ദീപിക പദുക്കോൺ
'സ്പിരിറ്റ്', 'കൽക്കി 2' എന്നീ രണ്ട് പ്രൊജക്റ്റുകളിൽ നിന്ന് ദീപിക പദുകോൺ അടുത്തിടെ പുറത്താക്കപ്പെട്ടത് വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചിരുന്നു. എട്ട് മണിക്കൂർ ഷിഫ്റ്റ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഈ നീക്കം. അണിയറപ്രവർത്തകർ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. പ്രഭാസ് നായകനായ, നാഗ് അശ്വിൻ സംവിധാനം ചെയ്ത് വൻ വിജയം നേടിയ ചിത്രമാണ് 'കൽക്കി 2898 എഡി'.
സിനിമയുടെ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ പതിപ്പിന്റെ അവസാന ക്രെഡിറ്റ് ലിസ്റ്റിൽ നിന്ന് നടി ദീപിക പദുകോണിന്റെ പേര് നീക്കം ചെയ്തു എന്ന തരത്തിലുള്ള വിഡിയോകളും സ്‌ക്രീൻഷോട്ടുകളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയുണ്ടായി. പോസ്റ്ററിലുള്ള മൂന്ന് പ്രധാനകഥാപാത്രങ്ങളിലൊരാളായ ദീപികയുടെ പേര് ഒഴിവാക്കിയത് വലിയ തോതിൽ ചർച്ചക്ക് കാരണമായിട്ടുണ്ട്.
ഏതാനും ആഴ്ചകൾക്ക് മുമ്പ് 'കൽക്കി 2'ൽ നിന്ന് ദീപിക പദുകോൺ പിന്മാറിയതായി നിർമാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ്, ആദ്യ ഭാഗം ഒ.ടി.ടിയിൽ കണ്ട ചില ആരാധകർ ക്രെഡിറ്റ് ലിസ്റ്റിൽ ദീപികയുടെ പേര് കാണാനില്ലെന്ന് ആരോപിച്ച് വിഡിയോകൾ പങ്കുവെച്ചത്. ഇത് സിനിമയുടെ അണിയറ പ്രവർത്തകർക്ക് നേരെയുള്ള വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. ദീപികയെപ്പോലെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ച നടിയുടെ പേര് ഒഴിവാക്കിയത് 'വളരെ മോശമായ പ്രവൃത്തി' ആണെന്ന് പലരും അഭിപ്രായപ്പെട്ടു.
എന്നാലിപ്പോൾ കാണിക്കുന്ന വിഡിയോയിൽ ദീപികയുടെ പേരുമുണ്ട്. സംഭവം വിവാദമായതോടെ അത് തിരുത്തിയതാണെന്നാണ് ആരാധകരുടെ വാദം. ഇതൊരു സാങ്കേതികപ്രശ്‌നമായിരുന്നുവോ എന്ന കാര്യത്തിലും വ്യക്തതയില്ല. നിലവിൽ നെറ്റ്ഫ്ലിക്സിലും പ്രൈം വിഡിയോയിലും ഉള്ള 'കൽക്കി 2898 എഡി'യുടെ എല്ലാ പതിപ്പുകളിലും ഹിന്ദി, തെലുങ്ക്, മലയാളം ഉൾപ്പെടെ ദീപിക പദുകോണിന്റെ പേര് അവസാന ക്രെഡിറ്റ് ലിസ്റ്റിൽ വ്യക്തമായി കാണിക്കുന്നുണ്ട്.
ദീപികയുടെ പേര് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് എന്താണെന്ന ചോദ്യത്തിന് 'അവൾ വളരെ പുരോഗമനവാദിയാണെന്നാണ് എനിക്ക് തോന്നുന്നത്, അവരെപ്പോലെയുള്ള ആളുകളെയാണ് നമുക്ക് ആവശ്യം' എന്നായിരുന്നു കൊങ്കണയുടെ മറുപടി. ദീപികയുടെ എട്ട് മണിക്കൂർ ഷിഫ്റ്റ് വേണമെന്ന ആവശ്യത്തെക്കുറിച്ചുള്ള സംസാരത്തിൽ 'ഇൻഡസ്ട്രിയിൽ ചില നിയമങ്ങൾ ഉണ്ടായിരിക്കണമെന്ന് ഞാൻ കരുതുന്നു. ഞങ്ങൾക്ക് 14-15 മണിക്കൂർ ജോലി ചെയ്യാൻ സാധിക്കില്ല. ഞങ്ങൾക്ക് ഒരു 12 മണിക്കൂർ ടേൺഅറൗണ്ട് ഉണ്ടായിരിക്കണം. ആഴ്ചയിൽ കുറഞ്ഞത് ഒരു ദിവസമെങ്കിലും അവധി നൽകണം. പ്രത്യേകിച്ച് ടെക്നീഷ്യൻമാർക്ക്. അത് തുല്യമായിരിക്കണം എന്നാണ് ദീപിക പദുക്കോണിന്റെ നിലപാടിന് പിന്തുണയുമായി എത്തിയ നടിയും സംവിധായകയുമായ കൊങ്കണ സെന്‍ ശര്‍മ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.