പടയപ്പ
1999ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രമാണ് പടയപ്പ. രജനീകാന്തിന്റെ 75-ാം ജന്മദിനമായ ഡിസംബർ 12ന് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഒ.ടി.ടി. അവകാശങ്ങൾ യാതൊരു പ്ലാറ്റ്‌ഫോമിനും വിൽക്കാതിരുന്നത് ബോധപൂർവമായ ഒരു തീരുമാനമായിരുന്നു എന്ന് രജനീകാന്തിന്‍റെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ചിത്രത്തിന്റെ റീ-റിലീസിന് മുന്നോടിയായുള്ള പ്രത്യേക വിഡിയോ സന്ദേശത്തിലാണ് കെ.എസ്. രവികുമാർ സംവിധാനം ചെയ്ത പടയപ്പയിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് രജനീകാന്ത് സംസാരിച്ചത്.
‘പടയപ്പ തിയറ്റർ അനുഭവം ആവശ്യമുള്ള ഒരു സിനിമയാണ്. അത് ഒരു ചെറിയ സ്‌ക്രീൻ അനുഭവമായി ചുരുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പണം സമ്പാദിക്കാൻ പല വഴികളുണ്ട്. നിരവധി ഓഫറുകൾ വന്നിട്ടും ഇത് ചെയ്യാൻ ഞാൻ ആഗ്രഹിച്ചില്ല. സാറ്റലൈറ്റ് അവകാശങ്ങൾ ഒഴികെ മറ്റ് ഡിജിറ്റൽ അവകാശങ്ങളൊന്നും വിൽക്കാൻ ഞാൻ തയാറായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ കലാപരമായ മൂല്യം കുറക്കുന്ന ഈ വഴി സ്വീകരിക്കേണ്ടതില്ലെന്ന് എന്‍റെ ബോധപൂർവമായ തീരുമാനമാണ്’-രജനീകാന്ത് പറഞ്ഞു.
‘എന്‍റെ പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ പടയപ്പ'യുടെ റിലീസിന് കണ്ടതുപോലെ കൂട്ടംകൂട്ടമായി സ്ത്രീകൾ തിയറ്ററുകളിൽ വരുന്നത് ഞാൻ കണ്ടിട്ടില്ല. പടയപ്പയുടെ രണ്ടാം ഭാഗം നിർമിക്കണമെന്ന് എനിക്ക് ശക്തമായി തോന്നിയിട്ടുണ്ട്. മരിക്കുന്ന നിമിഷത്തിൽ പോലും പടയപ്പയോട് പ്രതികാരം ചെയ്യാനായി പുനർജന്മമെടുക്കുമെന്ന് ശപഥം ചെയ്യുന്ന നീലാംബരിയുടെ (രമ്യ കൃഷ്ണൻ) കാഴ്ചപ്പാടിൽ നിന്നായിരിക്കും രണ്ടാം ഭാഗം ഒരുക്കുക. ആദ്യ ഭാഗം പോലെ തന്നെ ഒരു ആഘോഷമായിരിക്കും രണ്ടാം ഭാഗമെന്നും, ഇതിന്‍റെ കഥയെക്കുറിച്ചുള്ള ചർച്ചകൾ നിലവിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും’ രജനീകാന്ത് അറിയിച്ചു.
കുറച്ചുനാൾ മുമ്പ്, നടന്റെ മകളും നടിയുമായ സൗന്ദര്യ രജനീകാന്ത് ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ റീറിലീസ് സ്ഥിരീകരിച്ചിരുന്നു. 'നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വർഷങ്ങൾ ആഘോഷിക്കുകയാണ്. ശുദ്ധമായ ശൈലിയുടെയും, കാലാതീതമായ താരപദവിയുടെയും യാത്ര.... ലോകം തലൈവരെ ആഘോഷിക്കുമ്പോൾ പടയപ്പ എന്ന പ്രതിഭാസത്തെ തിരികെ കൊണ്ടുവരുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ഒരു ഉത്സവമായി മാറിയ ഒരു സിനിമ -എന്നാണ് സൗന്ദര്യ കുറിച്ചത്.
രജനീകാന്തിന്റെ ആരാധകരും അനുയായികളും നടന്റെ 50 വർഷത്തെ സിനിമ യാത്ര ആഘോഷിക്കുന്ന വേളയിലാണ് ചിത്രം വീണ്ടും തിയറ്ററുകളിൽ എത്തുന്നത്. കെ.എസ്. രവികുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ ശിവാജി ഗണേശൻ, സൗന്ദര്യ, ലക്ഷ്മി, സിതാര, രാധ രവി, മണിവണ്ണൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. രജനീകാന്തും രമ്യ കൃഷ്ണനും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള തീവ്രമായ സംഘർഷങ്ങളാണ് ചിത്രത്തിൽ. രജനീകാന്തിന്‍റെ മാസ് സീനികുൾ തിയറ്ററിൽ കാണാൻ പുതുതലമുറക്ക് അവസരം ലഭിക്കുകയാണ് പടയപ്പയുടെ റീ റിലീസിലൂടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.