മല്ലിക സുകുമാരൻ

പരാതികളും ബലഹീനതകളും സംസാരിക്കാനുള്ളതാകണം സംഘടന, സിനിമയിൽ ചിലർ സ്വയം ബുദ്ധിജീവി ചമയുന്നു -മല്ലിക സുകുമാരൻ

സമൂഹ മാധ്യമങ്ങളെയും സിനിമ സംഘടനയെയും പരസ്യമായി വിമർശിച്ച് മല്ലിക സുകുമാരൻ. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന കെ.പി.സി.സി സംസ്കാര സാഹിതിയുടെ തെക്കൻ മേഖല കാമ്പിൽ സംസാരിക്കുകയായിരുന്നു നടി. പല സാഹചര്യങ്ങളിലും സാമൂഹിക മാധ്യമങ്ങൾ അനാവശ്യ വിവാദമുണ്ടാക്കുന്നുണ്ടെന്ന് മല്ലിക സുകുമാരൻ പറഞ്ഞു. കാമറയും മൈക്കും തൂക്കി ഇറങ്ങുന്ന ഇവരെല്ലാം ജേണലിസം കഴിഞ്ഞവരാണോ എന്ന് ആർക്കുമറിയില്ലെന്നും മല്ലിക പറഞ്ഞു.

അതേസമയം ഉള്ളത് പറയുന്നതുകൊണ്ട് അമ്മ സംഘടനയിൽ നിന്ന് പോലും വിമർശനമുണ്ടായിയെന്നും മല്ലിക വ്യക്തമാക്കി. പരാതികളും ബലഹീനതകളും സംസാരിക്കാനുള്ളതാകണം സംഘടന. ചിലർ സ്വയം ആളാകുകയാണെന്നും അവർ പറഞ്ഞു. അത്തരക്കാരെ മാറ്റിനിർത്തണം. ഒന്ന് കിട്ടിക്കഴിഞ്ഞാൽ ആവശ്യമില്ലാത്തത് പറഞ്ഞുണ്ടാക്കുകയാണെന്നും മല്ലിക സുകുമാരന്‍ വിമർശിച്ചു.

ഇല്ലാത്ത ബുദ്ധി ഉണ്ട് എന്ന് വിചാരിക്കുന്ന ചില ബുദ്ധിജീവികൾ സിനിമയിലുണ്ടെന്നും തങ്ങളുടെ കാലത്ത് സോഷ്യൽ മീഡിയ ഇല്ലാതിരുന്നത് മഹാഭാഗ്യമാണെന്നും മല്ലിക പറഞ്ഞു.'പൃഥ്വിരാജിനോട് ശത്രുതയുള്ളവർ ഒരുപാട് ഉണ്ട്, ഏത് സംഘടന ആയാലും ആത്മാർഥമായ ഒരു കൂട്ടായ്മ ഉണ്ടാകണം. സത്യത്തെ ബഹുമാനിക്കുന്ന ഒരു കൂട്ടായ്മയാണ് വേണ്ടത്. ജനങ്ങൾ അറിഞ്ഞില്ലെങ്കിൽപോലും നമ്മുടെ തെറ്റുകൾ തിരുത്തണം എന്ന ഉറച്ച നിലപാടുണ്ടാവണം. ഇതൊന്നും ഇല്ലാത്ത സംഘടനയിലെ കാര്യങ്ങൾ നാട്ടിൽ പാട്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട' -മല്ലിക സുകുമാരൻ വിമർശിച്ചു.

'ചില പെണ്‍പിള്ളേര്‍ സിനിമയെ കുറിച്ച് സംസാരിക്കുന്നത് കേട്ടാല്‍ സിനിമ കണ്ടുപിടിച്ചവരുടെ അത്മാവ് വരെ തലകുനിച്ച് പോകും. സ്വയം ആളാവുക അതാണ് പുതിയ മാർഗം. കണ്ടില്ല എന്ന് നടിച്ച് മാറ്റി നിർത്തിയാൽ മതി, തർക്കിക്കാൻ പോയാൽ അവർക്ക് ദേഷ്യവും വിഷമവും വരും. ഈ അടുത്ത കാലത്ത് ഇവരുടെ എക്സിക്യൂട്ടീവ് മീറ്റിങ് നടത്തിയപ്പോൾ ഒരു നടി പറഞ്ഞു മല്ലിക ചേച്ചിയെ വിളിക്കരുതേ അവര് ലൂസ് ടോക്ക് ആണെന്ന്…വലിയ നടിയൊന്നുമല്ല. അപ്പോൾ ഞാൻ പ്രസിഡന്റിനെ വിളിച്ച് ചോദിച്ചു അപ്പോൾ അവര് പറഞ്ഞു ചേച്ചി എല്ലാം വെട്ടി തുറന്ന് പറയില്ലേയെന്ന്…അപ്പോൾ കള്ളം പറയാനാണോ സംഘടന എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഒരു നാല് ചുമരുകൾക്കുള്ളിൽ ഇരുന്ന് നമ്മുടെ സങ്കടങ്ങളും പരാതികളും അങ്ങോട്ടും ഇങ്ങോട്ടും സംസാരിച്ച് വിലയിരുത്തി അത് നന്നാക്കിയെടുക്കാൻ ശ്രമിക്കണം. അതാണ് ഒരു സംഘടനയുടെ ഉത്തരവാദിത്തം' -മല്ലിക സുകുമാരൻ കൂട്ടിച്ചേർത്തു

Tags:    
News Summary - Mallika Sukumaran's controversial speech at KPCC meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.