ഒരുകാലത്ത് ബാഗും പാക്ക് ചെയ്ത് എപ്പോൾ വേണമെങ്കിലും ഷൂട്ടിങ്ങിനായി യാത്ര പോകാമായിരുന്നു; അമ്മയായതിന് ശേഷം മുൻഗണനകൾ മാറി -പ്രിയങ്ക ചോപ്ര

ഹോളിവുഡിലെ തന്റെ കരിയറിനെക്കുറിച്ചും ഇന്ത്യൻ സിനിമയിലെ സമ്പന്നമായ അഭിനയ ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര. കാൻ ലയൺസ് കോൺഫറൻസിൽ സംസാരിക്കവേയാണ്, ഹോളിവുഡിൽ താൻ ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ടെന്നും ഇന്ത്യൻ സിനിമയിൽ താൻ കെട്ടിപ്പടുത്ത അഭിനയ മികവിനോളം എത്താൻ ഹോളിവുഡിലെ തന്റെ പ്രകടനങ്ങൾക്ക് ഇനിയും സമയം വേണമെന്നും താരം വ്യക്തമാക്കിയത്.

ബേവാച്ച്, ദി മാട്രിക്സ് റിസറക്ഷൻസ്, ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ദി ബ്ലഫ് തുടങ്ങി ശ്രദ്ധേയമായ ഒട്ടനവധി അന്താരാഷ്ട്ര പ്രോജക്റ്റുകളിൽ ഭാഗമായെങ്കിലും, തന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എന്ന് പ്രിയങ്ക വിശ്വസിക്കുന്നു. ഹോളിവുഡിൽ ഇന്ത്യൻ സിനിമയിലുള്ളതുപോലെയുള്ള വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് താരം വ്യക്തമാക്കി.

‘ഇന്ത്യൻ സിനിമാ ജീവിതത്തിൽ ഞാൻ മികച്ച സംവിധായകർക്കൊപ്പവും മികച്ച നടന്മാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അത്ഭുതകരമായ കഥകൾ പറയുന്ന വൈവിധ്യമാർന്ന നിരവധി ചിത്രങ്ങളുടെ ഭാഗമാകാൻ എനിക്ക് സാധിച്ചു. എന്നാൽ ഹോളിവുഡിൽ എത്തിയപ്പോൾ അത്തരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ എനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചിട്ടില്ല. കരിയറിലെ അടുത്ത ഘട്ടത്തിൽ, ഇന്ത്യൻ സിനിമയിൽ താൻ പരീക്ഷിച്ചതുപോലെയുള്ള അഭിനയ വൈവിധ്യം ഹോളിവുഡിലും കൊണ്ടുവരാനാണ് താൻ ശ്രമിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.

വിവാഹജീവിതത്തിലേക്കും മാതൃത്വത്തിലേക്കും കടന്നതോടെ തന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്നും താരം തുറന്നുപറഞ്ഞു. മകൾ മാൽതി മാരിയുടെ വരവോടെ തന്റെ മുൻഗണനകൾ പൂർണ്ണമായും മാറിയെന്ന് പ്രിയങ്ക വ്യക്തമാക്കി.

‘ഒരുകാലത്ത് ബാഗും പാക്ക് ചെയ്ത് എപ്പോൾ വേണമെങ്കിലും ഷൂട്ടിങ്ങിനായി എവിടേക്ക് വേണമെങ്കിലും പോകാമായിരുന്നു. വർഷത്തിൽ അഞ്ചു സിനിമകൾ വരെ ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥ അതല്ല. ഞാൻ വളരെ സെലക്ടീവായിട്ടാണ് സിനിമകൾ തിരഞ്ഞെടുക്കുന്നത്. കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന സമയം ഇപ്പോൾ ഏറെ പ്രധാനമാണ്. ഒരു വർക്കിങ് മോം എന്ന നിലയിലുള്ള ജീവിതം ഞാൻ ഇപ്പോൾ ആസ്വദിക്കുകയാണ്. അമ്മയോടുള്ള ബഹുമാനം ഇപ്പോൾ എനിക്ക് പതിന്മടങ്ങ് വർധിച്ചിരിക്കുന്നു’ പ്രിയങ്ക പറഞ്ഞു.

ദി ഹീറോ, അത്രാസ്, ക്രിഷ്, ഡോൺ, ഫാഷൻ, ബർഫി, മേരി കോം, ബാജിറാവു മസ്താനി തുടങ്ങി ബോളിവുഡിൽ ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട ശേഷമാണ് പ്രിയങ്ക അന്താരാഷ്ട്ര തലത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2015ൽ എ.ബി.സിയുടെ ക്വാണ്ടിക്കോ എന്ന പരമ്പരയിലൂടെയാണ് താരം വെസ്റ്റിൽ തന്റെ സാന്നിധ്യം അറിയിക്കുന്നത്. തുടർന്ന് 2017ൽ ബേവാച്ച് എന്ന ചിത്രത്തിലൂടെ ഹോളിവുഡ് അരങ്ങേറ്റവും കുറിച്ചു.

എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പാൻ-ഇന്ത്യൻ ചിത്രം 'വരാണസി'യാണ് പ്രിയങ്കയുടെ വരാനിരിക്കുന്ന പ്രധാന പ്രോജക്റ്റ്. മഹേഷ് ബാബുവും പൃഥ്വിരാജും ഒപ്പമെത്തുന്ന ചിത്രം 2027 സംക്രാന്തി റിലീസായി തിയറ്ററുകളിലെത്തും. സിറ്റാഡൽ സീസൺ 2, ദി ബ്ലഫ് എന്നിവയാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പ്രിയങ്കയുടെ ശ്രദ്ധേയ പ്രോജക്റ്റുകൾ. തന്റെ രണ്ടാം ഇന്നിങ്സിലും മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാൻ ഒരുങ്ങുകയാണ് ഈ താരം.

Tags:    
News Summary - My choices have changed since becoming a mother - Priyanka Chopra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.