പുതുമുഖ സംവിധായകൻ എന്ന നിലയിൽ അവാർഡ് കിട്ടിയതിൽ അതിയായ സന്തോഷം; സിനിമയിലേക്ക് വരാൻ ആഗ്രഹിക്കുന്നവർക്ക് പുരസ്കാരം വലിയ പ്രചോദനമെന്നും ഫാസിൽ മുഹമ്മദ്

ന്യൂഡൽഹി: പുതുമുഖ സംവിധായകൻ എന്ന നിലയിൽ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട് എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച മലയാള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട 'ഫെമിനിച്ചി ഫാത്തിമ'യുടെ സംവിധായകൻ ഫാസിൽ മുഹമ്മദ്. പുതുമുഖ സംവിധായകരുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന അംഗീകാരമാണിതെന്ന് അദ്ദേഹം പറഞ്ഞു.

"പുതുമുഖ സംവിധായകൻ എന്ന നിലയിൽ ഈ അവാർഡ് ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഈ നേട്ടം. ഒരു പുതുമുഖ സംവിധായകന് സിനിമകൾ ചെയ്യാനുള്ള ധൈര്യം പകർന്നു നൽകാൻ ഈ അവാർഡിന് കഴിയുമെന്ന് വിശ്വസിക്കുന്നു. സിനിമയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു വലിയ പ്രചോദനമായിരിക്കും," ഫാസിൽ മുഹമ്മദ് മാധ‍്യമങ്ങളോട് പറഞ്ഞു.

വളരെ ചെറിയ ബജറ്റിൽ നിർമിച്ച ചിത്രമാണിത്. അഞ്ച് പേർ മാത്രം അടങ്ങുന്ന ചെറിയൊരു സംഘം ചേർന്നാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. പൊന്നാനിയിലെ ഒരു വീട് തന്നെയായിരുന്നു ലൊക്കേഷൻ. ചിത്രത്തിൽ അഭിനയിച്ചവരെല്ലാം തന്നെ പൊന്നാനിയിൽ നിന്നുള്ളവരായിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചപ്പോൾ തന്നെ ദേശീയ അവാർഡ് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെയും തെരഞ്ഞെടുത്ത അതേ വേദിയിൽ, മമ്മൂട്ടിക്കൊപ്പം സംസ്ഥാന പുരസ്‌കാരം പങ്കിടാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നാനൂറിലധികം ചിത്രങ്ങളാണ് ഇത്തവണ പരിഗണനയിലുണ്ടായിരുന്നത്. അതിൽ നവാഗതരുടെ പരീക്ഷണ ചിത്രങ്ങളും ഉൾപ്പെട്ടിരുന്നു. അത്തരം മത്സരങ്ങൾക്കിടയിൽ നിന്നാണ് 'ഫെമിനിച്ചി ഫാത്തിമ' ഈ നേട്ടം കൈവരിച്ചത്.

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടൻ ഭ്രമയുഗത്തിലെ അഭിനയത്തിന് മമ്മൂട്ടി സ്വന്തമാക്കി. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ പുരസ്കാരം ലഭിക്കുന്നത്. 34 ഭാഷകളിൽ നിന്നായി 400 സിനിമകളാണ് ഇത്തവണ ചലച്ചിത്ര പുരസ്കാരത്തിന് വേണ്ടി മത്സരിച്ചത്. മികച്ച തമിഴ് സിനിമ രായൻ സ്വന്തമാക്കി. ധനുഷ് ആണ് സിനിമയുടെ സംവിധായകൻ. മികച്ച ഡോക്യുമെന്‍ററിയായി ഹിന്ദി ഭാഷയിൽ സംവിധാനം ചെയ്ത റാം നമി തെരഞ്ഞെടുത്തു.

മികച്ച ഗായിക വൈക്കം വിജയ ലക്ഷ്മി. എ.ആർ.എം സിനിമയിലെ അങ്ങുവാനക്കോണിൽ എന്ന ഗാനത്തിനാണ് പുരസ്കാരം. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ഭ്രമയുഗം(ഷെഹ്നാദ് ജലാൽ) സ്വന്തമാക്കി. മികച്ച തിരക്കഥക്കുള്ള പുരസ്കാരം വെങ്കി അറ്റ്ലൂരി നേടി. ലക്കി ഭാസ്കറാണ് സിനിമ.

രാജ്കുമാർ പെരിയ സ്വാമിയാണ്(അമരൻ) മികച്ച സംവിധായകൻ. മികച്ച സിനിമയായി ആർട്ടിക്കിൾ 370 തെരഞ്ഞെടുത്തു.മികച്ച നടി യാമി ഗൗതം(ആർട്ടിക്കിൾ 370). മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം തെലുങ്ക് സിനിമയായ പുഷ്പക്ക് വേണ്ടി ദീപാലി ശർമയും ശീതൾ ശർമയും സ്വന്തമാക്കി.

മെയ്യഴകൻ (ശബ്ദ മിശ്രണം), ക്യാപറ്റൻ മില്ലർ എന്നിവക്ക് ജൂറി പ്രത്യേക പരാമർശം. മികച്ച സിനിമാ നിരൂപകൻ സഞ്ജീവ് ശ്രീ വാസ്തവ. മികച്ച ഫിലിം ക്രിട്ടിക് അവാർഡ് സഞ്ജയ് ശ്രീവാസ്തവ നേടി. നോൺ ഫീച്ചർ ഫിലിമിൽ ഭദ്രകാളി നാടകത്തിന് പ്രത്യേക പരാമർശം. കന്നട സിനിമയെ കുറിച്ചുള്ള സിനിമക്ക് പ്രദീപ് കുമാർ ഷെട്ടിക്ക് പുരസ്കാരം. മികച്ച വിവരണത്തിനുള്ള പുരസ്കാരം സൗന്ദര്യ ജയചന്ദ്രന് ലഭിച്ചു.

ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് വിജയികളെ പ്രഖ്യാപിച്ചത്. 2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസർ ബോർഡിന്റെ അംഗീകാരം ലഭിച്ച ചിത്രങ്ങളാണ് ഇത്തവണത്തെ പുരസ്‌കാരങ്ങൾക്കായി പരിഗണിച്ചത്. ചലച്ചിത്ര സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാര നിർണയം പൂർത്തിയാക്കിയത്.

Tags:    
News Summary - Extremely happy to receive an award as a debut director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.