തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവം ഒരിക്കൽ കൂടി പൂരത്തിന്‍റെ നാട്ടിൽ വിസ്മയങ്ങൾ തീർക്കുമ്പോൾ ഓർമകളുടെ കുടമാറ്റത്തിലാണ് നാടക-സിനിമ നടി ബീന ആർ. ചന്ദ്രൻ. 1987ൽ തൃശൂരിൽ നടന്ന സംസ്ഥാന കലോത്സവത്തിൽ മിമിക്രി അവതരിപ്പിക്കാൻ എത്തുമ്പോൾ പഠിക്കുന്നത് പത്താം തരത്തിൽ.
രണ്ടാമത് എത്തുന്നത് 2018ൽ തന്‍റെ ശിഷ്യയായ ദീപ്തിയുടെ മോണോ ആക്ട് മത്സരത്തിന്. സഹോദരി ഷീനയുടെ മകൾ നന്ദിതാ ദാസിന്‍റെ നങ്ങ്യാർകൂത്ത് മത്സരവും വർഷങ്ങൾക്കിപ്പുറമെത്തിയ കലോത്സവം കൺനിറയെ കണാനുമാണ് ഈ വരവ്. കലോത്സവം ഒരുപാട് മാറിയതായി ബീന പറയുന്നു.
അക്കാലത്ത് മിമിക്രി അടക്കമുള്ള മത്സരങ്ങളിൽ ആൺ- പെൺ വ്യത്യാസമില്ലായിരുന്നു. പതിനാല് പേരിൽ താൻ മാത്രമായിരുന്നു മിമിക്രിയിൽ പെൺകുട്ടിയായി ഉണ്ടായിരുന്നത്. മേഖലയിൽ പെൺ കുട്ടികളുടെ കടന്നുവരവ് മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. പക്ഷെ കലയെ കച്ചവടമാക്കുന്ന പ്രവണത കൂടുകയാണ്. പിന്നാക്കം നിൽക്കുന്ന പ്രതിഭകൾക്ക് മുന്നോട്ട് വരാൻ കഴിയാത്ത സ്ഥിതിയുണ്ട്.
മുഖ്യമന്ത്രിയുമായുള്ള സംഭാഷണത്തിൽ ആകുലതയും ആശങ്കയും പങ്കുവെച്ചിരുന്നു. കുറ്റമറ്റരീതിയിൽ മുന്നോട്ട് കൊണ്ടു പോകാമെന്ന മറുപടി ആശ്വാസകരമാണ്. പട്ടാമ്പി ഗവ. കോളജിൽ പഠിക്കുമ്പോഴാണ് മിമിക്രിക്കൊപ്പം നാടകങ്ങളിലും സജീവമാകുന്നത്. 1995ൽ അധ്യാപന പ്രവൃത്തിയിൽ പ്രവേശിച്ചതോടെയാണ് അമച്വർ നാടകങ്ങളിലേക്ക് തിരിയുന്നത്.
കലോത്സവ വേദികളിൽ വിധികർത്താവായെങ്കിലും വിരസത തോന്നിയപ്പോൾ ഉപേക്ഷിച്ചു. കലോത്സവങ്ങൾ ഇഷ്ടമാണ്. സ്ഥാനമാനങ്ങൾക്ക് വേണ്ടിയാകരുത് മത്സരങ്ങൾ. ഓരോ കുട്ടിയെയും തിരിച്ചറിഞ്ഞ് അവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹനം നൽകേണ്ടത് അധ്യാപകരാണ്. കുട്ടികളുടെ അടയാളപ്പെടുത്തലുകളാകണം കലോത്സവമെന്നും ബീന ആർ. ചന്ദ്രൻ ചൂണ്ടിക്കാട്ടി.
പൃഥിരാജും പാർവ്വതി തിരുവോത്തും മുഖ്യ കഥാപാത്രങ്ങളായ 'ഐ നോ ബഡി' സിനിമയാണ് ഇവരുടെ അടുത്ത പടം. സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ ബീന ആർ. ചന്ദ്രൻ പാലക്കാട് പരുതൂർ സി.ഇ.യു.പി സ്കൂൾ അധ്യാപികയാണ്.
പടം / ബീന ആർ. ചന്ദ്രൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.