ആദിത്യ ധർ സംവിധാനം ചെയ്ത രൺവീർ സിങ് നയകനായ സ്പൈ ആക്ഷൻ ചിത്രം 'ധുരന്ധർ' നെറ്റ്ഫ്ലിക്സിൽ നേടിയത് ചരിത്ര വിജയം. ജനുവരി 30 നാണ് ചിത്രം ഔദ്യോഗികമായി ഒ.ടി.ടി റിലീസ് ചെയ്തത്. ആദ്യ വാരാന്ത്യത്തിൽ തന്നെ 7.6 ദശലക്ഷം കാഴ്ചക്കാരെ നേടിയതോടെ ഒ.ടി.ടി പ്ലാറ്റ് ഫോമിൽ റെക്കോർഡ് മുന്നേറ്റമാണ് സൃഷ്ടിച്ചത്. ഇതോടെ നെറ്റ്ഫ്ലിക്സിൽ പോസ്റ്റ്-തിയറ്റർ റിലീസ് ചെയ്ത ഇന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ കാണപ്പെട്ട ചിത്രമായി ധുരന്ധർ മാറി.
അനിമൽ,പുഷ്പ 2,ഫൈറ്റർ,ജവാൻ തുടങ്ങിയ വമ്പൻ ഹിറ്റുകളെ പിന്നിലാ ക്കിയാണ് ചിത്രം ആഗോള ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ ആഗോള പ്രതിവാര ടോപ്പ് 10 പട്ടികയിൽ ഒന്നാമതെത്തി. നെറ്റ്ഫ്ലിക്സ് ഡാറ്റ അനുസരിച്ച് 'ആനിമൽ' 6.2 ദശലക്ഷം ഓപ്പണിംഗ്-വാരാന്ത്യ വ്യൂസുമായി റെക്കോർഡ് നേടിയിരുന്നു. തുടർന്ന് 'ഫൈറ്റർ' 5.9 ദശലക്ഷവും 'പുഷ്പ 2: ദി റൂൾ' 5 ദശലക്ഷവും നേടി. തിയേറ്റർ റിലീസ് നിരോധിക്കപ്പെട്ട പാകിസ്താനിലും ധുരന്ധർ ട്രൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ്.
തിയറ്റർ റിലീസിനിടയിൽ തന്നെ ‘ധുരന്ധർ’ ആഗോളമായി 1300 കോടി കടന്ന കലക്ഷൻ നേടിയിരുന്നു. ഈ വൻ വിജയമാണ് സിനിമയുടെ ഒ.ടി.ടി റിലീസിലും പ്രതിഫലിച്ചത്. രൺവീർ സിങിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി ചിത്രത്തെ വിലയിരുത്തുന്നു. ഇതിനിടെ നെറ്റ്ഫ്ലിക്സിൽ എത്തിയ പതിപ്പിൽ സിനിമ ഏകദേശം ഒമ്പത് മിനിറ്റ് കുറച്ചതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. സംവിധായകന്‍റെ അനുമതിയില്ലാതെയാണ് ഈ എഡിറ്റിംഗ് നടത്തിയതെന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്.
ഇന്ത്യയെ ലക്ഷ്യമിട്ടുള്ള ഒരു ഭീകരാക്രമണം തകർക്കാൻ പാകിസ്ഥാനിലെ ലിയാരിയിൽ ക്രിമിനൽ മേഖലകളിലെക്ക് നുഴഞ്ഞുകയറുന്ന ഒരു ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് ചിത്രത്തിൽ വേഷമിടുന്നത്. അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ.മാധവൻ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിൽ രൺവീർ സിങിന്‍റെയും അക്ഷയ ഖന്നയുടെയും പ്രകടനങ്ങൾക്ക് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ഈ വിജയത്തിന്റെ പശ്ചാത്തലത്തിൽ ‘ധുരന്ധർ: ദി റിവഞ്ച്’ എന്ന രണ്ടാം ഭാഗം 2026 മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം.ചിത്രത്തിന്‍റെ രണ്ടാംഭാഗത്തിന്‍റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒ.ടി.ടി പ്ലാറ്റ് ഫോമുകളിൽ ഇന്ത്യൻ സിനിമകൾക്ക് ലഭിക്കുന്ന ആഗോള സ്വീകാര്യതയുടെ ഏറ്റവും പുതിയ ഉദാഹരണമായി ‘ധുരന്ധർ’ മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.