പൊന്നാനി: ഒരു ബെഡിൽനിന്ന് രൂപപ്പെട്ട കഥാതന്തു വാണിജ്യവിജയത്തിന് പുറമെ ദേശീയ പുരസ്കാരത്തിനും അർഹമാകുമ്പോൾ അഭിമാന നിറവിലാണ് പൊന്നാനിയും. യാഥാസ്ഥിതിക വീട്ടകങ്ങളിലെ കൊച്ചുസംഭവങ്ങൾ നർമവും ചിന്തയും കലർത്തി ‘ഫെമിനിച്ചി ഫാത്തിമ’യെന്ന സിനിമയാക്കിയപ്പോൾ അർഹിച്ച അംഗീകരമാണ് പൊന്നാനിക്കാരനായ ഫാസിൽ മുഹമ്മദിന് ലഭിച്ചത്. മികച്ച മലയാള സിനിമയായാണ് ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ‘ഫെമിനിച്ചി ഫാത്തിമ’ തെരഞ്ഞെടുക്കപ്പെട്ടത്.
നേരത്തേ സംസ്ഥാന തലത്തിൽ നവാഗത സംവിധായകനുള്ള പുരസ്കാരം, മികച്ച നടിക്കുള്ള അവാർഡ്, മികച്ച രണ്ടാമത്തെ സിനിമക്കുള്ള അവാർഡ് എന്നിവ നേടി ആദ്യ സിനിമയിലൂടെ ഹാട്രിക് മധുരം ഫാസിൽ കൊയ്തിരുന്നു. ഐ.എഫ്.എഫ്.കെ ഉൾപ്പെടെ നിരവധി മേളകളിൽ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ‘ഫെമിനിച്ചി ഫാത്തിമ’ ദേശീയ ചലച്ചിത്ര പുരസ്കാരത്തിലും മികച്ച നേട്ടമാണ് കൊയ്തത്. നവമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ‘ട്യൂഷൻ വീടി’ന്റെ സംവിധായകനായ ഫാസിൽ മുഹമ്മദിന്റെ ആദ്യ സിനിമയാണ് ‘ഫെമിനിച്ചി ഫാത്തിമ’.
തന്റെ വീട്ടിലെ ഒരു നുറുങ്ങ് സംഭവത്തെ കാലികപ്രസക്തിയുള്ള സംഭവങ്ങളുമായി കൂട്ടിയിണക്കിയാണ് ഫാസിൽ ‘ഫെമിനിച്ചി ഫാത്തിമ’യെന്ന സിനിമയിലേക്കെത്തിയത്. പൊന്നാനി തീരദേശ മേഖലയിൽ ചിത്രീകരിച്ച പൊന്നാനിക്കാരന്റെ സിനിമയിൽ പുതുമുഖങ്ങളുൾപ്പെടെ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്.
2003 കേരള ഫിലിം ഫെസ്റ്റിവലിൽ മികച്ച മലയാള ചിത്രത്തിനുള്ള അവാർഡ് നേടിയ ‘1001 നുണകളി’ൽ മികച്ച കഥാപാത്രത്തെ അവതരിപ്പിച്ച ഷംല ഹംസയാണ് ഫാത്തിമയായി വേഷമിട്ടത്. മറ്റ് മേളകളിൽ അവാർഡുകൾ നേടുമ്പോഴും ദേശീയ അവാർഡ് സ്വപ്നം മാത്രമായിരുന്നുവെന്ന് സംവിധായകൻ ഫാസിൽ മുഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു. ‘1001 നുണകളു’ടെ സംവിധായകൻ താമർ, സുധീഷ് സ്കറിയ, ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്. ദുൽഖർ സൽമാന്റെ നിർമാണ കമ്പനിയാണ് തിയറ്ററുകളിൽ പ്രദർശനത്തിനെത്തിച്ചിരുന്നത്. ദേശീയ പുരസ്കാരം തുടർന്നുള്ള സിനിമാജീവിതത്തിന് ഏറെ ഊർജം പകരുന്നതാണെന്ന് ഫാസിൽ മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.