‘മോഹൻലാൽ പറഞ്ഞതിൽ തെറ്റുണ്ട്, ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടുന്ന പ്രായം കുറഞ്ഞ വ്യക്തി അദ്ദേഹമല്ല’; പിഴവ് ചൂണ്ടിക്കാട്ടി മുതിർന്ന മാധ്യമപ്രവർത്തകൻ

ലയാളത്തിന്‍റെ പ്രിയനടൻ മോഹൻലാൽ ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയിരിക്കുകയാണ്. പുരസ്കാരദാന ചടങ്ങിൽ താരം നടത്തിയ പ്രസംഗം വൈറലായിരുന്നു. മോഹൻലാൽ പ്രസംഗത്തിൽ കുമാരാനാശാന്‍റെ വീണ പൂവിൽ നിന്നാണെന്ന് പറഞ്ഞ വരികൾ ചർച്ചയായിരുന്നു. താരം പറഞ്ഞ വരികൾ ആശാന്‍റേതല്ലെന്ന് നെസ്റ്റിസൺസ് ഒരേ സ്വരത്തിൽ പറഞ്ഞു. എന്നാൽ, അധികമാരും ശ്രദ്ധിക്കാതെ പോയ മറ്റൊരു പിഴവ് ചൂണ്ടിക്കാണിക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനായ ബൈജു ചന്ദ്രൻ.

ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം നേടുന്ന പ്രായം കുറഞ്ഞ വ്യക്തി മോഹൻലാൽ അല്ലെന്നാണ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ ബൈജു ചന്ദ്രൻ ചൂണ്ടിക്കാട്ടിയത്. 'ലതാ മങ്കേഷ്‌കറിന് മാത്രമല്ല 1976 ലെ അവാർഡ് ജേതാവായ ആദ്യകാല അഭിനേത്രി കാനൻ ദേവിക്കും അവാർഡ് ലഭിക്കുമ്പോൾ 60 വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ' എന്ന് അദ്ദേഹം എഴുതുന്നു.

ബൈജു ചന്ദ്രന്‍റെ പോസ്റ്റ്

ഫാൽക്കെ പുരസ്‌കാരം സ്വീകരിച്ചുകൊണ്ടുള്ള മോഹൻ ലാലിന്റെ പ്രസംഗത്തിൽ പരാമർശിക്കപ്പെട്ട കാവ്യ ശകലത്തെച്ചൊല്ലി സാമൂഹ്യ മാധ്യമങ്ങളിൽ കത്തിപ്പടർന്ന വിവാദങ്ങളൊക്കെ കെട്ടടങ്ങിയെന്നു തോന്നുന്നു. ആ കവിത ഏതാണെന്ന് ഇനിയും തീർച്ചയായിട്ടില്ലെങ്കിലും.

എന്നാൽ തന്റെ പ്രസംഗത്തിൽ മോഹൻ ലാൽ നടത്തിയ ഒരവകാശ വാദം ആരുമങ്ങനെ കാര്യമായി ശ്രദ്ധിച്ചില്ലെന്നു തോന്നുന്നു. ഫാൽക്കെ അവാർഡ് ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി താനാണെന്നുള്ളതായിരുന്നു അത്. ചെറിയൊരു കാര്യമല്ലല്ലോ, ചരിത്രത്തിലെ ഒരു നിർണ്ണായക സ്ഥാനം തന്നെയല്ലേ അത്? അതിന്റെ വാസ്തവമെന്താണെന്ന് തിരക്കാതെ മാധ്യമങ്ങൾ അതേപടി ഏറ്റെടുക്കുകയാണുണ്ടായത്.

അതിലെ വസ്തുതാപരമായ പിഴവ് ചൂണ്ടിക്കാണിച്ച ഒരു പത്രമാകട്ടെ പൂർണമായ വിവരങ്ങൾ പറഞ്ഞതുമില്ല. 60 വയസ്സുള്ളപ്പോൾ അവാർഡ് ലഭിച്ച ലതാ മങ്കേഷ്‌ക്കറാണ് ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ്‌ എഴുതി.അറുപത്തി മൂന്നാം വയസ്സിൽ രാജ് കപൂറിന് ഫാൽക്കേ ലഭിച്ച കാര്യവും.

