'ബാഹുബലി' സമ്മാനിച്ചത് കടുത്ത മാനസിക സമ്മർദ്ദം; വർഷങ്ങളോളം സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ലെന്ന് പ്രഭാസ്

ഇന്ത്യൻ സിനിമാ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ഒരു മഹാവിസ്മയമായിരുന്നു എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി'. എന്നാൽ ഈ ചിത്രത്തിന്റെ വൻ വിജയം തന്റെ ജീവിതത്തിലും കരിയറിലും ഉണ്ടാക്കിയ കടുത്ത മാനസിക സമ്മർദ്ദങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നായകൻ പ്രഭാസ്. 'ബാഹുബലി ദി ടോർച്ച്ബെയറർ' എന്ന പുതിയ ബിഹൈൻഡ് ദി സീൻസ് ഡോക്യുമെന്ററിയിലാണ്, ചിത്രത്തിന്റെ വൻ വിജയം തന്നെ എത്രത്തോളം ഉലച്ചുകളഞ്ഞു എന്ന് താരം വെളിപ്പെടുത്തിയത്. ഈ സിനിമയോടെ തെലുങ്ക് സിനിമയുടെ ബിസിനസ്സ് ഒറ്റരാത്രികൊണ്ട് മാറിമറിഞ്ഞെന്നും, അടുത്തതായി എന്ത് ചെയ്യണമെന്ന ചിന്ത കാരണം രണ്ടുമൂന്ന് വർഷത്തോളം തനിക്ക് ശരിയായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.

ബാഹുബലി തന്റെ കരിയറിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കവെ, തന്റെ അടുത്ത ചിത്രമായ 'സാഹോ' ഉത്തരേന്ത്യയിൽ നേടിയ കലക്ഷനെക്കുറിച്ച് പ്രഭാസ് പറഞ്ഞു. സാഹോയുടെ ആദ്യദിന കലക്ഷൻ വടക്കേ ഇന്ത്യയിൽ മാത്രം ഏകദേശം 26 കോടി രൂപയായിരുന്നു. ആ സമയത്ത് അത് തന്നെ സംബന്ധിച്ച് തികച്ചും ഞെട്ടിക്കുന്ന ഒരു സംഖ്യയായിരുന്നു എന്ന് അദ്ദേഹം ഓർക്കുന്നു. എന്നാൽ ഇതിന്റെ മുഴുവൻ ക്രെഡിറ്റും ബാഹുബലിക്കുള്ളതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബാഹുബലിക്ക് ശേഷമുള്ള തന്റെ ചിത്രങ്ങളായ സാഹോ, രാധേ ശ്യാം എന്നിവയുടെ വലിയ ബജറ്റുകൾ സാധ്യമായത് ബാഹുബലി സമ്മാനിച്ച സാമ്പത്തിക സ്വാതന്ത്ര്യം കൊണ്ട് മാത്രമാണ്. അതിനുമുമ്പ് തന്റെ സിനിമകളുടെ ബജറ്റ് വെറും 20 മുതൽ 40 കോടി രൂപ വരെ മാത്രമായിരുന്നു.

എന്നാൽ ബാഹുബലിയുടെ വിജയം തന്നിൽ അടിച്ചേൽപ്പിച്ച ഉത്തരവാദിത്തം ചെറുതായിരുന്നില്ല. ബാഹുബലിക്ക് ശേഷം ഒരു മികച്ച സിനിമ തെരഞ്ഞെടുക്കുക എന്നത് തന്റെ കരിയറിലെ ഏറ്റവും സമ്മർദ്ദമേറിയ കാലഘട്ടമായിരുന്നു എന്ന് പ്രഭാസ് തുറന്നുപറഞ്ഞു. 'ഇനി അടുത്തത് എന്താണ്? ബാഹുബലി പോലെ വൈകാരികത നിറഞ്ഞ ഒരു ഡ്രാമ വേണോ? അതോ അതിനേക്കാൾ വലിയൊരു വിഷ്വൽ വണ്ടർ വേണോ എന്നത് ഒരു ചോദ്യ ചിഹ്നമായി. പക്ഷെ അത്തരം സിനിമകൾ ചെയ്യാൻ രാജമൗലി വേണമായിരുന്നു,' പ്രഭാസ് പറയുന്നു. ഒടുവിൽ ഒരു പ്രണയകഥ ചെയ്യാമെന്ന് തീരുമാനിക്കവെ പ്രശാന്ത് നീൽ, നാഗ് അശ്വിൻ തുടങ്ങിയ സംവിധായകരുമായി നിരവധി ചർച്ചകൾ നടത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

ഈ അനിശ്ചിതാവസ്ഥ തന്നിലുണ്ടാക്കിയ വ്യക്തിപരമായ ബുദ്ധിമുട്ടുകളെക്കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. 'ബാഹുബലിക്ക് ശേഷം രണ്ട് മൂന്ന് വർഷത്തേക്ക് എനിക്ക് ശരിയായി ഉറങ്ങാൻ കഴിഞ്ഞിട്ടില്ല. സിനിമയുടെ ഓരോ മേഖലയിലുമുള്ള ഉത്തരവാദിത്തം പെട്ടെന്ന് ആയിരം മടങ്ങായി വർദ്ധിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും സമ്മർദ്ദമേറിയ വർഷങ്ങളായിരുന്നു അത്,' പ്രഭാസ് ഓർത്തു. എങ്കിലും, ആ കടുത്ത സമ്മർദ്ദവും ബാഹുബലി എന്ന സിനിമയുമാണ് പിന്നീട് 'കൽക്കി 2898 എഡി', 'സലാർ' തുടങ്ങിയ വമ്പൻ ചിത്രങ്ങളിലേക്ക് തന്നെ നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാത്തിനും വഴിയൊരുക്കിയത് ബാഹുബലി എന്ന ചിത്രമാണെന്ന് പറഞ്ഞാണ് പ്രഭാസ് വാക്കുകൾ അവസാനിപ്പിച്ചത്.

Tags:    
News Summary - 'Baahubali' caused severe mental stress; Prabhas says he couldn't sleep peacefully for years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.