ഫെബ്രുവരി 13ന് പുറത്തിറങ്ങിയ 'ഒ റോമിയോ' എന്ന ബോളിവുഡ് ക്രൈം ത്രില്ലർ സിനിമാലോകത്ത് വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വിശാൽ ഭരദ്വാജ് ഒരുക്കിയ ഈ ചിത്രത്തിൽ ഷാഹിദ് കപൂർ, തൃപ്തി ദിമ്രി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. വിക്രാന്ത് മാസി, നാന പടേക്കർ, തമന്ന ഭാട്ടിയ എന്നിവരടങ്ങുന്ന വൻ താരനിരയും ചിത്രത്തിലുണ്ട്. ഹുസൈൻ സൈദിയുടെ 'മാഫിയ ക്വീൻസ് ഓഫ് മുംബൈ' എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം, 1990കളിലെ മുംബൈ പശ്ചാത്തലത്തിൽ ഹുസൈൻ ഉസ്താര എന്ന ഗുണ്ടാനേതാവിന്റെ പ്രണയവും കുറ്റകൃത്യങ്ങളും നിറഞ്ഞ ജീവിതമാണ് ദൃശ്യവൽക്കരിക്കുന്നത്.
സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് ചിത്രത്തിന് ലഭിച്ചത്. സിനിമയുടെ കലക്ഷനേക്കാൾ ഉപരിയായി, മറ്റൊരു പ്രധാന കാരണത്താലാണ് 'ഒ റോമിയോ' വാർത്തകളിൽ ഇടംപിടിച്ചത്. ബുക്ക് മൈ ഷോയിൽ പ്രേക്ഷകരുടെ റേറ്റിങ്ങും റിവ്യൂവും റദ്ദാക്കപ്പെട്ട ആദ്യ ബോളിവുഡ് ചിത്രമായി ഇത് മാറി. തുടക്കത്തിൽ 6.8 റേറ്റിങ് ഉണ്ടായിരുന്ന ചിത്രം പിന്നീട് 7ലേക്ക് മെച്ചപ്പെട്ടിരുന്നു. എന്നാൽ പെട്ടെന്ന് തന്നെ റിവ്യൂ സെക്ഷൻ നീക്കം ചെയ്യപ്പെട്ടു. ‘കോടതി ഉത്തരവ് പ്രകാരം റിവ്യൂകളും റേറ്റിങ്ങുകളും പ്രവർത്തനരഹിതമാക്കിയിരിക്കുന്നു’ എന്ന സന്ദേശമാണ് ഇപ്പോൾ പ്ലാറ്റ്‌ഫോമിൽ കാണുന്നത്.
സിനിമയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള സംഘടിതമായ നെഗറ്റീവ് റിവ്യൂകൾ തടയുന്നതിനായി നിർമാതാക്കൾ കോടതിയെ സമീപിച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ഈ നടപടിയെക്കുറിച്ച് രണ്ട് തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. സാധാരണയായി സിനിമകൾക്ക് നെഗറ്റീവ് റിവ്യൂസ് വരാറുണ്ടെങ്കിലും, ഒരു കോടതി ഉത്തരവിലൂടെ ബുക്ക് മൈ ഷോ പോലുള്ള വലിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് റേറ്റിങ്ങും റിവ്യൂവും പൂർണ്ണമായും നീക്കം ചെയ്യുന്നത് ഇതാദ്യമായാണ്. സിനിമയെ മനഃപൂർവം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെയുള്ള ശരിയായ നീക്കമാണിതെന്ന് ചിലർ പറയുമ്പോൾ മറ്റ് ചിലരാകട്ടെ അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തെ തടയുന്നു എന്നാണ് പറയുന്നത്.
ചിത്രത്തിന്‍റെ റിലീസിന് മുമ്പേ ഹുസൈൻ ഉസ്താരയുടെ മകൾ സനോബർ ഷെയ്ഖ് ചിത്രം തന്റെ പിതാവിനെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്നുവെന്നും ആരോപിച്ച് രംഗത്തെത്തിയിരുന്നു. തന്റെ പിതാവ് ഒരു കുറ്റവാളിയല്ലെന്നും നഗരത്തെ കുറ്റവാളികളിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ച വ്യക്തിയാണെന്നുമാണ് സനോബറിന്റെ വാദം. സിനിമയിൽ അദ്ദേഹത്തെ ഒരു ഗുണ്ടയായി കാണിക്കുന്നത് കുടുംബത്തിന് മാനഹാനി ഉണ്ടാക്കുന്നു എന്നും അവർ ആരോപിച്ചിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും സിനിമയുടെ റിലീസ് തടയണമെന്നുമാണ് നിയമപരമായ നോട്ടീസിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.