ഗിരിജ ഷെട്ടാർ

'ഇനിയൊരു മനപ്രയാസമുണ്ടാകാതിരിക്കാൻ ഇന്ത്യൻ സിനിമകൾ കാണുന്നത് നിർത്തി'; ഒരുകാലത്ത് ആരാധക ഹൃദയത്തിൽ ഇടം പിടിച്ച വന്ദനത്തിലെ ഗാഥക്ക് പിന്നീട് എന്തു സംഭവിച്ചു?

പ്രിയദർശൻ സിനിമയിലൂടെ മലയാളി നായികയായി എത്തിയ ആ ബ്രിട്ടീഷുകാരി പെൺകുട്ടിയെ അത്രപെട്ടന്ന് ആരാധകർക്ക് മറക്കാൻ സാധിക്കില്ല. വന്ദനം സിനിമയിലെ നായിക കഥാപാത്രമായ ഗാഥ സിനിമ പ്രേമികളുടെ മനസ്സിൽ മായാതെനിൽക്കുന്ന വേഷമാണ്. എന്നാൽ ഗിരിജ ഷെട്ടാർ എന്ന ആ യുവ നടിക്ക് പിന്നീട് എന്താണ് സംഭവിച്ചത്, താര പദവിയിലേക്ക് ഉയർന്നുകൊണ്ടിരിക്കെ അവർ എന്തിനു തിരിച്ചുപോയി എന്നത് ഇന്നും പലർക്കും അറിയാത്ത കാര്യമാണ്.

1989-ൽ പുറത്തിറങ്ങിയ മണിരത്നത്തിന്റെ റൊമാന്റിക് ക്ലാസിക് ചിത്രമായ ഗീതാഞ്ജലിയിലൂടെ നാഗാർജുന അക്കിനേനിക്കൊപ്പമാണ് ഗിരിജ ഷെട്ടാർ സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഗിരിജയുടെ പിതാവ് ഒരു ഇന്ത്യക്കാരനും അമ്മ ഒരു ബ്രിട്ടീഷ് പൗരയുമാണ്. മണിരത്നത്തിന്‍റെ നായികയായി കരിയർ ആരംഭിച്ച താരം പിന്നീട് പ്രിയദർശൻ ചിത്രമായ വന്ദനത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചു. എന്നാൽ 'ജോ ജീത വോഹി സിക്കന്ദർ' എന്ന ആമിർ ഖാൻ ചിത്രത്തിൽ നായികയാകാൻ ഒരുങ്ങിയ ഗിരിജ പിന്നീട് ബോളിവുഡിലും ശ്രദ്ധ നേടി. എന്നാൽ സംവിധായകൻ മൻസൂർ ഖാൻ തന്‍റെ ചിത്രത്തിലെ പല അഭിനേതാക്കളെയും മാറ്റുകയും ആയിഷ ജുൽക്കയെ നായികയാക്കുകയും ചെയ്തിരുന്നു. ഇത് ഗിരിജ തന്‍റെ സിനിമ ജീവിതത്തിന് വിരാമമിട്ട് വിദേശത്തേക്കു പോകാൻ ഒരു കാരണമാവുകയായിരുന്നു. ജോ ജീത വോഹി സിക്കന്ദറിന്റെ ചില രംഗങ്ങളിൽ ഗിരിജയെ കാണാം. എന്നാൽ ഇനിയൊരു മനപ്രയാസമുണ്ടാകാതിരിക്കാൻ താൻ ഇന്ത്യൻ സിനിമകൾ കാണുന്നത് തന്നെ ഉപേക്ഷിച്ചുവെന്ന് അവർ പറഞ്ഞിരുന്നു.

നായികമാർ എക്കാലവും ആഗ്രഹിച്ചിരുന്ന തരത്തിലുള്ള കഥാപാത്രമായിരുന്നു ഗീതാഞ്ജലിയിലേത്. ഗിരിജയുടെ തനതായ ഭാവങ്ങളും പിടിച്ചുകെട്ടാത്ത അഭിനയരീതിയും ആ കഥാപാത്രത്തെ ഒന്നുകൂടെ മനോഹരമാക്കി. അതു വരെ മണിരത്നം സിനിമകളിൽ ഉണ്ടായിരുന്ന നായികമാരിൽനിന്നും വ്യത്യസ്തമായ കഥാപാത്രമായിരുന്നു ഗിരിജ അഭിനയിച്ച ഗീതാഞ്ജലി. ഗീതാഞ്ജലിയിൽ പ്രവർത്തിച്ച അനുഭവത്തെക്കുറിച്ച് നടി ഇന്ത്യൻ എക്സ്പ്രസിനോട് സംസാരിച്ചിരുന്നു.

