കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്കാരത്തിനായുള്ള അന്തിമ പട്ടികയിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം തന്റെ പേരും നാമനിർദേശം ചെയ്യപ്പെട്ടതിൽ അതിയായ സന്തോഷമുണ്ടെന്ന് നടൻ ആസിഫ് അലി. ചലച്ചിത്ര രംഗത്ത് എത്തി ഇത്രയും വർഷങ്ങൾക്കകം ഇത്തരമൊരു നേട്ടത്തിന്റെ അരികിലെത്താൻ കഴിഞ്ഞതുതന്നെ വലിയ കാര്യമായാണ് കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘മമ്മൂക്കക്കൊപ്പം നാമനിർദേശ പട്ടികയിൽ വരാൻ കഴിഞ്ഞതുതന്നെ വലിയൊരു ഭാഗ്യമാണ്. അതിനപ്പുറം ഒന്നും ആഗ്രഹിച്ചിരുന്നില്ല. പുരസ്കാരം ലഭിക്കുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല’- ആസിഫ് അലി പറഞ്ഞു.
ദേശീയ പുരസ്കാരത്തിന് എല്ലാ വിഭാഗങ്ങളിലേക്കും മികച്ച മലയാള സിനിമകൾ മത്സരിക്കാനുണ്ടായിരുന്നുവെന്നും, അതിൽ ‘മഞ്ഞുമ്മൽ ബോയ്സിന്’ പുരസ്കാരം ലഭിക്കുമെന്നാണ് താൻ ഏറെ പ്രതീക്ഷിച്ചിരുന്നതെന്നും ആസിഫ് കൂട്ടിച്ചേർത്തു. സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണത്. ദേശീയ തലത്തിൽ ചിത്രത്തിന് പുരസ്കാരം ലഭിക്കാതെ പോയതിൽ സങ്കടമുണ്ട്. സംവിധായകൻ ചിദംബരത്തിന് അവാർഡ് ലഭിക്കുമെന്ന് ഏറെ പ്രതീക്ഷിച്ചിരുന്നുവെന്നും താരം വെളിപ്പെടുത്തി.
ഇത്തവണത്തെ ദേശീയ അവാർഡ് ജൂറിക്കു മുന്നിലെത്തിയ മലയാളത്തിലെ പ്രധാന ചിത്രങ്ങൾ ഭ്രമയുഗം, മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധാകാണ്ഡം എന്നിവയായിരുന്നു. ഇതിൽ ‘കിഷ്കിന്ധാകാണ്ഡം’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആസിഫ് അലിക്ക് പുരസ്കാരം ലഭിച്ചേക്കുമെന്ന തരത്തിൽ വലിയ ചർച്ചകൾ സിനിമാ ലോകത്ത് സജീവമായിരുന്നു.
‘ഭ്രമയുഗം’ എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനത്തിലൂടെ നടൻ മമ്മൂട്ടിയാണ് മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയത്. യാമി ഗൗതമിനാണ് മികച്ച നടിക്കുള്ള പുരസ്കാരം. രാജ്കുമാർ പെരിയസാമി മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. ‘ഭ്രമയുഗ’ത്തിന്റെ ദൃശ്യമികവൊരുക്കിയ ഷഹ്നാദ് ജലാൽ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം നേടിയപ്പോൾ, മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമ' കരസ്ഥമാക്കി.
മികച്ച ഗായിക വൈക്കം വിജയ ലക്ഷ്മി. ‘എ.ആർ.എം’ സിനിമയിലെ ‘അങ്ങുവാനക്കോണിൽ’ എന്ന ഗാനത്തിനാണ് പുരസ്കാരം. മികച്ച തിരക്കഥക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ലക്കി ഭാസ്കറാണ് സിനിമ.
രാജ്കുമാർ പെരിയ സ്വാമിയാണ്(അമരൻ) മികച്ച സംവിധായകൻ. മികച്ച സിനിമയായി ആർട്ടിക്കിൾ 370 തെരഞ്ഞെടുത്തു.മികച്ച നടി യാമി ഗൗതം(ആർട്ടിക്കിൾ 370). മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം തെലുങ്ക് സിനിമയായ പുഷ്പക്ക് വേണ്ടി ദീപാലി ശർമയും ശീതൾ ശർമയും സ്വന്തമാക്കി.
മെയ്യഴകൻ (ശബ്ദ മിശ്രണം), ക്യാപറ്റൻ മില്ലർ എന്നിവക്ക് ജൂറി പ്രത്യേക പരാമർശം. മികച്ച സിനിമാ നിരൂപകൻ സഞ്ജീവ് ശ്രീ വാസ്തവ. മികച്ച ഫിലിം ക്രിട്ടിക് അവാർഡ് സഞ്ജയ് ശ്രീവാസ്തവ നേടി. നോൺ ഫീച്ചർ ഫിലിമിൽ ഭദ്രകാളി നാടകത്തിന് പ്രത്യേക പരാമർശം. കന്നട സിനിമയെ കുറിച്ചുള്ള സിനിമക്ക് പ്രദീപ് കുമാർ ഷെട്ടിക്ക് പുരസ്കാരം. മികച്ച വിവരണത്തിനുള്ള പുരസ്കാരം സൗന്ദര്യ ജയചന്ദ്രന് ലഭിച്ചു.
ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് വിജയികളെ പ്രഖ്യാപിച്ചത്. 2024 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസർ ബോർഡിന്റെ അംഗീകാരം ലഭിച്ച ചിത്രങ്ങളാണ് ഇത്തവണത്തെ പുരസ്‌കാരങ്ങൾക്കായി പരിഗണിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.