ഷാരൂഖ് ഖാനും റാണി മുഖർജിയും
റാണി മുഖർജി തന്‍റെ ആദ്യ ദേശീയ ചലച്ചിത്ര പുരസകാരം ഏറ്റുവാങ്ങിയിരിക്കുകയാണ്. 'മിസിസ് ചാറ്റർജി വേഴ്സസ് നോർവെ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് പുരസകാരം ലഭിച്ചത്. മകൾ ആദിരയുടെ പേരുളള മാല ധരിച്ച് അവാർഡ് വാങ്ങാൻ എത്തിയ നടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.എന്നാൽ, തന്‍റെ മകളെ ചടങ്ങിലേക്ക് ഒപ്പം കൊണ്ടുപോകാൻ കഴിയാതതിന്‍റെ സങ്കടം പങ്കുവെക്കുകയാണ് റാണി മുഖർജി.
മകൾ ആദിരക്ക് പങ്കെടുക്കാൻ കഴിയാത്തതിന്റെ കാരണവും റാണി മുഖർജി വിശദീകരിച്ചു. പരിപാടിയിൽ പങ്കെടുക്കാൻ 14 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കണം. പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിച്ചതിനാൽ, അത് കഴിയാതെ വന്നപ്പോൾ തന്റെ മകൾ കരയുകയായിരുന്നുവെന്ന് നടി വെളിപ്പെടുത്തി
'14 വയസ്സിന് താഴെയുള്ള കുട്ടികളെ ചടങ്ങിൽ അനുവദിക്കില്ലെന്ന് ഞങ്ങളോട് പറഞ്ഞിരുന്നു. എന്നോടൊപ്പം ഉണ്ടാകാൻ കഴിയില്ലെന്ന് അവളോട് പറയേണ്ടി വന്നു. 'അത് വളരെ അന്യായമാണ്, നിങ്ങൾക്ക് നൽകാനായി ഞാൻ ഒരു പെയിന്റിങ് വരച്ചിട്ടുണ്ട്' എന്നാണ് അവൾ പറഞ്ഞത്. വിഷമിക്കേണ്ട, ആ ദിവസം നീ എന്നോടൊപ്പം ഉണ്ടാകുമെന്ന് ഞാൻ അവളോട് പറഞ്ഞു.' - റാണി മുഖർജി പറഞ്ഞു.
താൻ ആദിരയുടെ പേരുള്ള മാല ധരിച്ച വിഡിയോകൾ സമൂഹമാധ്യമത്തിൽ ആരാധകർ പോസ്റ്റ് ചെയ്തത് കാണിച്ചപ്പോൾ, മകളെ ശാന്തയാക്കാൻ കഴിഞ്ഞുവെന്ന് റാണി വെളിപ്പെടുത്തി. 'അവളെ എന്‍റെ കൂടെ വേണം. എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം ഇതായിരിക്കും. ഇൻസ്റ്റഗ്രാമിൽ ആ റീലുകൾ ഉണ്ടാക്കിയ എല്ലാവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു' -റാണി മുഖർജി കൂട്ടിച്ചേർത്തു.
അതേസമയം, ആഷിമ ചിബ്ബറാണ് 'മിസിസ് ചാറ്റർജി വേഴസസ് നോർവെ' സംവിധാനം ചെയ്തത്. ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഫിലിംഫെയർ ക്രിട്ടിക്സ് അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിലൂടെ റാണിയെ തേടിയെത്തിയിരുന്നു. 'ജവാൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാറൂഖും 'ട്വൽത്ത് ഫെയിൽ' എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.