‘ഇത് കൈയടി കിട്ടാൻ വേണ്ടി പറയുന്നതല്ല, മമ്മൂക്കയെപ്പോലെ ഇത്രയും ഫ്ലെക്സിബിളായ ഒരു നടനെ ഞാൻ വേറെ കണ്ടിട്ടില്ല -പൃഥ്വിരാജ്

മലയാള സിനിമയിലെ സൂപ്പർതാരങ്ങളെക്കുറിച്ചും തന്റെ പുതിയ ചിത്രമായ 'ഐ, നോബഡി'യെക്കുറിച്ചും മനസ്സ് തുറന്ന് പൃഥ്വിരാജ് സുകുമാരൻ. മമ്മൂട്ടിയെ താൻ കണ്ടതിൽ വെച്ച് ഏറ്റവും ഫ്ലെക്സിബിൾ ആയ നടൻ എന്നാണ് പൃഥ്വിരാജ് വിശേഷിപ്പിച്ചത്. ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

‘ഞാൻ ഇത് കൈയടി കിട്ടാൻ വേണ്ടി പറയുന്നതല്ല. മമ്മൂക്കയെപ്പോലെ ഇത്രയും ഫ്ലെക്സിബിളായ ഒരു നടനെ ഞാൻ വേറെ കണ്ടിട്ടില്ല. അദ്ദേഹം ഏത് കഥാപാത്രമാണോ ചെയ്യുന്നത്, അതിലേക്ക് പൂർണ്ണമായും അലിഞ്ഞുചേരാൻ അദ്ദേഹത്തിന് പ്രത്യേക കഴിവുണ്ട്. അമരത്തിലെ അച്ചൂട്ടിയായി കാണുമ്പോൾ ഒരു യഥാർത്ഥ മുക്കുവനായി നമുക്ക് അദ്ദേഹത്തെ തോന്നും, ദി കിങ്ങിലെ കലക്ടറായി കാണുമ്പോൾ ആ കഥാപാത്രവും പൂർണ്ണമായും വിശ്വസനീയമാണ്. കഥാപാത്രത്തിന് വേണ്ടി വേഗത്തിലും അനായാസമായും മാറാനുള്ള അദ്ദേഹത്തിന്റെ കഴിവ് ഒരു നടൻ എന്ന നിലയിൽ എനിക്ക് വലിയ പ്രചോദനമാണ്’ പൃഥ്വിരാജ് പറഞ്ഞു.

നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജിന്റെ പുതിയ ചിത്രം 'ഐ, നോബഡി' ജൂലൈ 9ന് തിയറ്ററുകളിലെത്തും. ‘ഈ സിനിമയെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിൽ മാത്രം ഒതുക്കി നിർത്താൻ കഴിയില്ല. കഥ കേട്ടപ്പോൾ ഓരോ അഞ്ച് മിനിറ്റിലും സിനിമയുടെ സ്വഭാവം മാറുന്നതുപോലെയാണ് എനിക്ക് തോന്നിയത്. നമുക്ക് സുപരിചിതമായ പല വിഭാഗങ്ങളെയും വളരെ വ്യത്യസ്തമായ രീതിയിലാണ് ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്’ പൃഥിരാജ് പറഞ്ഞു.

സിനിമയിലെ ആക്ഷൻ രംഗങ്ങളെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. സ്റ്റണ്ട് കൊറിയോഗ്രാഫർ യാനിക് ബെന്നുമായി ചേർന്ന് വലിയ രീതിയിലുള്ള തയാറെടുപ്പുകളാണ് ഇതിനായി നടത്തിയത്. അദ്ദേഹവും സംഘവും ഫ്രാൻസിൽ നിന്ന് എത്തിയാണ് തിരുവനന്തപുരത്ത് ചിത്രീകരണം നടത്തിയത്. ചിത്രത്തിൽ മികച്ച ആക്ഷൻ രംഗങ്ങളുണ്ടെങ്കിലും ഇതൊരു ആക്ഷൻ ചിത്രം മാത്രമായി കാണരുതെന്നും, കഥയുടെ വൈകാരികമായ വശങ്ങൾക്കും വലിയ പ്രാധാന്യമുണ്ടെന്നും താരം വ്യക്തമാക്കി.

Tags:    
News Summary - Prithviraj calls Mammootty the most flexible actor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.