മോഹൻലാൽ

ഹിറ്റുകൾ കൊയ്ത നിർമാതാവ്, കാലാപാനിയും പിൻഗാമിയും അടിതെറ്റിച്ചു; മോഹൻലാൽ എന്ന നിർമാതാവിന്‍റെ കാണാ കഥകൾ...

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഫിലിം മേക്കേഴ്സ് ആണ് ആന്റണി പെരുമ്പാവൂർ മോഹൻലാൽ കോമ്പോ. ഈ കൂട്ടുകെട്ടിൽ നിരവധി ഹിറ്റ് ചിത്രങ്ങൾ മലയാളത്തിൽ പിറന്നിട്ടുണ്ട്. ഒരുപക്ഷേ മലയാള സിനിമയിലെ ഏറ്റവും വലിയ ബ്ലോക്ബസ്റ്ററുകൾ സൃഷ്ടിച്ച പ്രൊഡക്ഷൻ കമ്പനികളിൽ ഒന്നാണ് ആശിർവാദ് സിനിമാസ്.

എന്നാൽ ആശിർവാദുമായി കൈകോർക്കുന്നതിന് മുമ്പുതന്നെ മോഹൻലാൽ പല മലയാള ചിത്രങ്ങളും നിർമിച്ചിരുന്നു. അതിൻ പലതും നിരൂപക പ്രശംസ നേടുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് താരം നിർമിച്ച പല ചിത്രങ്ങളും പരാജയപ്പെട്ടു. അതിന്റെ ഫലമായി കാര്യമായ സാമ്പത്തിക നഷ്ടം നടന് നേരിടേണ്ടി വന്നിരുന്നു.

സംവിധായകൻ ഐ.വി.ശശിയുടെ അടിയൊഴുക്കുകൾ (1984), കരിമ്പിൻപൂവിനക്കരെ (1985), സത്യൻ അന്തിക്കാടിന്‍റെ ഗാന്ധിനഗർ സെക്കന്‍റ് സ്രീറ്റ് (1986), നാടോടിക്കാറ്റ് (1987), കമലിന്‍റെ ഉണ്ണികളേ ഒരു കഥ പറയം (1987) പ്രിയദർശൻന്‍റെ ആര്യൻ (1988) എന്ന ചിത്രങ്ങളിൽ മോഹൻലാൽ സഹനിർമാതാവായിരുന്നു. ശേഷം സ്വന്തം നിർമാണ കമ്പനിയായ പ്രണവം ആർട്സ് ഇന്‍റർനാഷണൽ ആരംഭിച്ചു.

ഒൻപത് വർഷത്തിനുള്ളിൽ മോഹൻലാൽ പത്ത് ചിത്രങ്ങൾ നിർമിച്ചു. അവയിൽ മിക്കതും താരത്തിന് മലയാള സിനിമയിൽ ശ്രദ്ധേയമായ സ്ഥാനം നേടികൊടുത്തവയാണ്. പ്രണവം ആർട്‌സ് നിർമിച്ച സിനിമകളിലൂടെയാണ് മോഹൻലാൽ മികച്ച നടനുള്ള രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും നേടിയത്. സിബി മലയിലിന്റെ ഭരതം (1991) എന്ന ചിത്രത്തിലെ അഭിനയത്തിന് ആദ്യത്തേതും ഷാജി.എൻ കരുണിന്റെ വാനപ്രസ്ഥം (1999) എന്ന ചിത്രത്തിലെ കഥകളി കലാകാരന്റെ വേഷം അവതരിപ്പിച്ചതിന് രണ്ടാമത്തെയും പുരസ്കാരം നേടി.

ഹിസ് ഹൈനസ് അബ്ദുള്ള (1990), കമലദളം (1992), മിഥുനം (1993), കാലാപാനി (1996), കന്മദം (1998) തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് പുറമെ പിൻഗാമി (1994), ഹരികൃഷ്ണൻസ് (1998), ഒളിമ്പ്യൻ ആന്‍റണി ആദം (1999) തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം നിർമിച്ചു. വാനപ്രസ്ഥത്തിന് ശേഷം അദ്ദേഹം ആന്‍റണി പെരുമ്പാവൂരുമായി ഒന്നിച്ച് സിനിമ നിർമാണം തുടർന്നു.

പ്രണവം ആർട്‌സിന്റെ മിക്ക സിനിമകളും വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടു എങ്കിലും അവയിൽ രണ്ടെണ്ണം പരാജയപ്പെട്ടിരുന്നു. കാലാപാനിയും പിൻഗാമിയുമാണ് പ്രതീ‍ക്ഷിച്ച വിജയം നേടാതെപോയ ചിത്രങ്ങൾ. 1998 ലെ ഇന്ത്യാ ടുഡേ റിപ്പോർട്ട് പ്രകാരം 3.8 കോടി രൂപ ബജറ്റിൽ നിർമിച്ച ചിത്രം മോഹൻലാലിന് കടുത്ത സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി പറയുന്നു.

ഒരിക്കൽ ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ മോഹൻലാലിന്റെ ജീവിതത്തിലെ ഈ ഘട്ടത്തെക്കുറിച്ച് സംസാരിച്ചിരുന്നു. മോഹൻലാൽ ഒരു സന്യാസിയാകാനും നിർവാണം തേടി ഹിമാലയത്തിലേക്ക് കാൽനടയായി യാത്ര ചെയ്യാനും പോലും ആലോചിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 'പണത്തോടുള്ള ആഗ്രഹം കൊണ്ടാണോ അദ്ദേഹം ഒരു നിർമാതാവായതെന്ന് എനിക്കറിയില്ല. പക്ഷേ നല്ല സിനിമകൾ നിർമിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. വാനപ്രസ്ഥം നിരവധി അവാർഡുകൾ നേടിയെങ്കിലും നിർമാണരംഗത്ത് അദ്ദേഹത്തിന് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു. കാലക്രമേണ, അദ്ദേഹം ഏതാണ്ട് ഒരു തത്ത്വ ചിന്തകനെപ്പോലെയാകുന്നത് ഞാൻ കണ്ടു' കൈരളി ടി.വിയിലെ ഒരു ടോക്ക് ഷോയിൽ സംസാരിക്കവെയാണ് ശ്രീനിവാസൻ ഈ കാര്യം പറഞ്ഞത്.

കേരളത്തിൽ നിന്ന് ഹിമാലയത്തിലേക്ക് താൻ ഒരു യാത്ര പ്ലാൻ ചെയ്യുകയാണെന്ന് മോഹൻലാൽ പറഞ്ഞതായും ശ്രീനിവാസൻ പറഞ്ഞു. 'എല്ലാം മറക്കുന്നതിനെക്കുറിച്ചാണ് ഞാൻ ചിന്തിക്കുന്നത്. ഞങ്ങൾ പണമൊന്നും കൊണ്ടുപോകില്ല. ഒരു ദിവസം ഏകദേശം 50 കിലോമീറ്റർ നടക്കും. പിന്നെ എവിടെയെങ്കിലും വിശ്രമിക്കും. ഭക്ഷണത്തിനായി അവിടെയുള്ള ഒരാൾക്ക് വേണ്ടി ഞങ്ങൾ ജോലി ചെയ്യും. അങ്ങനെയാണ് ഞങ്ങൾ ജീവിക്കുക. നമുക്ക് ഹിമാലയം വരെ നടന്ന് ഒരു പൈസ പോലും ഇല്ലാതെ മടങ്ങാം' എന്ന് മോഹൻലാൽ പറഞ്ഞതായി അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു.

Tags:    
News Summary - The producer who made hits, Untold stories of the producer Mohanlal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.