ശ്രീലീല
നടി ശ്രീലീലയുടെ ആർത്തവത്തെ കുറിച്ചുള്ള പരാമർശം വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വഴിതെളിച്ചിരിക്കുകയാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആർത്തവം ഒരു കാരണമായി കാണരുത് എന്ന നടിയുടെ പ്രസ്താവനയാണ് സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധത്തിന് കാരണമായത്. ഇതോടെ താരത്തിന്റെ എം.ബി.ബി.എസ് ബിരുദത്തിന്റെ കാര്യത്തിൽ പോലും ആളുകൾ സംശയം പ്രകടിപ്പിച്ചു തുടങ്ങി.
‘എന്റെ ഒട്ടുമിക്ക പാട്ടുകളും ആളുകൾക്ക് ഇഷ്ടപ്പെട്ടവയാണ്. പല പാട്ടുകളുടെയും ഷൂട്ടിങ് നടന്നത് എനിക്ക് പീരിയഡ്‌സ് ഉള്ള സമയത്താണ്. അതുകൊണ്ട് തന്നെ അതൊരു ഒഴികഴിവായി പറയാൻ കഴിയില്ല. സ്ത്രീകൾക്ക് തുല്യ അധികാരം വേണമെന്ന് നമ്മൾ പറയുമ്പോൾ, ശാരീരികമായ പരിമിതികൾക്ക് അപ്പുറം നമ്മൾ ചിന്തിക്കണം. ശാരീരികമോ മാനസികമോ ആയ ബുദ്ധിമുട്ടുകൾ ഒന്നിനും തടസ്സമാകരുത്’-ശ്രീലീല പറഞ്ഞു. പവൻ കല്യാൺ നായകനായ 'ഉസ്താദ് ഭഗത് സിങ്' എന്ന ചിത്രത്തിന്റെ വിജയഘോഷ പരിപാടിയിലാണ് ശ്രീലീല വിവാദപരമായ ഈ പരാമർശം നടത്തിയത്.
ശ്രീലീലയുടെ ഈ പ്രസംഗം വൈറലായതോടെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നത്. ഡി.വൈ പാട്ടീൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ ഒരാൾക്ക് എങ്ങനെ ഇത്രയും അബദ്ധം പറയാൻ കഴിയുന്നു എന്നാണ് പലരും ചോദിക്കുന്നത്. ഇവർ ഒരു വ്യാജ ഡോക്ടറാണ്. ഡോക്ടറാണെങ്കിൽ മറ്റുള്ളവരോട് അല്പമെങ്കിലും സഹാനുഭൂതി കാണിക്കില്ലേ? ഇവർ ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞയല്ല മറിച്ച് കപടനാട്യക്കാരുടെ സത്യപ്രതിജ്ഞയാണ് എടുത്തത്.
പണവും സ്വാധീനവും ഉള്ളതുകൊണ്ട് ബിരുദം കിട്ടിയ ഒരാളെ ഡോക്ടർ എന്ന് വിളിക്കരുത്. അഞ്ചാറ് വർഷം കഠിനാധ്വാനം ചെയ്ത് പഠിച്ചവർക്ക് ഇതിന്റെ ബുദ്ധിമുട്ട് അറിയാം. സ്ത്രീകൾ ആർത്തവത്തെ ഒരു ഒഴികഴിവായി കാണുന്നില്ല. അങ്ങനെയാണെങ്കിൽ മാസത്തിൽ നാല് ദിവസം ആരും ജോലിക്ക് പോകില്ലായിരുന്നു. താൻ മാത്രമാണ് വലിയ കാര്യം ചെയ്യുന്നത് എന്ന തരത്തിലുള്ള ശ്രീലീലയുടെ ഈ സംസാരം അംഗീകരിക്കാനാവില്ല. എന്നിങ്ങനെ നീളുന്നു കമന്‍റുകൾ.
വിജയഘോഷം നടത്തിയെങ്കിലും 'ഉസ്താദ് ഭഗത് സിങ്' ബോക്‌സ് ഓഫീസിൽ പരാജയമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 150 കോടി രൂപ ചിലവിൽ നിർമിച്ച ചിത്രം ഇതുവരെ 96.54 കോടി രൂപ മാത്രമാണ് നേടിയത്. ഇതേസമയം റിലീസ് ചെയ്ത 'ധുരന്ധർ 2' എന്ന ചിത്രത്തിനാണ് തെലുങ്ക് സംസ്ഥാനങ്ങളിൽ കൂടുതൽ പ്രേക്ഷക പിന്തുണ ലഭിച്ചത്.
ആർത്തവം ഓരോ സ്ത്രീയിലും വ്യത്യസ്തമായാണ് അനുഭവപ്പെടുക എന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ‘ആർത്തവവും ജോലിയും തമ്മിലുള്ള ബന്ധം വളരെ സങ്കീർണ്ണമാണ്. ചില സ്ത്രീകൾക്ക് യാതൊരു ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകാറില്ല. എന്നാൽ മറ്റു ചിലർക്ക് കഠിനമായ വേദനയും അമിത രക്തസ്രാവവും അനുഭവപ്പെടാറുണ്ട്. അങ്ങനെയുള്ളവർക്ക് വിശ്രമവും മെഡിക്കൽ ലീവും അത്യാവശ്യമാണ്’- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ റിസർച്ച് സെൽ കൺവീനർ ഡോ. രാജീവ് ജയദേവൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.