സോനം വാങ്ചുക്, ആർ. മാധവൻ, അമീർ ഖാൻ, ശർമൻ ജോഷി

ഈ സോനം വാങ്ചുക് ആണ് ‘ത്രീ ഇഡിയറ്റ്സി’ലെ എഞ്ചിനീയർ; അന്ന് അമീർഖാൻ കഥാപാത്രത്തിലൂടെ രാജ്യത്തെ അതിശയിപ്പിച്ചയാൾ...

ലഡാക്കിലെ പ്രക്ഷോഭങ്ങളെ തുടർന്ന് അറസ്റ്റ് ചെയ്യപ്പെട്ട സോനം വാങ്ചുക് രാജ്യത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന വ്യക്തിയാണിന്ന്. എന്നാൽ, 16 വർഷം മുമ്പ് ഇതേ സോനം വാങ്ചുക് ഇന്ത്യയിൽ ഏറെ പ്രചോദിതമായൊരു കഥയിലെ നായകനായിരുന്നു. ബോളിവുഡിലെ സൂപ്പർ ഹിറ്റ് ചിത്രം ‘ത്രീ ഇഡിയറ്റ്സി’ലെ നായക കഥാപാത്രത്തെ സംവിധായകൻ ആവിഷ്‍കരിച്ചത് സോനം വാങ്ചുകിന്റെ അതിശയ ജീവിതം പകർത്തിയാണ്. ലഡാക്കി എഞ്ചിനീയറും, വിദ്യാഭ്യാസ വിദഗ്ദ്ധനും സാമൂഹിക പ്രവർത്തകനുമായ സോനത്തെയാണ് അമീർ ഖാൻ റാഞ്ചോ എന്ന കഥാപാത്രത്തിലൂടെ അനശ്വരമാക്കിയത്. എഞ്ചിനീയറിങ് വിദ്യാർഥികളുടെ പഠന ജീവിതത്തിലെ ചില സന്ദർഭങ്ങൾ പറയുന്ന ഒരു കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം, വലിയ ഒരു സന്ദേശം കൂടെ സമൂഹത്തിനു നൽകുന്നുണ്ട്.

രണ്ട് കാലഘട്ടങ്ങളിലൂടെ ഒരുപോലെ പോകുന്ന ഈ കഥ നടക്കുന്നത് ഒന്ന് വർത്തമാനകാലത്തും മറ്റൊന്ന് പത്ത് വർഷം മുമ്പും ആണ്. ഒരു ഇന്ത്യൻ എഞ്ചിനീയറിങ് കോളജിലെ മൂന്ന് വിദ്യാർഥികളുടെ ആത്മ സൗഹൃദത്തെ പിന്തുടരുന്ന കഥ, ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തിലെ പൊള്ളയായ രീതികളെ ആക്ഷേപഹാസ്യരൂപേണ വിമർശിക്കുന്നുണ്ട്. സിനിമയിലെ പ്രധാന കഥാപാത്രത്തെ തന്മയത്വത്തോടെ അമീർഖാൻ അഭിനയിച്ചു ഫലിപ്പിച്ചപ്പോൾ ആരാധകരുടെ മനസ്സിൽ വളരെ പെട്ടന്നുതന്നെ ഇടം പിടിക്കാൻ റാഞ്ചോക്ക് സാധിച്ചു. അതിസമർഥനായ വിദ്യാർഥി എന്നതിലുപരി ആരും ആഗ്രഹിച്ചുപോകുന്ന ഒരു സുഹൃത്താണ് റാഞ്ചോ. എന്നാൽ, ഈ കഥാപാത്രം യഥാർഥ വ്യക്തിയുടെ ജീവിതം പകർത്തിയതാണെന്നത് സിനിമ ആരാധകരെ അമ്പരപ്പിച്ചു.

വാങ്ചുകിന്‍റെ യഥാർഥ ജീവിതവുമായി ഏറെ ബന്ധമുള്ളതാണ് കഥാ പശ്ചാത്തലം. തന്‍റെ ഗ്രാമത്തിൽ വിദ്യാലയമില്ലാതിരുന്നതിനാൽ പ്രാഥമിക വിദ്യാഭ്യാസം നേടാൻ വാങ്ചുകിന് സാധിച്ചിരുന്നില്ല. ഒമ്പതാം വയസ്സിൽ സോനം വിദ്യാഭ്യാസത്തിനായി ഗ്രാമം വിട്ട് ശ്രീനഗറിലെത്തി. ശരീരം കൊണ്ടും ശബ്ദം കൊണ്ടും പല തരത്തിലുള്ള കളിയാക്കലുകൾ അദ്ദേഹത്തിനു നേരിടേണ്ടി വന്നിട്ടുണ്ട്. അധ്യാപകർപോലും അദ്ദേഹത്തെ മാറ്റി നിർത്തി. തന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട അധ്യായമെന്നാണ് വാങ്ചുക്ക് ആ വർഷങ്ങളെ വിശേഷിപ്പിച്ചത്.

