തിയറ്ററിൽ നിന്നും

തിയറ്ററിൽ ഹൊറർ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ദേഹത്തേക്ക് ചീറ്റിത്തെറിച്ച് ചുടുരക്തം!; വൈറലായി 'റെഡി ഓർ നോട്ട്'ന്‍റെ പ്രദർശനം

ഇരുട്ട് നിറഞ്ഞ തിയറ്റർ. ഏറെ പേടിപ്പെടുത്തുന്ന ഒരു ഹൊറർ സിനിമ. ചുറ്റും നിശബ്ദത. ഭീതി ജനിപ്പിക്കുന്ന അന്തരീക്ഷത്തിനൊപ്പം കത്തിയുമായി ചാടിവീഴുന്ന അക്രമി. ചിത്രത്തിൽ കഥാപാത്രം കൊലചെയ്യപ്പെടാൻ പോകുന്നു. ചങ്കിലേക്ക് കത്തി കുത്തിയിറക്കുമ്പോൾ പെട്ടന്ന് ചുവന്ന നിറത്തിലുള്ള ഒരു ദ്രാവകം നിങ്ങളുടെ ശരീരത്തിലേക്ക് തെറിക്കുന്നു. ഒരു നിമിഷം എല്ലാം മരവിക്കുന്നു. പിന്നെ, നിലവിളികൾ ഉയരുന്നു. ഇത്തരമൊരു അനുഭവം ചിന്തിച്ചു നോക്കൂ. സിനിമ പ്രേമികൾക്ക് ഇതൊരു അവിസ്മരണീയമായ അനുഭവമായിരിക്കും. എന്നാൽ ഇത് വെറും സങ്കൽപമല്ല, 'റെഡി ഓർ നോട്ട്' എന്ന സിനിമ ലോസ് ആഞ്ചലസിൽ പ്രദർശിപ്പിച്ചത് ഇങ്ങനെയാണ്.

സിനിമ വെറും കാഴ്ചമാത്രമല്ല അത് അനുഭവിച്ചറിയേണ്ടത് കൂടിയാണെന്നാണ് റെഡി ഓർ നോട്ട് ടീം പറയുന്നത്. തിയറ്ററിനുള്ളിൽ ഒളിഞ്ഞിരിക്കുന്ന രക്ത പീരങ്കികൾ സിനിമയിൽ കൊലപാതകം നടക്കുന്ന സമയത്ത് കൃത്യമായി പ്രേക്ഷകരിലേക്ക് വ്യാജ രക്തം തളിച്ചു. കാഴ്ചക്കാർക്ക് പ്ലാസ്റ്റിക് കോട്ടുകൾ ധരിക്കാൻ നൽകിയിരുന്നു. പക്ഷേ, ഇത്തരമൊരു ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചിരുന്നില്ല. പെട്ടന്നുണ്ടായ സംഭവത്തിൽ ചിലർ പേടിച്ചു നിലവിളിച്ചു, മറ്റുള്ളവർ പൊട്ടിച്ചിരിച്ചു, കുറച്ചുപേർ സ്തബ്ധരായി.

'റെഡി ഓർ നോട്ട്' എന്ന സിനിമ അക്രമവും കൊലപാതകങ്ങളും നിറഞ്ഞതാണ്. ചിത്രത്തിന്‍റെ ആരാധകർക്ക് ദൃശ്യാനുഭവത്തേക്കാൽ വലുതായിരുന്നു തിയറ്ററിൽ നിന്നും ലഭിച്ചത്. ഫിക്ഷനും യാഥാർഥ്യവും തമ്മിലുള്ള അതിർവരമ്പ് മായ്ച്ചുള്ള ഈ കൗതുകകരമായ കാര്യം സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി. മാർച്ച് 16ന് ലോസ് ഏഞ്ചൽസിലെ എ.എം.സി ദി ഗ്രോവ് ഫോർട്ടീനിൽ, സെർച്ച് ലൈറ്റ് പിക്ചേഴ്സ് നടത്തിയ പ്രത്യേക അഡ്വാൻസ്ഡ് സ്ക്രീനിങിലാണ് അപൂർവ സിനിമാപ്രദർശനം നടന്നത്.

Tags:    
News Summary - Fake blood splashed on audience during horror film screening

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.