‘അങ്ങ് വാനക്കോണില് മിന്നിനിന്നൊരമ്പിളി’; ദേശീയ പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മി

അകക്കണ്ണ് കൊണ്ട് പാടി മലയാളികളുടെ മനം കവർന്ന നമ്മുടെ സ്വന്തം ‘വൈക്കം വിജയലക്ഷ്മി’ ദേശീയ പുരസ്കാരത്തിന്റെ നിറവിൽ. 72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരപ്രഖ്യാപനത്തിൽ മികച്ച പിന്നണി ഗായിക എന്ന ബഹുമതിയിലൂടെ ആദ്യമായാണ് വൈക്കം വിജയലക്ഷ്മിയെ പുരസ്കാരം തേടിയെത്തിയത്. 2024ൽ പുറത്തിറങ്ങിയ ടൊവിനോ നായകനായ ‘അജയന്റെ രണ്ടാം മോഷണം’ (എ.ആർ.എം) എന്ന സിനിമയിൽ പാടിയ ‘അങ്ങ് വാനക്കോണില്’ എന്ന ഗാനത്തിനാണ് അവാർഡ്.

മനു മഞ്ജിത്തിന്റെ വരികളിലൂടെ ദിപു നൈനാൻ തോമസ് നൽകിയ സംഗീതത്തിൽ വൈക്കം വിജയലക്ഷ്മിയുടെ സ്വരം നൽകിയ മധുരഗീതത്തിലൂടെയാണ് മലയാളക്കരയിലേക്ക് ഈ സുവർണ നേട്ടം കൈവന്നത്. ചിത്രത്തിൽ സുരഭി ലക്ഷ്മി അവതരിപ്പിച്ച കഥാപാത്രം മാണിക്കം തന്റെ പേരക്കുട്ടിക്ക് (അജയൻ) പാടിക്കൊടുക്കുന്ന ഒരു താരാട്ടുപാട്ട് രൂപത്തിലാണ് അങ്ങ് വാനക്കോണില് എന്ന ഗാനം. ചിത്രത്തെപ്പോലെത്തന്നെ ഈ പാട്ടും മലയാളക്കരയും വിട്ട് ഹിറ്റായി മാറി.

അകക്കണ്ണ് വെളിച്ചെത്തിൽ എക്കാലത്തും മധുരമൂറുന്ന ഗാനങ്ങൾകൊണ്ട് മലയാളി പ്രേക്ഷകരെ ത്രസിപ്പിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. ഒട്ടേറെ പാട്ടുകൾ ആലപിച്ച് ചലചിത്ര രംഗത്തേക്ക് വന്ന ഗായിക ‘സെല്ലുലോയ്ഡ്’ എന്ന മലയാളസിനിമയിൽ ‘കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ’ എന്ന പാട്ടിലൂടെയാണ് ജനശ്രദ്ധ നേടിയത്. അനശ്വര ഗായകൻ ജെ. ശ്രീരാമുമൊത്താണ് പാടിയിരുന്നത്. കൂടാതെ, ‘ബാഹുബലി’ എന്ന ചിത്രത്തിൽ എക്കാലത്തെയും സൂപ്പർ ഡ്യൂപ്പറായ ‘ആരിവൻ ആരിവൻ..’ എന്ന ഗാനവും ആലപിച്ചു. മലയാളത്തിലെ ഒട്ടുമിക്ക സിനിമകളിലും വിജയലക്ഷ്മി പാടുകയും നിരവധി ചെറുതും വലുതുമായ പുരസ്കാരങ്ങളും നേടി.

കേരള സംഗീതനാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം (2013), കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ ജൂറിയുടെ പ്രത്യേക പരാമർശം (2012), ഏഷ്യാനെറ്റ് ന്യൂസ് സ്ത്രീശക്തി പുരസ്കാരം, പ്രഥമ കേരളശ്രീ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. എന്നാൽ ആദ്യമായാണ് ഈ അസാധ്യ ഗായികയെ ദേശീയ പുരസ്കാര തേടിയെത്തുന്നത്.

Tags:    
News Summary - Malayalam's favorite singer Vaikom Vijayalakshmi was awarded the best playback singer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.