സർക്കാറിന്‍റെയും പാർട്ടിയുടെയും തീരുമാനമാണ്​. അതിൽ അത്രയേയുള്ളൂ. ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായും ആത്​മാർഥതയോടെയും ചെയ്യാൻ സാധിച്ചുവെന്നതിൽ സന്തോഷമുണ്ട്​. ഒരു കലാകാരനെന്ന നിലയിൽ അഭിപ്രായങ്ങൾ സ്വതന്ത്രമായി പറയാൻ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിക്കാനിരിക്കുകയും ഐ.എഫ്.എഫ്​.കെ യുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയും ചെയ്യുന്ന ഘട്ടത്തിൽ ഇങ്ങനെയൊരു മാറ്റം ​പ്രേം കുമാർ പ്രതീക്ഷിച്ചിരുന്നില്ല. സാംസ്‌കാരിക കോണ്‍ക്ലേവിനെകുറിച്ച് ആലോചിക്കാന്‍ മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ എട്ടുമാസത്തോളമായി സമരം നടത്തുന്ന ആശമാരുടെ പ്രശ്‌നം കേള്‍ക്കാത്ത സര്‍ക്കാര്‍ നടപടിയിലെ വിമര്‍ശനം പ്രേംകുമാര്‍ ഉന്നയിച്ചിരുന്നു. സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ സാന്നിധ്യത്തിലായിരുന്നു ഈ വിമർശനം. അതേ സമയം ഇതേ കുറിച്ചുള്ള ചോദ്യത്തിന്​ ഒന്നും പറയാനില്ലെന്നായിരുന്നു പ്രേം കുമാറിന്‍റെ മറുപടി.

2024 ആഗസ്റ്റിൽ സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ്​ അക്കാദമിയുടെ വൈസ് ചെയർമാനായിരുന്ന പ്രേംകുമാറിന് താത്​കാലിക ചെയർമാൻ സ്ഥാനം നൽകിയത്​. അദ്ദേഹം മുൻപ് വഹിച്ചിരുന്ന വൈസ് ചെയർമാൻ സ്ഥാനത്ത് ഇപ്പോൾ കുക്കു പരമേശ്വരനാണ്. അക്കാദമി ഭരണസമിതിയുടെ കാലാവധി മൂന്ന് വർഷമാണെന്നും ഈ സമയപരിധി അവസാനിച്ചതിനെ തുടർന്നാണ് പുതിയ ടീമിനെ നിയമിച്ചതെന്നും മാറ്റത്തിന്​ പിന്നിൽ മറ്റൊന്നുമില്ലെന്നതാണ്​ ​ സർക്കാറി​​ന്‍റെ വിശദീകരണം. 

Tags:    
News Summary - Premkumar expressed his dissatisfaction publicly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.