തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെയുള്ള പ്രസംഗത്തിൽ നയൻതാരയെ അപമാനിക്കുന്ന രീതിയിൽ പരാമർശിച്ച എ.ഐ.എ.ഡി.എം.കെ നേതാവും രാജ്യസഭാ എം.പിയുമായ സി.വി. ഷൺമുഖത്തിനെതിരെ പൊതുജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഒരു പൊതു പ്രവർത്തകൻ പൊതുവേദിയിൽ നടത്തിയ ഇത്തരമൊരു സ്ത്രീ വിരുദ്ധ പരാമർശം പാർട്ടിക്കുതന്നെ അപമാനമാണ് എന്ന രീതിയിലാണ് വിമർശനം ഉയരുന്നത്.
എം.കെ. സ്റ്റാലിൻ സർക്കാരിന്‍റെ 'നിങ്ങളുടെ സ്വപ്നം ഞങ്ങളോട് പറയുക' എന്ന സംരംഭത്തെ ഷൺമുഖം അടുത്തിടെ വിമർശിച്ചിരുന്നു. തമിഴ്‌നാട്ടിലെമ്പാടുമുള്ള സന്നദ്ധപ്രവർത്തകർ വീടുകൾ സന്ദർശിച്ച് സർക്കാർ കൂടുതൽ മികച്ച രീതിയിൽ എന്തുചെയ്യണമെന്ന് അഭിപ്രായം തേടും എന്നതായിരുന്നു പദ്ധതിയുടെ ഉള്ളടക്കം. എന്നാൽ സ്റ്റാലിനെതിരെ വിമർശനമുന്നയിക്കാൻ ഷൺമുഖം ഈ അവസരം ഉപയോഗിച്ചു. 'എനിക്ക് നയൻതാരയെ വേണം, നിങ്ങൾ നടത്തിതരുമോ? നയൻതാരയെ വിവാഹം കഴിക്കുക എന്ന ആരുടെയെങ്കിലും ആഗ്രഹം അദ്ദേഹം (എം.കെ. സ്റ്റാലിൻ) നിറവേറ്റുമോ?' എന്നാണ് ഷൺമുഖം ചോദിച്ചത്.
സി.വി. ഷൺമുഖത്തിന്റെ പരാമർശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. നടിയും രാഷ്ട്രീയ നേതാവുമായ ഖുഷ്ബു സുന്ദർ ഷൺമുഖത്തിനെതിരെ രംഗത്തെത്തി. 'സ്ത്രീകൾ പ്രത്യേകിച്ച് നടിമാർ, നിങ്ങളുടെ സ്വത്തോ, സംസാര വിഷയമോ അല്ലെങ്കിൽ ഓരോ ടോമിനും, ഡിക്കിനും, ഹാരിക്കും അവർക്ക് അനുയോജ്യമാകുമ്പോഴെല്ലാം സംഭാഷണങ്ങളിലേക്ക് വലിച്ചിഴക്കാനുള്ള ഉപഭോഗവസ്തുവോ അല്ല. ഒരു നടിയുടെ പേര് വിലകുറഞ്ഞ തമാശകൾക്കോ, അപമാനങ്ങൾക്കോ, ആരുടെയെങ്കിലും വാദത്തെ ന്യായീകരിക്കാനോ ഉള്ള ഒരു ഉപകരണവുമല്ല. മറ്റുള്ളവരെ പരിഹസിക്കുന്നതിനോ ഒരു കാര്യം തെളിയിക്കുന്നതിനോ ഒരു സ്ത്രീയുടെ ഐഡന്റിറ്റി ഉപയോഗിക്കുന്നത് സംസാരിക്കുന്ന വ്യക്തിയുടെ മാനസികാവസ്ഥയെയും സംസ്കാരത്തെയും തുറന്നുകാട്ടുന്നു. എല്ലാത്തിനും ഒരു പരിധിയുണ്ട്. ഈ ലോകത്തിലെ ഓരോ പുരുഷനും ഒരു സ്ത്രീക്ക് ജനിച്ചതാണ്' ഖുഷ്ബു പറഞ്ഞു.
'ഒരു സ്ത്രീയെകുറിച്ച് വെറുതെ അഭിപ്രായം പറയുന്നതിന് മുമ്പ് സ്വയം ചോദിക്കുക. നിങ്ങളുടെ അമ്മ, സഹോദരി, ഭാര്യ, മകൾ, അല്ലെങ്കിൽ സ്വന്തം കുടുംബത്തിലെ ആരെയെങ്കിലും ഉദാഹരണമാക്കി നിങ്ങൾ അതേ രീതിയിൽ സംസാരിക്കുമോ? നടി ഒരു പൊതു പ്രതിനിധിയാകാം. പക്ഷേ അവർ പൊതുസ്വത്തല്ല. ഏതൊരു തൊഴിലിലുമുള്ള ഏതൊരു സ്ത്രീയെയും നിങ്ങൾ ബഹുമാനിക്കുന്നതുപോലെ അവരെയും ബഹുമാനിക്കുക.
മാന്യത ഒരാളുടെ തൊഴിലിനെ ആശ്രയിച്ചിരിക്കരുത്. ആളുകൾ ഇത്തരം തരംതാഴ്ത്തുന്ന പരാമർശങ്ങൾ നടത്തുമ്പോൾ, അവർ സ്ത്രീയെ ലജ്ജിപ്പിക്കുന്നില്ല പകരം സ്വന്തം മാനസികാവസ്ഥ, വളർത്തു ദോഷം, അടിസ്ഥാന മാനുഷിക മര്യാദയുടെ അഭാവം എന്നിവയാണ് തുറന്നുകാട്ടുന്നത്. ഇത് അനാദരവ് മാത്രമല്ല. ഇത് മനുഷ്യത്വത്തിന് നാണക്കേടാണ്. ബഹുമാനം ഒരിക്കലും ഒരു വൺവേ ട്രാഫിക് അല്ലെന്ന് ഓർമിക്കുക' ഖുഷ്ബു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.