ധുരന്ധറിലെ ആ രംഗങ്ങൾ മാറ്റിയില്ല, ചിത്രത്തിന് എ സർട്ടിഫിക്കറ്റ്; ദി റിവഞ്ച് നാളെ തിയറ്ററുകളിലെത്തും

ലോകമെമ്പാടുമുള്ള പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധുരന്ധർ: ദി റിവഞ്ച്. ചിത്രത്തിന്‍റെ ആദ്യഭാഗം ഇന്ത്യയിൽ ഏറ്റവും ബോക്സ് ഓഫീസ് കലക്ഷൻ നേടിയ ചിത്രം എന്ന റെക്കോഡ് നേടിയിരുന്നു. ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിന്‍റെ തുടർച്ചയായാണ് രണ്ടാം ഭാഗം എത്തുന്നത്. ആക്ഷനും വയലൻസും നിറഞ്ഞ ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്. വലിയ രീതിയിലുള്ള വയലൻസ് രംഗങ്ങളും ആക്ഷനും മുഴുനീളെ ചിത്രത്തിൽ ഉള്ളതിനാൽ തന്നെ അതിന് വെട്ടു വീഴ്ത്തുക എന്നത് സാധ്യമല്ല. ആയതിനാലാണ് ചിത്രം എ സർട്ടിഫിക്കറ്റിൽതന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചത്.

ധുരന്ധർ: ദി റിവഞ്ച് നാളെ തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അവസാന റൺടൈം മൂന്ന് മണിക്കൂർ നാൽപ്പത്തിയൊമ്പത് മിനിറ്റ് ആറ് സെക്കൻഡ് ആയി ലോക്ക് ചെയ്തിട്ടുണ്ട്. രൺവീർ സിങ് ഹംസ എന്ന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിന്‍റെ ബുക്കിങ് മാർച്ച് 14ന് തന്നെ ആരംഭിച്ചിരുന്നു. റെക്കോഡ് ബുക്കിങ്ങാണ് ചുരുങ്ങിയ സമയത്തിനുള്ളിൽ ചിത്രം നേടിയത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.

ജിയോ സ്റ്റുഡിയോസ്, ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലെത്തുന്നു. തിയറ്റർ റിലീസിന് ശേഷം മേയ് 14ന് ജിയോ ഹോട്ട്സ്റ്റാറിൽ ചിത്രം സ്ട്രീമിങ്ങിനായി എത്തുമെന്നാണ് റിപ്പോർട്ട്. ഇത്തവണ സിനിമയുടെ സംഗീത അവകാശങ്ങളും മാറിയിട്ടുണ്ട്. ആദ്യ ഭാഗത്തിന്റെ സൗണ്ട് ട്രാക്ക് പുറത്തിറക്കിയത് സരിഗമയായിരുന്നു. എന്നാൽ ധുരന്ധർ 2ന്റെ സംഗീത അവകാശം ടി-സീരീസിനാണ്.

ധുരന്ധർ 2025 ഡിസംബർ അഞ്ചിനാണ് തിയറ്ററുകളിൽ എത്തിയത്. 2025ലെ ഏറ്റവും വലിയ വിജയമായി മാറിയ ഈ ചിത്രം ലോകമെമ്പാടുമായി 1300 കോടിയിലധികം രൂപയാണ് നേടിയത്. പാകിസ്താൻ പശ്ചാത്തലമാക്കി ഒരുക്കിയ ഈ സ്പൈ ത്രില്ലറിൽ, ഭീകരവാദ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്ന ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് എത്തിയത്.

Tags:    
News Summary - Dhurandhar 2 gets A Certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.