വെഞ്ഞാറമൂട് കൂട്ടക്കൊല; ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് മാറ്റിവെച്ചു

കൊച്ചി: വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധമുണ്ടെന്ന ആരോപണം ഉയർത്തിയ ‘കാലം പറഞ്ഞ കഥ’ സിനിമയുടെ റിലീസ് മാറ്റിവെച്ചു. സിനിമയുടെ സ്ക്രീനിങ് പൂർത്തിയായില്ലെന്ന് സെൻസർ ബോർഡ് അറിയിച്ചതോടെയാണ് റിലീസ് മാറ്റിയത്. സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയുടെ പിതാവ് അബ്ദുറഹീം ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കേസിന്റെ വിചാരണ ആരംഭിക്കാനിരിക്കെ സിനിമ പുറത്തിറങ്ങുന്നത് ‘മാധ്യമ വിചാരണക്ക്’ വഴിമാറുമെന്നും നീതിപൂർവമായ വിചാരണയെ ബാധിക്കുമെന്നുമാണ് ഹരജിയിൽ പറയുന്നത്. എന്നാൽ, സിനിമയുടെ കഥക്ക്​ എന്തെങ്കിലും സംഭവവുമായി സാമ്യമുണ്ടായാൽ എന്താണ്​ കുഴപ്പമെന്നും സിനിമ റിലീസ്​ ചെയ്യുന്നത്​ എങ്ങനെയാണ് കേസിന്റെ വിചാരണയെ ബാധിക്കുന്നതെന്നും ഹരജി പരിഗണിക്കവേ കോടതി ചോദിച്ചിരുന്നു.

അതേസമയം ‘കാലം പറഞ്ഞ കഥ’ സിനിമ വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് മാത്രം പ്രമേയമാക്കിയല്ലെന്ന് സംവിധായകൻ പ്രസാദ് നൂറനാട് കോടതിയെ അറിയിച്ചിരുന്നു. കേരളത്തിൽ പല കാലങ്ങളിൽ നടന്നിട്ടുള്ള പല സംഭവങ്ങൾ കോർത്തിണക്കിയുള്ള സിനിമയാണിതെന്നും ലഹരി വ്യാപനം അടക്കമുള്ള കാര്യങ്ങൾ സിനിമയിൽ പ്രതിപാദിക്കുന്നുണ്ടെന്നും സംവിധായകൻ ചൂണ്ടിക്കാട്ടി.

2025 ഫെബ്രുവരി 25നാണ് വെഞ്ഞാറമൂട് കൂട്ടകൊലപാതകം നടന്നത്. 23കാരനായ അഫാൻ തന്‍റെ കുടുംബാംഗങ്ങൾ ഉൾപ്പെടെ അഞ്ചു പേരെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫര്‍സാന, പിതാവിന്‍റെ സഹോദരൻ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ സാജിത, പിതാവിന്‍റെ മാതാവ് സൽമ ബീവി എന്നിവരെയാണ് അഫാൻ തലക്കടിച്ച് കൊലപ്പെടുത്തിയത്.

Tags:    
News Summary - Movie based on venjaramoodu massacre; Censor Board says screening not completed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.