1. ബാദുഷ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം 2. ബാദുഷ

'ആ പണം വാങ്ങിയത് ശമ്പളമായിട്ട്, ഇനി ഇക്കാര്യത്തിൽ ഒരു പ്രതികരണത്തിനുമില്ല' -ഹരീഷ് കണാരന്‍റെ പരാതിയിൽ കൂടുതൽ വിശദീകരണവുമായി ബാദുഷ

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ 20 ലക്ഷം രൂപ കടംവാങ്ങിയിട്ട് തിരിച്ച് തന്നില്ലെന്ന നടൻ ഹരീഷ് കണാരന്‍റെ പരാമർശം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിനെതിരെ ബാദുഷയും രംഗത്ത് വന്നിരുന്നു. ഇരുവരും തമ്മിലുള്ള വാക്കു തർക്കങ്ങളും ഭീഷണിയും മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് തന്നെ ഞെട്ടിച്ചുവെന്നും തന്‍റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലായിരുന്നതിനാലാണ് കൂടുതൽ പ്രതികരിക്കാതെ പോയതെന്നും ബാദുഷ ഫേസ് ബുക്കിൽ കുറിച്ചു. ഹരീഷിനോടും വിഷ്ണു ഉണ്ണിക്കൃഷ്ണനോടുമൊപ്പമുള്ള പഴയചിത്രം പങ്കുവെച്ചുകൊണ്ടാണ് ബാദുഷയുടെ പോസ്റ്റ്.

20 ലക്ഷത്തോളം രൂപ കടം വാങ്ങിയിട്ട് തിരിച്ചുനൽകിയില്ലെന്നും ഇത് സംഘടനയില്‍ അടക്കം പരാതി നൽകിയതിന്റെ പേരിൽ സിനിമകളിൽ നിന്ന് മാറ്റിനിർത്തിയെന്നുമാണ് ഹരീഷ് കണാരൻ മാധ്യമങ്ങളോടു പറഞ്ഞത്. കടംവാങ്ങിയ പണം തിരിച്ച് ചോദിച്ചതിന്റെ പേരിൽ മലയാള സിനിമയിൽ പ്രമുഖ പ്രൊഡക്ഷൻ കൺട്രോളറാണ് തന്നെ സിനിമകളിൽ നിന്ന് നിരന്തരം മാറ്റിനിർത്താൻ ഇടപെടുന്നതെന്ന് നേരത്തെ തന്നെ ഹരീഷ് കണാരൻ പറഞ്ഞിരുന്നെങ്കിലും പേര് വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ, ബാദുഷയാണ് ആ നിർമാതാവെന്ന് ഹരീഷ് വെളിപ്പെടുത്തുകയായിരുന്നു. അഭിനയത്തിൽ ഇടവേളയുണ്ടാകാനുള്ള കാരണം ബാദുഷയാണെന്നും ഇതൊരു ഒറ്റപ്പട്ട സംഭവമല്ലെന്നും പലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നുമായിരുന്നു ഹരീഷ് കണാരൻ പ്രതികരിച്ചത്.

ബാദുഷയുടെ ​ഫേസ് ബുക് കുറിപ്പിന്റെ പൂർണരൂപം

കഴിഞ്ഞ ദിവസം ഞാൻ നടത്തിയ വാർത്താ സമ്മേളനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണാജനകമായ വ്യാഖ്യാനങ്ങൾ പലേടത്തു നിന്നുമുണ്ടായ സാഹചര്യത്തിലാണ് ഈ കുറിപ്പ്.

ആർട്ടിസ്റ്റുകളെ പ്രോപ്പറയി മാനേജ് ചെയ്യുക അഥവാ സെലബ്രിറ്റി മാനേജ്മെന്റ് വളരെ പ്രൊഫഷണലായ ഒരു മേഖല സിനിമാരംഗത്തുണ്ട്. കഴിഞ്ഞ കുറെക്കാലമായി ഞാൻ അത് ചെയ്യുന്നുണ്ട്. എന്റെ ബന്ധങ്ങളും പരിചയവുമൊക്കെ അത് വളരെ നന്നായി ചെയ്യാൻ എന്നെ സഹായിച്ചിട്ടുണ്ട്.

നടന്റെ അല്ലെങ്കിൽ നടിയുടെ ഡേറ്റ് മാനേജ്മെന്റ്, അവസരങ്ങൾ ഉറപ്പ് വരുത്തുക, കൃത്യമായി ശമ്പളം വാങ്ങി നൽകുക അടക്കമുള്ള കാര്യങ്ങൾ ഇതിൽ വരും.

എന്റെ ബന്ധങ്ങളും മികവും മനസ്സിലാക്കി ശ്രീ. ഹരീഷ് കണാരൻ എന്നെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ കാര്യങ്ങൾ ചെയ്യുന്നതിന് എന്നെ ഏൽപ്പിക്കുകയും ചെയ്യുന്നത്. അദ്ദേഹത്തിന്റെ കഴിവിനെ വളരെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ വളരെ സന്തോഷത്തോടെ ആ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.

പ്രൊഡക്ഷൻ കൺട്രോളർക്ക് നിർമാതാവല്ലേ ശമ്പളം കൊടുക്കേണ്ടത്?

അതെ. എന്നാൽ 72 സിനിമകളിൽ പതിനാറ് സിനിമകൾ മാത്രമേ ഞാൻ പ്രൊഡ. കൺട്രാളറായിട്ടുള്ളവയുള്ളൂ. അതിന്റെ പ്രതിഫലം എനിക്ക് നിർമാതാവ് നൽകിയിട്ടുണ്ട്. ബാക്കി സിനിമകളിൽ ഞാൻ ഹരീഷിനു വേണ്ടി ജോലി ചെയ്തിട്ടുള്ളതാണ്. അതിനുള്ള പ്രതിഫലം സ്വാഭാവികമായും നൽകേണ്ടത് ഹരീഷ് ആണെന്നാണ് എന്റെ വിശ്വാസം. പരാമർശ വിധേയരായ മറ്റ് രണ്ട് കലാകാരന്മാർക്കും ഇതേക്കുറിച്ച് ധാരണയുള്ളവരാണ്. ഹരീഷിന് അതില്ലാതെ പോയതെന്താണ് എനിക്ക് മനസ്സിലാകുന്നില്ല.

അക്കാര്യത്തെക്കുറിച്ചാണ് പത്രസമ്മേളനത്തിൽ പരാമർശിച്ചത്.

വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ എനിക്കെതിരേ ഉയർന്ന പശ്ചാത്തലത്തിൽ ഞാൻ കൂടുതലായി പ്രതികരിച്ചിരുന്നില്ല.

ആദ്യം തന്നെ പറയട്ടെ.. ഹരീഷിൽ നിന്ന് ഇത്തരത്തിൽ ഒരു പ്രതികരണമുണ്ടായത് എന്നെ ഞെട്ടിച്ചു. എന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളിലുമായിരുന്നു ഞാൻ. അതിനാലാണ് കൂടുതൽ പ്രതികരിക്കാത്തത്.

സത്യവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല.

ഇനി എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ..

ഇനി ഇക്കാര്യവുമായി ബന്ധപ്പെട്ട് യാതൊരു പ്രതികരണത്തിനുമില്ല.

എല്ലാവരോടും സ്നേഹം മാത്രം..

-ബാദുഷ

Full View
Tags:    
News Summary - Badusha provides further explanation on Harish Kanaran's complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.