'വാരണാസിയിൽ രാമായണത്തിന്‍റെ സ്വാധീനം; എന്‍റെ എല്ലാ സിനിമകളും രാമായണത്തിൽ നിന്നാണ് പ്രചോദനം ഉൾക്കൊണ്ടതാണ്'-എസ്.എസ്. രാജമൗലി

സംവിധായകൻ എസ്.എസ്.രാജമൗലി തന്‍റെ പുതിയ ചിത്രമായ 'വാരണാസി'യുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോൾ സിനിമ മേഖലയിൽ ശ്രദ്ധേയമാവുന്നത്. തന്‍റെ എല്ലാ സിനിമകളും ലോർഡ് രാമനെയും രാമായണത്തെയും ആധാരമാക്കിയും അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുമാണ് നിർമിച്ചിട്ടുളളതെന്നുമാണ് രാജമൗലി പറഞ്ഞത്.ന്യൂസ് വെബ്സൈറ്റായ പോളിഗണിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകന്‍റെ വെളിപ്പെടുത്തൽ.

വാരണാസി എന്ന ചിത്രത്തിൽ രാമായണത്തിൽ നിന്നുള്ള ഒരു പ്രത്യേക സംഭവത്തെ നേരിട്ട് ഉൾപ്പെടുത്തിയതായും സിനിമയിലെ ഒരു പ്രധാന ഭാഗമായിരിക്കും അതെന്നും അദ്ദേഹം പറഞ്ഞു. രാമായണത്തെക്കുറിച്ച് ആഴത്തിൽ അറിവില്ലാത്ത പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് ആന്തരികമായി രാമായണ കഥയുമായി ബന്ധമുണ്ടെങ്കിലും മനുഷ്യബന്ധങ്ങളും വികാരങ്ങളും തന്നെയാണ് ചിത്രത്തിന്‍റെ കാതൽ. പ്രത്യേകിച്ച് അച്ഛനും മകനും തമ്മിലുളള വൈകാരിക ബന്ധം എല്ലാവർക്കും കണക്ട് ആവുന്ന രീതിയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വലിയ പ്രതീക്ഷകളോടെ ഒരുങ്ങുന്ന ചിത്രം പുത്തൻ ദൃശ്യാനുഭവങ്ങളായിരിക്കും സമ്മാനിക്കുക എന്നാണ് ആരാധകരുടെ വിലയിരുത്തൽ. രാജമൗലിയുടെ മുൻ ചിത്രങ്ങളായ ബാഹുബലി പരമ്പര, ആർ.ആർ.ആർ എന്നിവ നേടിയ വിജയം കണക്കിലെടുക്കുമ്പോൾ വാരണാസിയും വലിയ ശ്രദ്ധനേടുമെന്നാണ് വിലയിരുത്തൽ.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങി വമ്പൻ താരനിരകൾ അണിനിരക്കുന്ന ചിത്രം 1300 കോടിയുടെ വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. സിനിമയുടെ ഭൂരിഭാഗവും വാരണാസിയുടെ പശ്ചാത്തലത്തിലാണെങ്കിലും ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ 50 കോടി ചെലവിട്ട് വാരണാസി നഗരത്തിന്‍റെ കൂറ്റൻ സെറ്റ് നിർമിച്ചാണ് ചിത്രീകരണം നടത്തുന്നത്. 2027 ഏപ്രിൽ 7നായിരിക്കും ചിത്രം തിയറ്ററിലെത്തുകയെന്നാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്ന വിവരം.


Tags:    
News Summary - 'Ramayana's influence on Varanasi; All my films are inspired by Ramayana' - S.S. Rajamouli

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.