തനിക്കെതിരെ വരുന്ന ക്രിപ്റ്റോ കറൻസി തട്ടിപ്പ് വാർത്തകൾ തള്ളി നടി തമന്ന ഭാട്ടിയ. ഇത്തരത്തിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അത് വ്യാജമാണെന്നുമാണ് തമന്ന പറയുന്നത്. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ തമന്ന ഭാട്ടിയയേയും സഹപ്രവർത്തകയായ കാജൽ അഗര്‍വാളിനേയും പുതുച്ചേരി പോലീസ് ചോദ്യംചെയ്യാനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പുറത്തുവന്നത്. ഉയർന്ന വരുമാനം വാഗ്ദാനംചെയ്ത‌് പണംതട്ടിയെന്ന് ആരോപിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. തന്റേയും മറ്റ് പത്തുപേരുടേയും 2.40 കോടി രൂപ തട്ടിയെടുത്തുവെന്നാണ് സൈനിക ഉദ്യോഗസ്ഥന്‍റെ പരാതി.
ഇത്തരം വാർത്തകൾ പ്രചരിക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടെന്നും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന ഒഴിവാക്കണമെന്ന് മാധ്യമപ്രവർത്തകരോട് അഭ്യർത്ഥിക്കുന്നുവെന്നും തമന്ന പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിനോട് സംസാരിക്കുകയായിരുന്നു നടി.
"ക്രിപ്‌റ്റോകറൻസിയുമായി എനിക്ക് ബന്ധമുണ്ടെന്നും അതുമായി ബന്ധപ്പെട്ട ഇടപാടുകൾ നടക്കുന്നുണ്ടെന്നും ആരോപിച്ച് കിംവദന്തികൾ പ്രചരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത്തരം വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതും തെറ്റായതുമായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് എന്റെ മാധ്യമ സുഹൃത്തുക്കളോട് ഞാൻ അഭ്യർത്ഥിക്കുന്നു. ഉചിതമായ നടപടി ആരംഭിക്കുന്നതിനായി എന്റെ ടീം ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്," തമന്ന വ്യക്തമാക്കി.
2022-ൽ കോയമ്പത്തൂർ ആസ്ഥാനമായി ആരംഭിച്ച കമ്പനിക്കെതിരേയാണ് നേരത്തെ കേസെടുത്തത്. കമ്പനിയുടെ ഉദ്ഘാടനത്തിൽ തമന്നയടക്കം ഒരുപാട് സെലിബ്രിറ്റികൾ പങ്കെടുത്തിരുന്നു. മഹാബലി പുരത്തെ മറ്റൊരു പരിപാടിയിലും തമന്ന പ്രത്യക്ഷപ്പെട്ടിരുന്നു. ഇവിടെ കാജൽ അഗർവാളായിരുന്നു പ്രധാന അഥിതി. ഈ പരിപാടിക്കെിടെ 10 ലക്ഷം രൂപ മുതൽ ഒരു കോടിവരെ വിലവരുന്ന കാറുകൾ 100 ഓളം നിക്ഷേപകർക്ക് നൽകിയതായി റിപ്പോർട്ടുകളുണ്ട്. കമ്പനിയുടെ പരിപാടികൾക്ക് അംഗീകാരം നൽകുക മാത്രമാണോ അതോ സാമ്പത്തിക ഇടപെടലുകൾ ഉണ്ടായിരുന്നോ എന്ന് നിർണ്ണയിക്കാൻ പോലീസ് ഉദ്യോഗസ്ഥർ കാജലിനോടും തമന്നയോടും വിശദീകരണം തേടിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാജൽ വാർത്തകൾക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.