പവൻ കല്ല്യാൺ, വിജയ്

'നിയമം നിയമമാണ്, അതിനെ കുറ്റപ്പെടുത്താൻ സാധിക്കില്ല' വിജയ്‌യുടെ ജനനായകൻ റിലീസ് വൈകുന്നതിൽ പ്രതികരിച്ച് പവൻ കല്യാൺ

വിജയ് നായകനാകുന്ന ജനനായകൻ എന്ന ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കേഷൻ വൈകുന്നതിനെക്കുറിച്ചുള്ള വിവാദത്തിൽ പ്രതികരിച്ച് പവൻ കല്യാൺ. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ അനുമതിക്കായി ചിത്രം മാസങ്ങളായി കാത്തിരിക്കുകയാണ്. ഇത് രാഷ്ട്രീയപരവും വ്യക്തിപരവുമായ ചില വിമർശനങ്ങൾക്കും കാരണമായി. നേരത്തെ, ഈ കാലതാമസത്തിന് സർക്കാരുമായി ബന്ധമുണ്ടാകാമെന്ന് നിർമാതാക്കൾ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ അടുത്തിടെ തന്തി ടിവിക്ക് നൽകിയ അഭിമുഖത്തിൽ പവൻ കല്യാൺ ഈ പ്രസ്താവന തള്ളി കളഞ്ഞു.

'ജനനായകന്‍റെ പ്രശ്നം സെൻസർ ബോർഡ് തലത്തിൽ നന്നായി കൈകാര്യം ചെയ്യപെട്ടിട്ടില്ല എന്നതാണ്. അത് ശരിയായ കാര്യമല്ല' പവൻ കല്ലായാൺ ഇന്ത്യാ ടുഡേയോട് പറഞ്ഞു. പവൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ഒ.ജിയുടെ സർട്ടിഫിക്കേഷൻ പ്രക്രിയയെ കുറിച്ചും സംസാരിച്ചു. തന്റെ സിനിമാ ബന്ധം ബോർഡിൽ നിന്ന് എളുപ്പത്തിൽ സർട്ടിഫിക്കറ്റ് നേടാൻ സഹായിക്കുമെന്ന് തന്റെ ടീമിലെ അംഗങ്ങൾ നിർദ്ദേശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ആ ആശയം താൻ ശക്തമായി നിരസിച്ചുവെന്ന് താരം പറയുന്നു. നിയമം നിയമമാണ്, അതിനെ കുറ്റപെടുത്താൻ സാധിക്കില്ല. ചിത്രത്തിൽ കാര്യമായ അക്രമ രംഗങ്ങൾ അടങ്ങിയിരിക്കുന്നുവെന്നും അതിനാൽ അധികാരികൾ നൽകുന്ന റേറ്റിങ് സിനിമക്ക് അനിവാര്യമാണെന്നും പവൻ ചൂണ്ടികാട്ടി.

ജനനായകൻ ടീം പ്രശ്നം കൂടുതൽ വഷളാക്കുകയാണെന്നും പവൻ കല്ല്യാൺ വിമർശിച്ചു. സാഹചര്യം കൂടുതൽ സങ്കീർണ്ണമാവുകയും ചലച്ചിത്ര നിർമാതാക്കളുടെ നേരിട്ടുള്ള നിയന്ത്രണത്തിനപ്പുറത്തേക്ക് പോകുകയും ചെയ്തു. അത്തരം നടപടികൾ പലപ്പോഴും പ്രക്രിയ വേഗത്തിൽ പരിഹരിക്കുന്നതിനുപകരം നീട്ടിക്കൊണ്ടുപോകുന്നുവെന്നും നടൻ അഭിപ്രായപെട്ടു.

കോടതികളില്‍ നിന്ന് തുടര്‍ച്ചയായി തിരിച്ചടി നേരിട്ടതിന് പിന്നാലെ ചിത്രത്തിന്‍റെ നിര്‍മാതാക്കളായ കെ.വി.എന്‍ പ്രൊഡക്ഷന്‍സ് സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി ഒരു മാസം മുന്‍പ് പിന്‍വലിച്ചിരുന്നു. കേസുമായി മുന്നോട്ടുപോകാന്‍ തങ്ങള്‍ക്ക് താല്‍പര്യമില്ലെന്നും ചിത്രം റിവൈസിങ് കമ്മിറ്റിക്ക് വിടാമെന്നും നിര്‍മാതാക്കള്‍ മദ്രാസ് ഹൈകോടതിയെ അറിയിക്കുകയായിരുന്നു. കോടതിയിലെ നിയമ പോരാട്ടം തുടര്‍ന്നാല്‍ റിലീസ് അനിശ്ചിതത്വം തുടരുമെന്നതാണ് നിര്‍മാതാക്കളെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സിംഗ്ള്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയാല്‍ നടപടികള്‍ ആരംഭിക്കാന്‍ തന്നെ ചുരുങ്ങിയത് 20 ദിവസമെങ്കിലുമെടുക്കും. അതിന് ശേഷം സെന്‍സര്‍ ബോര്‍ഡിന് എട്ട് ആഴ്ച വരെ സമയം നല്‍കാന്‍ കോടതിക്ക് സാധിക്കും.

സിംഗ്ള്‍ ബെഞ്ചില്‍ നിന്ന് ഒരു അനുകൂല ഉത്തരവുണ്ടായാല്‍ തന്നെ സെന്‍സര്‍ ബോര്‍ഡ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ പോകും. ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സുപ്രീം കോടതിയിലേക്കും വ്യവഹാരം നീളും. നിയമപോരാട്ടവുമായി മുന്നോട്ട് പോകുന്നപക്ഷം ചിത്രം എപ്പോള്‍ തിയറ്ററുകളില്‍ എത്തിക്കാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരും. തമിഴ്നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തീയതി പ്രഖ്യാപിച്ചാല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വരും. അപ്പോള്‍ കൂടുതല്‍ നിയമ കുരുക്കുകളിലേക്ക് ഇത് കടക്കും. അങ്ങനെ വന്നാല്‍ ചിത്രം നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞ് മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലേക്ക് നീളും. തെരഞ്ഞെടുപ്പില്‍ ടി.വി.കെക്ക് തിരിച്ചടി നേരിട്ടാല്‍ വിജക്ക് ഇപ്പോള്‍ ലഭിക്കുന്ന സ്വീകാര്യത ലഭിക്കണമെന്നില്ല. ഇതൊക്കെ മുന്നില്‍ കണ്ടാണ് സെന്‍സര്‍ ബോര്‍ഡിന് എതിരായ ഹര്‍ജി പിന്‍വലിക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചത്.

Tags:    
News Summary - Pawan Kalyan talks about Thalapathy Vijay's Jana Nayagan release delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.