ഫിഫ ലോകകപ്പ് 2026-ൽ തകർപ്പൻ ഫോമിൽ മുന്നേറുന്ന നോർവേയുടെ സൂപ്പർ സ്ട്രൈക്കർ എർലിങ് ഹാലൻഡ് ഇപ്പോൾ മൈതാനത്തിന് പുറത്തും വാർത്തകളിൽ നിറയുകയാണ്. കഴിഞ്ഞദിവസം സെനഗലിനെതിരെയുള്ള മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി നോർവേയെ തകർപ്പൻ വിജയത്തിലേക്ക് നയിച്ച താരം, ഗോൾഡൻ ബൂട്ടിനായുള്ള പോരാട്ടത്തിലും ഏറെ മുന്നിലാണ്. ലോകകപ്പിലെ തന്റെ ആദ്യ രണ്ട് മത്സരങ്ങളിലും ഒന്നിലധികം ഗോളുകൾ നേടുന്ന ആറാമത്തെ മാത്രം താരം എന്ന റെക്കോർഡും ഹാലൻഡ് സ്വന്തമാക്കി കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ കളിക്കളത്തിലെ വിസ്മയ പ്രകടനങ്ങൾക്ക് അപ്പുറം, തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ചുള്ള പുതിയൊരു വെളിപ്പെടുത്തലിലൂടെ ഇന്ത്യൻ ആരാധകരുടെ മനം കവരുകയാണ് ഈ യുവതാരം.
പ്രീമിയർ ലീഗ് ഇന്ത്യ പങ്കുവെച്ച അഭിമുഖത്തിലാണ് ഹാലൻഡ് തനിക്ക് ഇന്ത്യൻ ഭക്ഷണങ്ങളോടുള്ള പ്രണയം തുറന്നുപറഞ്ഞത്. 'സത്യം പറഞ്ഞാൽ എനിക്ക് ഇന്ത്യൻ ഭക്ഷണം ഒരുപാട് ഇഷ്ടമാണ്,' എന്ന് താരം നിറഞ്ഞ ചിരിയോടെ വ്യക്തമാക്കുന്നു. തന്റെ പ്രിയപ്പെട്ട ഇന്ത്യൻ വിഭവങ്ങൾ ഏതൊക്കെയാണെന്ന ചോദ്യത്തിന്, മട്ടൻ ചോപ്സ്, ബട്ടർ ചിക്കൻ, ഗാർലിക് നാൻ എന്നിവയാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് ഹാലൻഡ് വെളിപ്പെടുത്തി. ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ ആരാധകർക്ക് ഹാലൻഡിന്‍റെ ഈ ഭക്ഷണപ്രേമം വലിയൊരു സർപ്രൈസ് ആയി മാറിയിരിക്കുകയാണ്.
ഒരു പ്രൊഫഷണൽ അത്‌ലറ്റ് എന്ന നിലയിൽ കടുത്ത ഫിറ്റ്നസ് ദിനചര്യകളും ഡയറ്റും പിന്തുടരുന്ന ആളാണ് ഹാലൻഡ്. റിപ്പോർട്ടുകൾ പ്രകാരം, കളിക്കളത്തിലെ അസാധ്യമായ വേഗതക്കും കരുത്തിനും ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകാൻ പ്രതിദിനം 6,000 കലോറി വരെയാണ് ഈ താരം ഭക്ഷണത്തിലൂടെ ശരീരത്തിലെത്തിക്കുന്നത്. ഇതിനായി സാധാരണക്കാർ കഴിക്കാൻ മടിക്കുന്ന പശുവിന്റെ ഹൃദയം, കരൾ തുടങ്ങിയ അവയവങ്ങൾ വരെ അദ്ദേഹം തന്റെ ഉയർന്ന പോഷകഗുണമുള്ള ഡയറ്റിന്റെ ഭാഗമാക്കാറുണ്ട്. എന്നാൽ ഇത്രയും കർശനമായ ഡയറ്റ് പ്ലാനുകൾക്കിടയിലും തരംകിട്ടുമ്പോഴൊക്കെ ബട്ടർ ചിക്കനും ഗാർലിക് നാനും കഴിക്കാൻ ഹാലൻഡ് ഇഷ്ടപ്പെടുന്നു എന്നത് ഇന്ത്യൻ വിഭവങ്ങളുടെ ആഗോള ജനപ്രീതിയെയാണ് കാണിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.