1980ൽ പുറത്തിറങ്ങിയ നെഞ്ചത്തൈ കിള്ളാതെ എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് സുഹാസിനി. ആദ്യ സിനിമയിലൂടെ തന്നെ തമിഴ്നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും സുഹാസിനിയെ തേടിയെത്തി. 1983ൽ പത്മരാജൻ സംവിധാനം ചെയ്ത 'കൂടെവിടെ' എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു സുഹാസിനിയുടെ മലയാളത്തിലേക്കുള്ള വരവ്. 1983ൽ കെ. ബാലചന്ദറിന്‍റെ 'ബെങ്കിയല്ലി അരളിദ ഹൂവു' എന്ന ചിത്രത്തിലൂടെയാണ് സുഹാസിനി കന്നഡയിൽ അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ ഭാഷാപരമായ ബുദ്ധിമുട്ടുകൾ കാരണം ഈ മാറ്റം അത്ര എളുപ്പമായിരുന്നില്ല. ഐ.എഫ്.എഫ്.ഐയിലെ 'ദി ലുമിനറി ഐക്കൺസ്: ക്രിയേറ്റീവ് ബോണ്ട്സ് ആൻഡ് ഫിയേഴ്സ് പെർഫോമൻസസ്' എന്ന സെഷനിൽ സിനിമയിലെ ബുദ്ധിമുട്ടുള്ള ഒരു ഡയലോഗ് പറയാൻ തനിക്ക് നിരവധി ടേക്കുകൾ എടുക്കേണ്ടി വന്നതായി സുഹാസിനി വെളിപ്പെടുത്തി.
“എന്‍റെ ആദ്യ സിനിമയിൽ അഭിനയം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ എനിക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചു. ഞാൻ അമ്പരന്നുപോയി. എനിക്കന്ന് 18 വയസ്സായിരുന്നു. പിന്നീട് എന്‍റെ മലയാളം, തെലുങ്ക് സിനിമകളും വിജയിച്ചു. ഞാൻ കെ. ബാലചന്ദറിനൊപ്പം ഒരു കന്നഡ സിനിമ ചെയ്യാൻ പോയി. അപ്പോഴേക്കും ഞാൻ ആത്മവിശ്വാസമുള്ള ഒരു നടിയായി കഴിഞ്ഞിരുന്നു. കമൽ ഹാസന്‍റെ മരുമകൾ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ചയാൾ ഒക്കെയായിരുന്നു ഞാൻ.29 ടേക്ക് എടുത്തു. അതും പൂർണ്ണമായി ശരിയായിരുന്നില്ല. ഈ ഡയലോഗ് നീ ഒരു തവണ കൂടി പറഞ്ഞാൽ ഞാൻ ബോറടിച്ച് മരിക്കും, അല്ലെങ്കിൽ നീ ശ്വാസം കിട്ടാതെ മരിക്കും. അതുകൊണ്ട് ഈ ഷോട്ട് ഓക്കെയാക്കി നമുക്ക് മുന്നോട്ട് പോകാം എന്നാണ് സംവിധായകൻ കെ. ബാലചന്ദർ എന്നോട് പറഞ്ഞത്. കന്നഡ ഭാഷയിലെ ആ നാക്കുവഴങ്ങാത്ത ഡയലോഗ് കാരണം സഹതാരങ്ങൾ പോലും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് 12 മണി വരെ കാത്തിരിക്കേണ്ടി വന്നു” -സുഹാസിനി പറഞ്ഞു.
1995ൽ 'ഇന്ദിര' എന്ന തമിഴ് സിനിമ സംവിധാനം ചെയ്തു. തമിഴിലും തെലുങ്കിലും ചില ചിത്രങ്ങൾക്ക് സുഹാസിനി തിരക്കഥയെഴുതിയിട്ടുണ്ട്. പൊന്നിയിൻ സെൽവൻ 1 & 2 ചിത്രങ്ങളിലെ നന്ദിനി ദേവിക്ക് (ഐശ്വര്യ റായ്) ശബ്ദം നൽകിയതടക്കം നിരവധി അന്യഭാഷാ നടിമാർക്ക് അവർ ശബ്ദം നൽകിയിട്ടുണ്ട്. കെ. പി. കുമാരൻ സംവിധാനം ചെയ്ത പാലങ്ങൾ ആയിരുന്നു സുഹാസിനിയുടെ ആദ്യ മലയാള ചിത്രം. പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ ഒരു ക്ളാസിക് ആയി കണക്കാക്കപ്പെടുന്നു. മമ്മൂട്ടിയും സുഹാസിനിയും ആദ്യമായി ഒന്നിച്ച ഈ ചിത്രത്തിൽ നായിക എന്ന നിലയിൽ സുഹാസിനിക്ക് ശക്തമായ പ്രകടനത്തിന് അവസരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.