പേരൻപിന് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക്; ഏഴ് വർഷത്തിന് ശേഷമുള്ള സിനിമ ധനുഷിനൊപ്പം

രാജകുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ധനുഷിന്റെ പുതിയ ചിത്രം 'D55'ലേക്ക് മമ്മൂട്ടി എത്തുന്നു എന്ന ആവേശകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച് നിർമാതാക്കൾ നൽകിയ സൂചനകൾ ശരിവെച്ചുകൊണ്ടാണ് ഈ പ്രഖ്യാപനം എത്തിയിരിക്കുന്നത്. ‘നിങ്ങൾ എല്ലാവരെയും കണ്ടു എന്ന് കരുതിയിട്ടുണ്ടാകാം, പക്ഷേ ഏറ്റവും വലിയ ആൾ വരാനിരിക്കുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ 'M', ആ മാഗ്നിഫിഷ്യന്റ് താരം’ എന്നായിരുന്നു അണിയറപ്രവർത്തകർ നൽകിയ സർപ്രൈസ് പോസ്റ്റ്. ഇതോടെ മമ്മൂട്ടി ചിത്രത്തിലുണ്ടാകുമെന്ന് ആരാധകർ ഉറപ്പിച്ചിരുന്നു.

ഏഴ് വർഷത്തിന് ശേഷം തമിഴ് സിനിമയിലേക്ക് തിരികെയെത്തിയിരിക്കുകയാണ് മമ്മൂട്ടി. അതേസമയം മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ കമ്മത്ത് ആൻഡ് കമ്മത്ത് എന്ന ചിത്രത്തിൽ ധനുഷ് അതിഥി വേഷത്തിലെത്തിയിരുന്നു. രാജ്കുമാർ പെരിയസാമി തന്നെയാണ് ചിത്രത്തിന് കഥയൊരുക്കിയിരിക്കുന്നതും. ശിവകാർത്തികേയൻ നായകനായെത്തിയ ബ്ലോക്ബസ്റ്റർ ചിത്രം അമരന്റെ സംവിധായകനാണ് രാജ്കുമാർ പെരിയസാമി. നിലവിൽ അടൂർ ​ഗോപാലകൃഷ്ണൻ ചിത്രം പദയാത്രയുടെ ഷൂട്ടിങ് തിരക്കുകളിലാണ് മമ്മൂട്ടി.

പദയാത്രയുടെ ഷൂട്ടിങ്ങിന് ശേഷമായിരിക്കും മമ്മൂട്ടി ധനുഷ് ചിത്രത്തിൽ ജോയിൻ ചെയ്യുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ധനുഷിനും മമ്മൂട്ടിക്കും പുറമേ സായ് പല്ലവിയും ഡി55 ന്റെ ഭാ​ഗമായിട്ടുണ്ട്. മാരി 2 വിന് ശേഷം ധനുഷും സായ് പല്ലവിയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഡി 55. നടി ശ്രീലീലയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അമരന് ശേഷം രാജ്കുമാർ പെരിയസാമിയും സായ് പല്ലവിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സായ് അഭ്യങ്കാർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. വണ്ടർബാർ ഫിലിംസിന്റെ ബാനറിൽ ധനുഷ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

Tags:    
News Summary - Mammootty onboards Dhanush-Rajkumar Periasamy's D55

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.