ഇനി അൽപ്പം ചരിത്രം --

ഇന്ത്യയുടെ ഏറ്റവും വലിയ ഗായിക ലതാ മങ്കേഷ്‌കറിന് മാത്രമല്ല 1976 ലെ അവാർഡ് ജേതാവായ ആദ്യകാല അഭിനേത്രി കാനൻ ദേവിക്കും അവാർഡ് ലഭിക്കുമ്പോൾ 60 വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ. 1969ൽ ആദ്യത്തെ ഫാൽക്കേ അവാർഡ് ജേതാവായി ചരിത്രത്തിൽ സ്ഥാനം പിടിക്കുമ്പോൾ ദേവികാ റാണി എന്ന മഹാ നടിക്ക് 61 വയസ്സായിരുന്നു പ്രായം.1981ൽ വിഖ്യാത സംഗീതസംവിധായകൻ നൗഷാദിന് ഈ അവാർഡ് ലഭിച്ചപ്പോൾ 62 വയസ്സ്. 1984ൽ ഫാൽക്കെ പുരസ്‌കാരത്തിനർഹനായ സാക്ഷാൽ സത്യജിത് റേയ്ക്കും 1987ലെ പുരസ്‌കാര ജേതാവായ 'ദി ഗ്രേറ്റ്‌ ഷോമാൻ' രാജ് കപൂറിനും 63 വയസ്സായിരുന്നു പ്രായം. 2004 ലെ പുരസ്‌കാരം ലഭിക്കുമ്പോൾ മലയാളത്തിന്റെ സ്വന്തം അടൂർ ഗോപാലകൃഷ്ണന് 64 വയസ്സും. 65 വയസ്സുള്ള മോഹൻലാലിന് കൂട്ടായി അതേ പ്രായത്തിൽ ഫാൽക്കേ അവാർഡ് നേടിയ മറ്റൊരു മഹാനടൻ ചരിത്രത്തിലുണ്ട്.1971 ലെ ജേതാവായ പൃധ്വിരാജ് കപൂർ!

ഇന്നലെ ഒരു ചാനലിൽ കാണിച്ച മോഹൻ ലാലിനെ കുറിച്ചുള്ള ഒരു പരിപാടിയിൽ "ഏറ്റവും പ്രായം കുറഞ്ഞ ഫാൽക്കേ അവാർഡ് ജേതാവ്" എന്ന കാർഡ് കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. അദ്ദേഹത്തിന്റെ പ്രസംഗവും ഇപ്പോഴാണ് കാണാൻ ഇടയായത്. കവിതയുടെ കാര്യത്തിൽ വന്ന അബദ്ധത്തിന്റെ പിറകെ പോയവരൊന്നും ഇക്കാര്യം പറഞ്ഞതായി കണ്ടില്ല. ചിലപ്പോൾ ഞാൻ കാണാത്തതാകും.

മാധ്യമപ്രവർത്തകർക്ക് പിന്നെ ഈ ചരിത്രവസ്തുതകളൊക്കെ കൃത്യമായി തിരക്കി അറിയാൻ നേരമുണ്ടാകില്ല. ചരിത്രത്തിലെ ഇമ്മാതിരിയുള്ള അപഭ്രംശങ്ങൾ അല്ലെങ്കിലും ഇക്കാലത്ത് വലിയ വാർത്ത യൊന്നുമല്ലല്ലോ. മോഹൻലാലിനെപ്പോലെയുള്ള ഒരു മഹാപ്രതിഭക്ക് ചരിത്രത്തിൽ സ്ഥാനം നേടാൻ ഇങ്ങനെയൊരു അവകാശവാദത്തിന്റെയൊന്നും ആവശ്യമില്ല എന്നത് മറ്റൊരു വസ്തുത. അതെന്തായാലും മോഹൻ ലാലിന് ആ പ്രസംഗം എഴുതിക്കൊടുത്ത വ്യക്തിയാരാണെന്ന കാര്യം പുറത്തു പറയുന്നത് നന്നായിരിക്കും. ചരിത്ര പാഠപുസ്തകങ്ങൾ തിരുത്തിയെഴുതുന്നവർക്ക് നല്ല ഡിമാൻഡ് ഉള്ള കാലമാണല്ലോ ഇത്!

Full View


Tags:    
News Summary - Dadasaheb Phalke Award mohanlal's speesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.