'സിനിമകളിൽ എനിക്കൊരു സ്ഥാനം ഉറപ്പിക്കാൻ കാരണമായത് ഗീതാഞ്ജലിയിലാണ്. ആ കാലഘട്ടത്തിലെ വ്യത്യസ്തമായ കഥാപാത്രം ആയിരുന്നു ഗീതാഞ്ജലി. ഇക്കാരണത്താൽ 2004-ൽ മണിരത്നത്തിന്റെ സിനിമകളെക്കുറിച്ചുള്ള ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് റിട്രോസ്പെക്റ്റീവിൽ ഈ ചിത്രം ഉൾപ്പെടുത്തിയിരുന്നു. ദി എൻസൈക്ലോപീഡിയ ഓഫ് ഇന്ത്യൻ സിനിമയിൽ ഗീതാഞ്ജലിയെ കുറിച്ച് വളരെ രസകരമായ ഒരു പരാമർശം ഉണ്ടായിരുന്നു, 1991-ൽ ദി ഹിന്ദുവിന്റെ ചലച്ചിത്ര നിരൂപകയായ തേജസ്വിനി നിരഞ്ജന ഗീതാഞ്ജലി എന്ന കഥാപാത്രത്തെ 'നല്ല ആധുനികതയുടെ സൂചന' എന്ന് പരാമർശിച്ചിരുന്നു. സിനിമയിൽ അഭിനയിക്കുന്നതിന് പത്ത് വർഷത്തിന് മുമ്പുതന്നെ ആ വേഷത്തിനായി ഞാൻ എന്നെതന്നെ മാനസ്സികമായി സജ്ജമാക്കിയിരുന്നു. പക്ഷേ അത് എന്നെ തേടി വരുമെന്ന് എനിക്ക് അറിയില്ലായിരുന്നു. സമയമായപ്പോൾ ഞാനും ആ പ്രോജക്റ്റും കണ്ടുമുട്ടി' -ഗിരിജ പറഞ്ഞു.

അതേ വർഷം തന്നെയാസ്റ്റ് ഗിരിജ ഷെട്ടാറിനെതേടി മറ്റൊരു ശ്രദ്ധേയമായ ചിത്രം എത്തുന്നത്. ക്രൈം കോമഡി ഴോണറിൽ പുറത്തിറങ്ങിയ വന്ദനത്തിൽ മോഹൻലാലിന്‍റെ നായികയായി ഗിരിജ എത്തി. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട പ്രണയകഥകളിൽ ഒന്നായി തുടരുന്നു. ക്ലൈമാക്സിലെ ഗിരിജയുടെ ഹൃദയസ്പർശിയായ പ്രകടനം ഏറെ അഭിനന്ദനം നേടി.

പ്രിയദർശൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഗിരിജയോടൊപ്പമുള്ള അനുഭവം പങ്കുവെച്ചിരുന്നു. 'ഗിരിജയോടൊപ്പം പ്രവർത്തിക്കുന്നത് വളരെ രസകരമായ ഒരു അനുഭവമായിരുന്നു. അവർ അത്രയധികം നിഷ്കളങ്കയായിരുന്നു. ഭാഷ അറിയാതെതന്നെ അവർ വളരെ പ്രതിബദ്ധതയോടെ പ്രവർത്തിച്ചു. സിനിമക്ക് വേണ്ടി ഗിരിജ വളരെയധികം കഠിനാധ്വാനം ചെയ്തിരുന്നു. സെറ്റിൽവച്ച് ഒരു കാർ അവരെ ഇടിച്ച സംഭവം ഉണ്ടായി. കഥാപാത്രത്തിൽ അത്ര ലയിച്ച് അഭിനയിച്ചതിനാൽ തന്നെ അത് വരുന്നത് അവർ കണ്ടിരുന്നില്ല. അവരുടെ മുഖത്ത് എപ്പോഴും ഒരു പുഞ്ചിരി ഉണ്ടായിരുന്നു. പരിക്കേറ്റതിനുശേഷവും അവർ ജോലി ചെയ്യാൻ തയാറായി. മോഹൻലാലും ഗിരിജയും തമ്മിലുള്ള കെമിസ്ട്രി നന്നായി പ്രവർത്തിച്ചു. ഭാഷ നന്നായി അറിയില്ലായിരുന്നിട്ടും അവർ കോമഡി സീക്വൻസുകളിലടക്കം തന്റെ പരമാവധി നൽകി'യെന്ന് പ്രിയദർശൻ പറഞ്ഞു. എന്നാൽ മോഹൻലാലിനൊപ്പം അഭിനയിച്ച അവരുടെ മറ്റൊരു മലയാളം ചിത്രം ധനുഷ്കോടി, ബജറ്റ് പ്രശ്‌നങ്ങൾ കാരണം നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു.

പിന്നീട് ആദ്യ ഷെഡ്യൂളിന് ശേഷം വ്യക്തിപരമായ കാരണങ്ങളാൽ ലണ്ടനിലേക്ക് പോകേണ്ടിവന്നപ്പോഴാണ് ജോ ജീത വോഹി സിക്കന്ദർ എന്ന ചിത്രത്തിലെ അവരുടെ റോൾ നഷ്ടമായത്. ശേഷം ആയിഷ ജുൽക്ക അവർക്ക് പകരം നായികയായ് എത്തി. സ്ക്രീനിന് നൽകിയ ഒരു അഭിമുഖത്തിൽ സംവിധായകൻ മൻസൂർ ഖാൻ ഇതേകുറിച്ച് പറഞ്ഞിരുന്നു.

