നോറ ഫത്തേഹിയും സഞ്ജയ് ദത്തും
നോറ ഫത്തേഹിയുടെ ഏറ്റവും പുതിയഗാനമായ 'സർക്കേ ചുനാർതേരെ സർക്കേ' എന്ന ബോളിവുഡ് ഗാനത്തിന് കേന്ദ്ര സർക്കാർ വിലക്കേർപ്പെടുത്തി. ഗാനത്തിലെ വരികളിലുള്ള ലൈംഗികതയും രംഗങ്ങളിലെ അശ്ലീലവും മുൻനിർത്തിയാണ് ഇത്തരമൊരു കാര്യം സർക്കാർ മുന്നോട്ട് വെച്ചത്. എല്ലാ മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ നിന്നും ഗാനം നീക്കം ചെയ്യുന്നത് ഉറപ്പാക്കാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനോട് നിർദേശിച്ചിട്ടുണ്ട്. ഇത്തരം ഉള്ളടക്കമുള്ള രംഗങ്ങളോ ചിത്രങ്ങളോ ഗാനങ്ങളോ പ്രചരിക്കുന്നത് തടയാനായി ഫിലിം സർട്ടിഫിക്കേഷൻ നിയമങ്ങളിൽ ഭേദഗതികൾ വരുത്തുന്നതും പരിഗണിക്കാവുന്നതാണെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചു.
സർക്കേ ചുനാർ തേരെ സർക്കേ ഗാനത്തിൽ നോറ ഫത്തോഹിയോടൊപ്പം സഞ്ജയ് ദത്തും ഭാഗമാണ്. അദ്ദേഹത്തെ പോലുള്ള ഒരു മുതിർന്ന നടൻ ഇത്തരമൊരു ഗാനത്തിന്‍റെ ഭാഗമായതിലും പല തരം വിമർശനങ്ങൾ ഉയർന്നിരുന്നു. ഗാനത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ സി.ബി.എഫ്.സിക്കും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവിനും കത്തയച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ നടപടി ഉണ്ടായിരിക്കുന്നത്.
ഈ ഗാനത്തിൽ ദ്വയാർത്ഥമുള്ള ഉള്ളടക്കം അടങ്ങിയിട്ടുണ്ടെന്നും ഇന്ത്യൻ സിനിമയിൽ പ്രതീക്ഷിക്കുന്ന മാന്യതയും നിലവാരവും പാലിക്കുന്നില്ലെന്നും അസോസിയേഷൻ കത്തിൽ ആരോപിക്കുന്നു. ഗാനം നിരോധിക്കണമെന്നും എല്ലാ ഡിജിറ്റൽ, പ്രക്ഷേപണ പ്ലാറ്റ്‌ഫോമുകളിൽ നിന്നും നീക്കം ചെയ്യണമെന്നും ചിത്രത്തിന്റെ സർട്ടിഫിക്കേഷൻ പുനഃപരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഗാനം ഇപ്പോൾ പൊതു മാധ്യമ സൈറ്റുകളിൽ ലഭ്യമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.