എന്നാൽ, 1987-ൽ ശ്രീനഗറിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് വാങ്ചുക്ക് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക് നേടി. എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയ വാങ്ചുക്ക് ലഡാക്കിലേക്ക് തിരിച്ചുപോവുകയും, 1988 ൽ സ്റ്റുഡന്റ്സ് എഡ്യൂക്കേഷനൽ ആൻഡ് കൾച്ചറൽ മൂവ്‌മെന്റ് ഓഫ് ലഡാക്ക് (SECMOL) രൂപവത്കരിക്കുകയും ചെയ്തു. ലഡാക്കിൽ സാംസ്കാരികമായും പാരിസ്ഥിതികമായും അനുയോജ്യമാകുന്ന രീതിയിൽ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം പരിഷ്കരിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം.

ലഡാക്കിൽ വേനൽക്കാലത്ത് അധികം വെള്ളമില്ലാത്തതിനാൽ, ശൈത്യകാലത്ത് നിന്നുള്ള വെള്ളം സംഭരിക്കുന്നതിനായി കോൺ ആകൃതിയിലുള്ള ഐസ് കൂമ്പാരങ്ങൾ പോലെ തോന്നിക്കുന്ന കൃത്രിമ ഹിമാനികൾ വാങ്ചുക് നിർമിച്ചു. വസന്തകാലത്തും വേനൽക്കാലത്തും ഈ ഹിമാനികൾ ഉരുകുകയും കർഷകർക്ക് ആവശ്യമുള്ളപ്പോൾ വെള്ളം നൽകുകയും ചെയ്യുന്നു. വാങ്ചുക്കിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിലും വിദേശത്തും ഒരുപോലെ അംഗീകാരം നേടിയിരുന്നു.

ലഡാക്ക് ജനതക്ക് പ്രശസ്തനായിരുന്ന വാങ്ചുക് ദേശീയ പ്രശസ്തിയിലേക്ക് എത്താൻ ഒരു കാരണം ത്രീ ഇഡിയറ്റ്സ് സിനിമയാണ്. സിനിമയിൽ അമീർ ഖാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ജീവിതപശ്ചാത്തലം വാങ്ചുകിന്റേതാണെന്നത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇംപീരിയൽ കോളജ് ഓഫ് എൻജിനിയറിങിലെ അതിബുദ്ധിശാലിയും, സഹപാഠികൾക്ക് അറിവു പകർന്നു നൽകുകയും ചെയ്ത റാഞ്ചോ ആഗോളതലത്തിൽ ആരാധകരെ സൃഷ്ടിച്ചു. ഒപ്പം, വാങ്ചുകിനും ആരാധകരായി.

ദി ലാലൻടോപ്പുമായുള്ള ഒരു പഴയ അഭിമുഖത്തിനിടെ ത്രീ ഇഡിയറ്റ്‌സിനെക്കുറിച്ച് സോനം വാങ്‌ചുക്ക് സംസാരിച്ചിരുന്നു. താൻ പൂർണമായും റാഞ്ചോ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. “അതേ, ഞാൻ സിനിമ കണ്ടിരുന്നു. മികച്ച സന്ദേശമുള്ള നല്ലൊരു ചിത്രമായിരുന്നു അത്’- അദ്ദേഹം പറഞ്ഞു.

വിധു വിനോദ് ചോപ്ര നിർമിച്ച് രാജ്കുമാർ ഹിരാനി സംവിധാനം ചെയ്ത ത്രീ ഇഡിയറ്റ്സിൽ ആമിർ ഖാനോടൊപ്പം ആർ. മാധവൻ, ശർമൻ ജോഷി, കരീന കപൂർ എന്നിവരും അഭിനയിച്ചു. 2013 വരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രമെന്ന പദവി നിലനിർത്തി വൻ ബോക്സ് ഓഫീസ് വിജയമായിരുന്നു ചിത്രം. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും ചിത്രം സ്വന്തമാക്കി.

Tags:    
News Summary - Who is Sonam Wangchuk? The Ladakhi engineer behind 3 Idiots' iconic character

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.