ന്യൂഡൽഹി: 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നതുവരെ രണ്ടു മലയാള സിനിമകളുടെ പേരുകളാണ് പ്രതീക്ഷാ പട്ടികയിൽ ഉയർന്ന് കേട്ടത്. ഒന്ന് ഭ്രമയുഗം, രണ്ട് മഞ്ഞുമ്മൽ ബോയ്സ്. മികച്ച അഭിനയത്തിന് മമ്മൂട്ടിയിലൂടെയും മികച്ച ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാലിലൂടെയും ഭ്രമയുഗം പ്രതീക്ഷ കാത്തു. അതേസമയം, ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന മഞ്ഞുമ്മൽ ബോയ്‍സിന് പുരസ്കാരമൊന്നും ലഭിക്കാത്തത് നിരാശയായി. മികച്ച നടനുള്ള പട്ടികയിൽ 'ആടു ജീവിതത്തിലെ' അഭിനയത്തിന് പൃഥിരാജിന്‍റെ പേരും ഉയർന്ന് കേട്ടിരുന്നു.
മികച്ച മലയാള സിനിമക്കുള്ള പുരസ്കാരം ഏറെ ചർച്ചകൾക്ക് വഴി തുറന്ന ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. സംസ്ഥാന സർക്കാറിന്‍റെ മികച്ച നടിക്കുള്ള പുരസ്കാരം സിനിമയിലെ നടി ഷംല ഹംസക്ക് ലഭിച്ചിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഫെമിനിച്ചി ഫാത്തിമയെ തേടി എത്തിയിട്ടുണ്ട്.
മികച്ച ഗായികക്കുള്ള പുരസ്കാരം മലയാളികൾ ഏറ്റുപാടിയ 'അങ്ങുവാനക്കോണില്' എന്ന ഗാനം പാടിയ വൈക്കം വിജയലക്ഷ്മി സ്വന്തമാക്കി. 2024ൽ പുറത്തിറങ്ങിയ എ.ആർ.എം സിനിമയിലെ ഗാനമാണിത്. അകക്കണ്ണിന്‍റെ വെളിച്ചത്തിൽ ഗാന രംഗത്ത് വെളിച്ചം പരത്തുന്ന വൈക്കം വിജയ ലക്ഷ്മിയുടെ ഗാനങ്ങൾ ഹിറ്റായി തുടങ്ങിയത് സെല്ലുലോയ്ഡ് സിനിമയിലെ 'കാറ്റേ കാറ്റേ നീ പൂക്കാ മരത്തിൽ' എന്ന ഗാനത്തിലൂടെയാണ്.
34 ഭാഷകളിലായി 400 സിനിമകളാണ് ഇത്തവണ ചലച്ചിത്രം പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്. ചലച്ചിത്ര സംവിധായകൻ ജയരാജ് അധ്യക്ഷനായ11 അംഗ ജൂറിയാണ് പുരസ്കാര നിർണയ നടത്തിയത്. ഡൽഹിയിലെ നാഷനൽ മീഡിയ സെന്‍ററിലായിരുന്നു പുരസ്കാര പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.