എസ്.എസ്. രാജമൗലി
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ 2: ദി റിവഞ്ച്' എന്ന ചിത്രത്തെ പ്രശംസിച്ച് സംവിധായകൻ എസ്.എസ്. രാജമൗലി. ചിത്രത്തിലെ അഭിനേതാക്കളായ രൺവീർ സിങ്ങിന്റെയും ആർ. മാധവന്റെയും പ്രകടനങ്ങളെയും ആദിത്യ ധറിന്റെ സംവിധാന മികവിനെയും അദ്ദേഹം വാനോളം പുകഴ്ത്തി. ഏകദേശം നാല് മണിക്കൂർ ദൈർഘ്യമുള്ള സിനിമയായിട്ടും പ്രേക്ഷകരെ മുൾമുനയിൽ നിർത്താൻ ചിത്രത്തിന് സാധിച്ചുവെന്നാണ് രാജമൗലിയുടെ അഭിപ്രായം.
‘ഒരു രാജ്യത്തിന്റെ നിസ്സഹായാവസ്ഥയും നിരാശയും നിങ്ങൾ അത്രമേൽ മനോഹരമായി അവതരിപ്പിച്ചു, നിങ്ങളുടെ വിജയം ഞങ്ങളുടേതായി ഞങ്ങൾക്ക് അനുഭവപ്പെട്ടു’ എന്ന് മാധവനെ ടാഗ് ചെയ്തുകൊണ്ട് അദ്ദേഹം കുറിച്ചു. ‘ഷെഡിൽ സഹോദരിയുമായുള്ള രംഗം അഭിനയത്തിലെ ഒരു 'മാസ്റ്റർ ക്ലാസ്' ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഹംസയായും ജസ്കിരത്തായും രൺവീർ പ്രേക്ഷകരെ വിസ്മയിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആദ്യ ഭാഗത്തേക്കാൾ മികച്ചതാണ് രണ്ടാം ഭാഗമെന്നും നാല് മണിക്കൂർ നീളമുള്ള സിനിമ റിലീസ് ചെയ്യാൻ വലിയ ധൈര്യം വേണമെന്നും രാജമൗലി പറഞ്ഞു. തിരക്കഥ, സംഗീതം, സാങ്കേതിക വശങ്ങൾ എന്നിവയെല്ലാം കുറ്റമറ്റതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘വൈകാരികമായ നിമിഷങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന കഥാസന്ദർഭങ്ങളും കോർത്തിണക്കി അതിമനോഹരമായ ഒരു തിരക്കഥയാണ് ഇതിന്റേത്. ആദിത്യ ധർ, നിങ്ങൾ ഈ സിനിമയിലൂടെ ഒരു വമ്പൻ വിജയം തന്നെയാണ് സ്വന്തമാക്കിയിരിക്കുന്നത്. നാല് മണിക്കൂർ ദൈർഘ്യമുള്ള ഒരു സിനിമ നിർമിക്കാനും അത് റിലീസ് ചെയ്യാനും വലിയ ധൈര്യം തന്നെ വേണം. അവസാന നിമിഷം വരെ പ്രേക്ഷകരെ സീറ്റിൽ പിടിച്ചിരുത്താൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്’ എന്നാണ് രാജമൗലി എക്സിൽ കുറിച്ചത്.
'ധുരന്ധർ 2' ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് നടത്തുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 100 കോടി രൂപയിലധികം ചിത്രം നേടി. കൃത്യമായി പറഞ്ഞാൽ 102.55 കോടി രൂപയാണ് ആദ്യ ദിന കലക്ഷൻ. ആകെ കളക്ഷനിൽ 99.10 കോടി രൂപയും ഹിന്ദി പതിപ്പിൽ നിന്നാണ്. തമിഴിൽ 1.16 കോടിയും തെലുങ്കിൽ 2.12 കോടിയും ചിത്രം നേടി. സാങ്കേതിക കാരണങ്ങളാൽ ഷോകൾ വൈകിയ മലയാളം പതിപ്പ് 90 ലക്ഷം രൂപയും കന്നഡ പതിപ്പ് 80 ലക്ഷം രൂപയും സ്വന്തമാക്കി. 2025 ഡിസംബറിൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ആദ്യ ദിനം 27 കോടിയാണ് നേടിയിരുന്നത്. അതിന്റെ നാല് മടങ്ങ് അധികം നേട്ടമാണ് രണ്ടാം ഭാഗം ആദ്യ ദിനം തന്നെ കൊയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.