ക്രിസ്റ്റഫർ നോളൻ

‘ഇനി മൂന്ന് വർഷത്തേക്ക് സിനിമയില്ല; മികച്ച കഴിവുകളെല്ലാം ഒഡീസിക്കായി നൽകി കഴിഞ്ഞു’- ക്രിസ്റ്റഫർ നോളൻ

പ്രശസ്ത ഹോളിവുഡ് സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ അടുത്ത ചിത്രത്തിനായി ആരാധകർ ഇനി കുറഞ്ഞത് മൂന്ന് വർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. തന്റെ ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ ‘ദ ഒഡീസി’യുടെ ചിത്രീകരണം തന്റെയും ക്രൂവിന്റെയും ശാരീരികവും മാനസികവുമായ ഊർജ്ജത്തെ പൂർണ്ണമായും തീർത്തു കളഞ്ഞെന്നും, അതിനാൽ സിനിമാനിർമാണത്തിൽ നിന്ന് ഒരു ഇടവേളയെടുക്കാൻ ഒരുങ്ങുകയാണെന്നും നോളൻ വെളിപ്പെടുത്തി. മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് താരം സിനിമയുടെ ചിത്രീകരണ അനുഭവങ്ങളും ഇടവേളയെടുക്കാനുള്ള കാരണവും വ്യക്തമാക്കിയത്.

‘എന്റെ സ്വന്തം കഴിവിന്റെയും മറ്റുള്ളവരുടെ കഴിവിന്റെയും പരാമവധി ഞാനെടുത്തിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നു. ഇത് ഒഡീസിയാണ്. തീർച്ചയായും അത് ബുദ്ധിമുട്ടുള്ളതായിരിക്കും. ഒഡീസി പോലെയൊരു സിനിമ എടുക്കുന്നത് ബുദ്ധിമുട്ടായി തോന്നുന്നില്ലെങ്കിൽ, ആ സിനിമ ഞങ്ങൾ ശരിയായ രീതിയിൽ അല്ല നിർമിക്കുന്നത് എന്ന് പറയേണ്ടി വരും’ നോളൻ പറഞ്ഞു.

സിനിമയുടെ ചിത്രീകരണം ഇത്രയധികം ആയാസകരമാക്കിയതിൽ പ്രധാന പങ്ക് വഹിച്ചത് സാങ്കേതികമായി നോളൻ എടുത്ത വിപ്ലവാത്മകമായ തീരുമാനമായിരുന്നു. ചരിത്രത്തിലാദ്യമായി ഒരു ഫീച്ചർ സിനിമ പൂർണ്ണമായും ലാർജ് ഫോർമാറ്റ് കാമറകളിൽ പകർത്തിയാണ് ഒഡീസി ഒരുക്കിയിരിക്കുന്നത്.

ഷൂട്ടിങ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാൻ താൻ ഉറപ്പിച്ചിരുന്നുവെന്ന് നോളൻ ഓർത്തെടുത്തു. ‘പൂർണ്ണമായും ലാർജ് ഫോർമാറ്റിൽ ഒരു സിനിമ ചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഇതിലും അനുയോജ്യമായ മറ്റൊരു പ്രോജക്റ്റ് ഇല്ല. കാരണം ഇത് 'ദ ഒഡീസി' ആണ് അദ്ദേഹം വ്യക്തമാക്കി. ഈ സാങ്കേതിക മികവും അത് ആവശ്യപ്പെട്ട കഠിനാധ്വാനവുമാണ് സംവിധായകനെ താൽക്കാലികമായി സിനിമയിൽ നിന്ന് മാറിനിൽക്കാൻ പ്രേരിപ്പിച്ചത്.

കഠിനമായ ഷെഡ്യൂളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു ചിത്രീകരണമെങ്കിലും, താൻ എടുത്ത തീരുമാനങ്ങളിൽ നോളന് ഒട്ടും പശ്ചാത്താപമില്ല. വലിയ ബജറ്റ് ചിത്രങ്ങളിൽ ഹോളിവുഡ് സ്റ്റുഡിയോകൾ പുലർത്തുന്ന അമിത ജാഗ്രതയെ അദ്ദേഹം വിമർശിച്ചു. സിനിമകളെയും സിനിമാ ചരിത്രത്തെയും ഗൗരവമായി കാണുന്നവർക്ക് ഒരു കാര്യം വ്യക്തമായി മനസ്സിലാകും.  വിജയിക്കാൻ നിങ്ങൾ റിസ്കുകൾ ഏറ്റെടുത്തേ പറ്റൂ. സുരക്ഷിതമായി മാത്രം കാര്യങ്ങൾ ചെയ്യുക എന്നതാണ് ഏറ്റവും വലിയ റിസ്ക്. പ്രേക്ഷകർ എപ്പോഴും പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നവരാണ്.

Tags:    
News Summary - Christopher Nolan to Take 3-Year Break

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.