എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം 'വാരാണസി' തിയറ്ററുകളിൽ എത്താൻ ഇനിയും ഒരു വർഷത്തോളം കാത്തിരിക്കണം. കഴിഞ്ഞ നവംബറിൽ പുറത്തുവിട്ട ടീസറിലൂടെയും അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിലൂടെയും ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിശേഷങ്ങൾ രാജമൗലി പങ്കുവെച്ചിരിക്കുകയാണ്. മിത്തോളജിക്ക് വലിയ പ്രാധാന്യമുള്ള സിനിമയാണ് 'വാരാണസി' എന്ന് ടീസർ സൂചിപ്പിച്ചിരുന്നു. തന്റെ എല്ലാ സിനിമകളും രാമായണത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണെന്നും ഈ ചിത്രത്തിൽ രാമായണത്തിലെ ഒരു പ്രത്യേക ഭാഗം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും രാജമൗലി വെളിപ്പെടുത്തി.
‘എന്റെ എല്ലാ സിനിമകളും രാമന്റെ ഇതിഹാസങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഈ സിനിമയിൽ രാമായണത്തിൽ നിന്നുള്ള ഒരു യഥാർത്ഥ എപ്പിസോഡ് എടുത്ത് അവതരിപ്പിക്കാൻ എനിക്ക് അവസരമുണ്ട്. രാമന്റെ മുഴുവൻ കഥയും നിങ്ങൾക്ക് മനസ്സിലായേക്കില്ല. പക്ഷേ അതിന് വേണ്ടി പുരാണ കഥ പഠിക്കേണ്ട ആവശ്യമില്ല. കഥാപാത്രങ്ങളുടെ വികാരങ്ങൾ നിങ്ങൾ മനസ്സിലാക്കിയാൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. രാമന്റെയും ദശരഥന്റെയും ബന്ധത്തെ പോലെ തന്നെ ഒരു അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് വാരാണസി. രാമായണത്തെക്കുറിച്ച് മുൻധാരണകൾ ഇല്ലാത്തവർക്കും ഈ സിനിമ ആസ്വദിക്കാൻ സാധിക്കും. കഥാപാത്രങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞാൽ പ്രേക്ഷകർക്ക് സിനിമയുമായി പെട്ടെന്ന് കണക്റ്റ് ചെയ്യാൻ പറ്റും. അത് ഒരു കഥാകാരൻ എന്ന നിലയിൽ എന്റെ ഉത്തരവാദിത്തമാണ്’ -രാജമൗലി പറഞ്ഞു.
രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് വാരാണസി. ആര്‍ആര്‍ആറിന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രിയങ്ക ചോപ്രയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. രുദ്ര എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മഹേഷ് ബാബു എത്തുന്നത്.
1,300 കോടി രൂപ ബജറ്റിൽ നിർമിക്കുന്ന ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമകളിലൊന്നാണ്. സിനിമയുടെ ഭൂരിഭാഗവും വാരണാസിയുടെ പശ്ചാത്തലത്തിലാണെങ്കിലും ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ 50 കോടി രൂപ ചെലവിൽ വാരണാസി നഗരത്തിന്റെ കൂറ്റൻ സെറ്റ് നിർമിച്ചാണ് ചിത്രീകരണം നടത്തുന്നത്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.