രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നു മമ്മൂട്ടി പത്മഭൂഷൺ ബഹുമതി ഏറ്റുവാങ്ങിയതിനു പിന്നാലെ ആശംസ കുറിപ്പുമായി ദുൽഖർ സൽമാൻ എത്തിയിരിക്കുകയാണ്. ഭാര്യ സുൽഫത്ത്, മക്കളായ ദുൽഖർ സൽമാൻ, സുറുമി എന്നിവർക്കൊപ്പമാണ് മമ്മൂട്ടി പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത്. ചടങ്ങിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മമ്മൂട്ടിയും കുടുംബാംഗങ്ങളും കൂടിക്കാഴ്ച നടത്തി. ഇതിന്‍റെ ചിത്രങ്ങൾ മോദി തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയപാടവത്തിനുള്ള ആദരമാണ് മമ്മൂട്ടിക്കുള്ള പത്മഭൂഷൺ പുരസ്കാരം.
‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ നേരിൽ കാണാനും സംസാരിക്കാനും സാധിച്ചത് വലിയൊരു ഭാഗ്യമായി കരുതുന്നു. എന്റെ പിതാവ് മമ്മൂട്ടിക്ക് ലഭിച്ച ഈ വലിയ ആദരം നേരിൽ കാണാൻ കഴിഞ്ഞത് ഞങ്ങളുടെ കുടുംബത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ്’ എന്നാണ് ദുൽഖർ സോഷ്യൽമീഡിയയിൽ കുറിച്ചത്. മമ്മൂട്ടി ബഹുമതി സ്വീകരിക്കുമ്പോൾ, സദസ്സിലിരുന്ന് കൈയടിക്കുന്ന ദുൽഖർ സൽമാൻ ഏറെ ശ്രദ്ധ നേടിയിരുന്നു.
റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളാണ് ചൊവ്വാഴ്ച രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ മമ്മൂട്ടി ഉൾപ്പെടെ കേരളത്തിൽനിന്നുള്ള അഞ്ചുപേർ ഏറ്റുവാങ്ങിയത്. പത്മഭൂഷൺ ബഹുമതി രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നു ഏറ്റുവാങ്ങിയതിനു പിന്നാലെ സിനിമ ലോകത്തിനും ആരാധകർക്കും മമ്മൂട്ടി നന്ദി പറഞ്ഞു.
‘പത്മഭൂഷൻ ബഹുമതിയിൽ വിനയവും ആദരവും തോന്നുന്നു. ഈ അഭിമാനകരമായ അംഗീകാരത്തിന് കേന്ദ്ര സർക്കാറിനോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈയൊരു ബഹുമതി അഞ്ച് പതിറ്റാണ്ട് നീണ്ട എന്റെ യാത്രയുടെ പ്രതിഫലനമാണ്. നിങ്ങൾ, എന്റെ പ്രിയപ്പെട്ട പ്രേക്ഷകരില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഓരോ ദിവസവും എന്നെ മുന്നോട്ട് നയിക്കുന്ന അനന്തമായ സ്നേഹത്തിനും വിശ്വാസത്തിനും പിന്തുണക്കും നന്ദി. ഈ പുരസ്കാരം സിനിമയെന്ന മനോഹര ലോകത്തിനും നിങ്ങൾക്കും സമർപ്പിക്കുന്നു’ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.