കമൽഹാസന്‍റെ ചിത്രത്തിൽ വിരുമാണ്ടിയായി ശിവകാർത്തികേയൻ; വൈറലായി 'സിയോൻ' ടീസർ

ശിവകാർത്തികേയന്റെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'സിയോൻ' ടീസർ പുറത്തിറങ്ങി. ശിവകുമാർ മുരുകേശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ആക്ഷൻ എന്റർടെയ്‌നറായിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. തമിഴിൽ 'സിയോൻ' എന്നാൽ മുരുകൻ എന്നാണ് അർത്ഥം. ടീസറിൽ ശിവകാർത്തികേയൻ 'വിരുമാണ്ടി' എന്ന ദൈവ അവതാരമായിട്ടാണ് പ്രത്യക്ഷപ്പെടുന്നത്. ഗ്രാമീണ ഉത്സവത്തിന്റെ പശ്ചാത്തലത്തിൽ വളരെ കരുത്തനായ ഒരു കഥാപാത്രമാണിത്.

കരുമാത്തൂർ വിരുമാണ്ടി ക്ഷേത്രത്തിലെ മാസി കളരി ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തെക്കുറിച്ച് ഇൻസ്പെക്ടർ (അരുൾദോസ്) അന്വേഷിക്കുന്നിടത്താണ് ടീസർ തുടങ്ങുന്നത്. ദൈവം കുടിയിരിക്കുന്നവൻ എന്നാണ് കൂടെയുള്ള ഒരാൾ ശിവകാർത്തികേയന്റെ കഥാപാത്രത്തെ വിശേഷിപ്പിക്കുന്നത്. മയിൽപ്പീലികളാൽ ചുറ്റപ്പെട്ട, കയ്യിൽ വാളേന്തി നിൽക്കുന്ന ശിവകാർത്തികേയന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.

പൊലീസ് സ്റ്റേഷനിൽ എത്തുന്ന ശിവകാർത്തികേയന്റെ പാദങ്ങളിൽ ഒരു സ്ത്രീ വെള്ളമൊഴിക്കുന്നതും, ഇൻസ്പെക്ടർ കൈകൂപ്പി ബഹുമാനിക്കുന്നതും ടീസറിലുണ്ട്. ഇത് വിരുമാണ്ടി പ്രഭുവാണ് എന്നാണ് ഇൻസ്പെക്ടർ പറയുന്നത്. പട്ടാളത്തിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരാൾ എങ്ങനെയാണ് പ്രാദേശിക സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയത് എന്നതിന്റെ സൂചനകൾ ടീസർ നൽകുന്നു. 2004ൽ പുറത്തിറങ്ങിയ കമൽഹാസന്റെ പ്രശസ്തമായ 'വിരുമാണ്ടി' എന്ന ചിത്രവുമായുള്ള ഒരു പ്രതീകാത്മക ബന്ധം ഈ ടീസർ സൂചിപ്പിക്കുന്നുണ്ട്.

കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും ആർ. മഹേന്ദ്രനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 'അമരൻ' എന്ന ചിത്രത്തിന് ശേഷം ശിവകാർത്തികേയനും കമൽഹാസനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സംഗീതം: സന്തോഷ് നാരായണൻ. ഛായാഗ്രഹണം: വിവേക് വിജയകുമാർ. ചിത്രം 2026 ഒക്ടോബർ 26ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും.

Full View

Tags:    
News Summary - Sivakarthikeyan channels Lord Virumandi in Kamal Haasan film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.