‘ബോളിവുഡിന്റെ ബാദ്ഷാ’യെന്ന വിളിപ്പേര് ഷാരൂഖ് ഖാൻ ഒരൊറ്റ സിനിമകൊണ്ട് ഉണ്ടാക്കിയെടുത്തതല്ല. സിനിമ സ്വപ്നം കണ്ടുനടന്ന നാൾമുതൽ ഇന്ന് ഇൻഡസ്ട്രിയിലെതന്നെ ഏറ്റവും വലിയ താരമായി മാറിയതുവരെ കിങ് ഖാൻ പിന്നിട്ട വഴികൾ അത്ര വലുതായിരുന്നു.
ഷാരൂഖിനെക്കുറിച്ചുള്ള രസകരമായ ചില കാര്യങ്ങൾ നിർമാതാവ് വിവേക് വാസ്വാനി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. താൻ ആദ്യമായി സംവിധാനം ചെയ്ത ദിൽ ആഷ്‌ന ഹേ എന്ന ചിത്രത്തിൽ അഭിനയിക്കാൻ നടി ഹേമമാലിനി ഷാരൂഖിനെ സമീപിച്ചതിനെക്കുറിച്ചുള്ള രസകരമായ കഥ അദ്ദേഹം പങ്കുവെച്ചു. ഷാരൂഖിന്റെ 60-ാം പിറന്നാൾ ആഘോഷത്തിനു മുന്നോടിയായാണ് ‘റേഡിയോ നഷ‘യുമായി വിവേക് വാസ്വാനി സംസാരിച്ചത്.
‘1992ലായിരുന്നു അത്. ഷാരൂഖ് തന്നോടൊപ്പം താമസിച്ചിരുന്ന സമയത്ത് അദ്ദേഹം സിനിമയിൽ നിന്നും തന്‍റെ ആദ്യ ഇടവേള എടുക്കാൻ ഒരുങ്ങുകയായിരുന്നു. ഈ സമയത്താണ് ഹേമ മാലിനിയിൽ നിന്ന് അപ്രതീക്ഷിതമായി ഒരു കോൾ വന്നത്. അത് തങ്ങളെ ഇരുവരെയും ഞെട്ടിച്ച ഒന്നായിരുന്നു.
ഹേമമാലിനി വീട്ടിലേക്ക് വിളിച്ചപ്പോൾ എന്റെ അച്ഛനാണ് ഫോൺ എടുത്തത്. അവർ സ്വയം പരിചയപ്പെടുത്തിയ ശേഷം വിവേക് വാസ്വാനി അവിടെയുണ്ടോ എന്നു ചോദിച്ചു. 'ഹേമമാലിനി ആരാണ്?' എന്നായിരുന്നു അച്ഛന്‍റെ ചോദ്യം. 'ഹേമമാലിനി, സൂപ്പർസ്റ്റാർ' എന്ന് അവർ മറുപടി നൽകി. അച്ഛൻ വന്ന് എന്‍റെ കോളറിൽ പിടിച്ച് എഴുന്നേൽപിച്ചുകൊണ്ട് ഹേമാമാലിനി വിളിക്കുന്നുണ്ടെന്നു പറഞ്ഞു.
ഹേമമാലിനി ഷാരൂഖിനെക്കുറിച്ച് അന്വേഷിക്കുകയും അവനോട് ഒരു പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കാൻ താൽപര്യമുണ്ടെന്ന് പറയുകയും ചെയ്തു. ആ കുട്ടി ഷാരൂഖ് ഖാൻ, ഇപ്പോഴും നിങ്ങളുടെ ഒപ്പമാണോ താമസിക്കുന്നത് എന്ന് അവർ ചോദിച്ചു. ഞാൻ ‘അതെ’ എന്ന് പറഞ്ഞു. അവനെ ഉണർത്താൻ അവർ എന്നോട് പറഞ്ഞു. ഞാൻ ഷാരൂഖിനെ പിടിച്ച് എഴുന്നേൽപ്പിച്ച് കാര്യം പറഞ്ഞു. അവൻ ഹേമമാലിനിയോട് ഫോണിൽ സംസാരിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചു മണിക്ക് വീട്ടിൽ എത്താൻ അവർ അവനോട് ആവശ്യപ്പെട്ടു’ -വിവേക് ഓർത്തെടുത്തു.
വിവേകും ഷാരൂഖും ഒന്നിച്ചാണ് ഹേമമാലിനിയുടെ വീട്ടിൽ പോയത്. ഞാൻ വളരെ പരിഭ്രാന്തനായിരുന്നു. എങ്കിലും ഷാരൂഖിനെ ഹേമാമാലിനിക്കുമുന്നിൽ മികവുറ്റവനായി കാണിക്കാൻ ഞാൻ പരമാവധി ശ്രമിച്ചു. രണ്ട് കുഞ്ഞൻ എലികളെപ്പോലെയാണ് ഞങ്ങൾ അവരുടെ വീട്ടിലേക്ക് പോയത്. അവിടെ ഒരാൾ ഞങ്ങളുടെ മുന്നിൽ പത്രം വായിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആദ്യം അദ്ദേഹത്തെ മനസ്സിലായില്ല. പക്ഷേ, പത്രം താഴെ വെച്ചപ്പോൾ അത് ധർമേന്ദ്രയാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ഹേമാ ജി വന്ന് ഷാരൂഖിനോട് പറഞ്ഞു, ‘നിങ്ങൾ വളരെ വിരൂപനാണ്’.
ദിൽ ആഷ്നാ ഹെയിൽ ഷാരൂഖിനെ അഭിനയിപ്പിക്കുന്ന കാര്യം സംസാരിക്കാനാണ് അവർ ഞങ്ങളെ വിളിച്ചത്. നിങ്ങൾ എന്തുകൊണ്ടാണ് ഷാരൂഖിനെ തെരഞ്ഞെടുത്തതെന്ന് ഞാൻ അവരോട് ചോദിച്ചു. ‘ആമിർ ഖാനും സൽമാൻ ഖാനും ഈ സിനിമ വേണ്ടെന്നു പറഞ്ഞു അതുകൊണ്ടാണ്' എന്നായിരുന്നു അവരുടെ മറുപടി. രാകേഷ് റോഷനും രമേഷ് സിപ്പിയും ഷാരൂഖിന്‍റെ ഡേറ്റിനായി കരാർ ഒപ്പിട്ടിട്ടുണ്ടെന്ന് ഞാൻ അവരോട് നുണ പറഞ്ഞു. കാരണം ആളുകളുടെ കരിയറിനാവശ്യമായിവന്നാൽ കള്ളം പറയുന്ന കാര്യത്തിൽ ഞാൻ രാജാവാണ്’ -വിവേക് തുടർന്നു.
‘50,000 രൂപ ഞാൻ തരും. ഞാൻ ഹേമ മാലിനിയാണ്. അതിനാൽ മറ്റു ചോദ്യങ്ങളൊന്നുമില്ല’-അവർ പറഞ്ഞു. ഹേമ മാലിനി സംവിധാനം ചെയ്ത ദിൽ ആഷ്‌ന ഹേ എന്ന സിനിമയിൽ അങ്ങനെ ഷാരൂഖ് ഖാൻ നായകനായി. ദിവ്യ ഭാരതിയായിരുന്നു നായിക. ജീതേന്ദ്ര, ഡിംപിൾ കപാഡിയ, അമൃത സിങ്, മിഥുൻ ചക്രവർത്തി എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.