നിയമക്കുരുക്കിൽ ‘ഘൂഷ്‌ഖോർ പണ്ഡത്’; പേര് മാറ്റിയില്ലെങ്കിൽ റിലീസ് അനുവദിക്കില്ലെന്ന് സുപ്രീം കോടതി

‘ഘൂഷ്‌ഖോർ പണ്ഡത്’ സിനിമയുടെ അണിയറപ്രവർത്തകരെ വിമർശിച്ച് സുപ്രീം കോടതി. പേര് മാറ്റുക അല്ലെങ്കിൽ ഘൂഷ്‌കോർ പണ്ഡത്തിന്റെ റിലീസ് അനുവദിക്കില്ലെന്ന് സുപ്രീം കോടതി. ഇത്തരമൊരു പേര് ഉപയോഗിച്ച് സമൂഹത്തിലെ ഒരു വിഭാഗത്തെ അപമാനിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഘൂഷ്‌ഖോർ പണ്ഡതിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി പരി​ഗണിക്കവേയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം. ഹരജി പരി​ഗണിച്ചു കൊണ്ട് ജസ്റ്റിസുമാരായ ബി.വി നാഗരത്‌ന, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, സെൻട്രൽ ബോർഡ് ഫോർ ഫിലിം സർട്ടിഫിക്കേഷൻ, നീരജ് പാണ്ഡെ എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു.

ഇത്തരമൊരു പേര് ഉപയോഗിച്ച് സമൂഹത്തിലെ ഒരു വിഭാഗത്തെ എന്തിനാണ് നിങ്ങൾ അപകീർത്തിപ്പെടുത്തുന്നതെന്ന് കോടതി ചോദിച്ചു. ഇത് ധാർമികതക്കും പൊതുസമൂഹത്തിന് നിരക്കാത്തത് ആണെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രത്തിന്റെ പുതിയ പേര് അറിയിക്കാതെ സിനിമ റിലീസ് ചെയ്യാൻ അനുവദിക്കില്ലെന്നും ബെഞ്ച് വ്യക്തമാക്കി. കൈക്കൂലി, അഴിമതി എന്നൊക്കെ അർഥമാക്കുന്ന 'ഘൂഷ്‌ഖോർ' എന്ന വാക്കും ജാതിയെയും മതത്തെയും സൂചിപ്പിക്കുന്ന 'പണ്ഡത്' എന്ന വാക്കും ഒഴിവാക്കണമെന്നും ഹരജിയിൽ പറയുന്നു. കേസ് ഫെബ്രുവരി 19 ന് വീണ്ടും പരിഗണിക്കും.

നീരജ് പാണ്ഡെ നിർമിച്ച് മനോജ് ബാജ്പേയ് നായകനായെത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സിനിമയുടെ ടീസർ സോഷ്യൽ മീഡിയയിൽ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഒടിടി പ്ലാറ്റ്‌ഫോമിനും സിനിമയുടെ നിർമാതാക്കൾക്കുമെതിരെയാണ് കേസ്. സാമൂഹിക കലഹം പടർത്താനും പൊതുസമാധാനവും ക്രമസമാധാനവും തകർക്കാനും ശ്രമിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം. അതേസമയം, സിനിമയുടെ നിർമ്മാതാവും സംവിധായകനുമായ നീരജ് പാണ്ഡെ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തി. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയതിൽ അദ്ദേഹം ക്ഷമാപണം നടത്തുകയും ചിത്രത്തിന്റെ ടീസറും മറ്റ് പ്രൊമോഷണൽ മെറ്റീരിയലുകളും പിൻവലിക്കുകയും ചെയ്തു.

സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ബ്രാഹ്മണ സമാജ് ഓഫ് ഇന്ത്യയുടെ നാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി അതുൽ മിശ്ര സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഘൂഷ്‌ഖോർ പണ്ഡത് എന്ന സിനിമ സമൂഹത്തിലെ ഒരു വിഭാഗത്തെയും അവഹേളിക്കുന്നില്ലെന്ന് സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീം കോടതി നീരജ് പാണ്ഡെയോട് നിർദേശിച്ചു. സിനിമ ജാതി, മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സ്റ്റീരിയോടൈപ്പുകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സാമുദായിക ഐക്യം, ഭരണഘടനാ മൂല്യങ്ങൾ എന്നിവയെ അധിക്ഷേപിക്കുന്നതാണെന്നും ഹരജിയിൽ ആരോപിക്കുന്നു.

സിനിമയുടെ പേര് മാറ്റാൻ തയാറാണെന്ന് നിർമാതാക്കൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് ഫെബ്രുവരി 19ന് നടക്കുന്ന അടുത്ത വാദം കേൾക്കലിൽ പുതിയ പേര് എന്താണെന്ന് കോടതിയെ അറിയിക്കാൻ ബെഞ്ച് നിർദേശിച്ചു. നേരത്തെ, മനോജ് ബാജ്‌പേയി നായകനാവുന്ന ഈ ചിത്രത്തിനെതിരെ ഡൽഹി ഹൈകോടതിയിലും ഹരജി സമർപ്പിക്കപ്പെട്ടിരുന്നു. പേര് മാറ്റുമെന്ന് നിർമാതാക്കൾ ഉറപ്പ് നൽകിയതിനെത്തുടർന്ന് ഹൈകോടതി ആ ഹരജി തീർപ്പാക്കിയിരുന്നു.

Tags:    
News Summary - won’t allow ‘Ghooskhor Pandat’ release: SC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.