72-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരം ഇന്ന് വൈകുന്നേരം 5:30-ന് പ്രഖ്യാപിക്കും; മലയാള സിനിമക്ക് പ്രതീക്ഷകൾ ഏറെ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്‌കാരങ്ങളായ 72-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ ഇന്ന് വൈകുന്നേരം 5:30-ന് പ്രഖ്യാപിക്കും. ഡൽഹിയിലെ നാഷണൽ മീഡിയ സെന്ററിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര വാർത്താവിതരണ മന്ത്രാലയമാണ് വിജയികളെ പ്രഖ്യാപിക്കുന്നത്. ജൂറിയുടെ അന്തിമ തീരുമാനങ്ങൾക്കായി കാത്തിരുന്നതിനാൽ രണ്ടാഴ്ചത്തെ കാലതാമസത്തിന് ശേഷമാണ് ഇപ്പോൾ പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്. പി.ഐ.ബി ഇന്ത്യയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ ഈ പ്രഖ്യാപനം തത്സമയം വീക്ഷിക്കാവുന്നതാണ്.

2024 ജനുവരി 1 മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ സെൻസർ ബോർഡിന്റെ അംഗീകാരം ലഭിച്ച ചിത്രങ്ങളാണ് ഇത്തവണത്തെ പുരസ്‌കാരങ്ങൾക്കായി പരിഗണിക്കുന്നത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജയരാജ് അധ്യക്ഷനായ 11 അംഗ ജൂറിയാണ് പുരസ്‌കാര നിർണയം പൂർത്തിയാക്കിയത്. രാജ്യത്തുടനീളമുള്ള മികച്ച ചിത്രങ്ങളെ വിലയിരുത്തിയ ശേഷമാണ് ജൂറി തങ്ങളുടെ ശുപാർശകൾ മന്ത്രാലയത്തിന് സമർപ്പിച്ചത്.

കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമക്ക് വലിയ നേട്ടങ്ങൾ സമ്മാനിച്ച ഒട്ടേറെ ചിത്രങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ആഗോളതലത്തിൽ ശ്രദ്ധനേടിയ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, ലാപത ലേഡീസ് എന്നിവക്കൊപ്പം ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച പുഷ്പ 2, സ്ത്രീ 2, ഹനുമാൻ, മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു, കിഷ്കിന്ധാ കാണ്ഡം തുടങ്ങിയ ചിത്രങ്ങളും പട്ടികയിലുണ്ട്.

മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി 'ഭ്രമയുഗം' എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെയും, പൃഥ്വിരാജ് 'ആടുജീവിത'ത്തിലൂടെയും മികച്ച നടനുള്ള പട്ടികയിൽ സജീവമായി നിൽക്കുന്നുണ്ട്. അതുപോലെ കാർത്തിക് ആര്യൻ (ചന്തു ചാമ്പ്യൻ), യാമി ഗൗതമി (ആർട്ടിക്കിൾ 370), ശ്രദ്ധ കപൂർ (സ്ത്രീ 2), സായ് പല്ലവി (അമരൻ), കനി കുസൃതി (ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്), ആലിയ ഭട്ട് (ജിഗ്ര) തുടങ്ങിയവരും മികച്ച പ്രകടനങ്ങളിലൂടെ ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്. സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ പുരസ്‌കാര പ്രഖ്യാപനത്തിൽ മലയാള സിനിമക്ക് ഇത്തവണയും വലിയ പ്രതീക്ഷകളാണുള്ളത്.

Tags:    
News Summary - 72nd National Film Awards winners to be announced today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.