'ഞങ്ങൾ ഊട്ടിയിലും കൂനൂരിലും 40–45 ദിവസം ചിത്രീകരിച്ചു. പിന്നീട് ബോംബെയിൽ തിരിച്ചെത്തി പാട്ടുകൾ ഉൾപ്പെടെ ധാരാളം ഷോട്ടുകൾ ചെയ്തു. പക്ഷേ സിനിമ എങ്ങുമെത്തിയില്ല. ഞാൻ പേരുകൾ പറയുന്നില്ല, പക്ഷേ ചില ആളുകൾ തികച്ചും പ്രൊഫഷണലല്ലായിരുന്നു. അവർ എന്റെ മാത്രമല്ല മുഴുവൻ സംഘത്തിന്റെയും ജീവിതം ദുരിതത്തിലാക്കി. സിനിമ ഏതാണ്ട് സ്തംഭിച്ച അവസ്ഥ വന്നു. എനിക്ക് സിനിമ ഉപേക്ഷിക്കാൻ തോന്നി. പക്ഷേ സിനിമയുടെ കഥതന്നെ വീണിടത്തുനിന്നും എഴുന്നേറ്റ് വിജയിക്കുന്നതിനെക്കുറിച്ചാണ്. അതിനാൽ ഒരു തരത്തിൽ ജീവിതം കലയെ പ്രതിഫലിപ്പിക്കുകയായിരുന്നു. ഞങ്ങൾ ആ വ്യക്തികളെ പുറത്താക്കി. അവർ പത്രസമ്മേളനം നടത്തി എന്നെയും ആമിറിനെയും കുറിച്ച് ഒരുപാട് മോശമായ കാര്യങ്ങൾ പറഞ്ഞു. പക്ഷേ ഞങ്ങൾ പ്രതികരിച്ചില്ല. കാരണം ഞങ്ങൾക്ക് ഒരു സിനിമ നിർമിക്കാനുണ്ടായിരുന്നു, വളരെ നല്ലൊരു സിനിമ. അവസാന ഫലം നിങ്ങളുടെ മുന്നിലുണ്ട്' -അദ്ദേഹം പറഞ്ഞു.

ഈ കാലയളവിൽ ഗിരിജ ഷെട്ടാർ എ. രഘുരാമി റെഡ്ഡി സംവിധാനം ചെയ്ത അവരുടെ രണ്ടാമത്തെ തെലുങ്ക് ചിത്രമായ ഹൃദയാഞ്ജലി പൂർത്തിയാക്കി. ഒരു ദശാബ്ദത്തിനുശേഷം 2002 ൽ ഈ ചിത്രം പുറത്തിറങ്ങി. ചിത്രം നിരൂപക പ്രശംസ നേടുകയും മൂന്ന് സംസ്ഥാന അവാർഡുകൾ നേടുകയും ചെയ്തു.

ഇപ്പോൾ ജേണലിസ്റ്റായി പ്രവർത്തിക്കുന്ന ഗിരിജ തന്‍റെ ജീവിതത്തെകുറിച്ച് സംസാരിക്കുകയുണ്ടായി. .എന്റെ ആത്മീയ പഠനത്തോടൊപ്പം സിനിമാ അഭിനയവും സംയോജിപ്പിക്കാൻ കഴിയുമോ എന്നറിയാതെ വർഷങ്ങളായി ഞാൻ അസ്വസ്ഥയായിരുന്നു. എനിക്ക് സിനിമാനിർമാണം വളരെ ഇഷ്ടമായിരുന്നു. എല്ലാത്തിനുമുപരി ഇന്ത്യ എനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. ഇവിടുത്തെ ക്ഷേത്രങ്ങളെയും ആശ്രമങ്ങളെയും ഞാൻ ശരിക്കും മിസ് ചെയ്തു. ലോകത്ത് മറ്റൊരിടത്തും കണ്ടെത്താൻ കഴിയാത്തത്ര സമാധാനവും ദൈവീകതയും ആത്മീയ സേവനവും അവിടം തരുന്നുണ്ട്'.

പി.ടി.ഐ.ക്ക് നൽകിയ അഭിമുഖത്തിൽ ഇനിയൊരു മനപ്രയാസമുണ്ടാകാതിരിക്കാൻ ഇന്ത്യൻ സിനിമകൾ കാണുന്നത് വളരെക്കാലമായി താൻ നിർത്തിയിരുന്നുവെന്ന് ഗിരിജ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം 2024-ൽ ഗിരിജ ഷെട്ടാർ 'ഇബ്ബാനി തബ്ബിദ ഇലിയാലി' എന്ന കന്നഡ ചിത്രത്തിലൂടെ തിരിച്ചുവരവ് നടത്തി.

Tags:    
News Summary - girija stopped watching Indian movies for fear of triggering regrets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.